പുല്‍പ്പള്ളി : ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമിയും വീടും നല്‍കുന്ന ആശിക്കും ഭൂമി ആദിവാസിക്ക് എന്ന പദ്ധതിയുടെ മറവില്‍ ലക്ഷങ്ങളുടെവെട്ടിപ്പ്. ഭരണമുന്നണിയിലെ പ്രമുഖ കക്ഷിയിലെ പ്രാദേശിക നേതാവിന്റെ ബന്ധുവിന്റെ പേരിലുള്ള അഞ്ച് ഏക്കറോളം ഭൂമിയാണ് പാടിച്ചിറ വില്ലേജിലെ പറോട്ടിക്കവലയില്‍ പണിയ വിഭാഗത്തില്‍ പ്പെട്ട 12 കുടുംബങ്ങള്‍ക്കായി പതിച്ചു നല്‍കിയത്. പൊതുവെ ഭൂമിക്ക് വിലക്കുറവുള്ള ഈ പ്രദേശത്ത് ആശിക്കും ഭൂമി പദ്ധതിയില്‍ സര്‍ക്കാര്‍ നല്‍കുന്ന പരമാവധി വില ഈടക്കിക്കൊണ്ടണ് ഒരു കോടിയിലേറെ വില കണക്കാക്കി ഈ ഭൂമി ആദിവാസികള്‍ക്ക് ചാര്‍ത്തിക്കൊടുത്തത്. മുറിച്ച് നീക്കാറായ റബര്‍ തോട്ടവും അതിനോട് ചേര്‍ന്ന ചതുപ്പ് നിലങ്ങളുമാണ് ഇങ്ങനെ പതിച്ച് നല്‍കിയത്. ഡിസിസി പ്രസിഡണ്ടിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ നേതാവാണ് ഈ ഇടപാടിലെ ഏറ്റവും വലിയ ഗുണഭോക്താവ്.
അഞ്ച് മാസം മുന്‍പ് കാപ്പിസെറ്റ് ഗവ .ഹൈസ്‌കൂളില്‍ വച്ച് ആശിക്കും ഭൂമി പദ്ധതിയില്‍ വീട് അനുവദിച്ച് കിട്ടിയ എണ്‍പതിലേറെ കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിലായ ആദ്യ ഗടുവായ 37500 രൂപ വീതമുള്ള ചെക്ക് സ്ഥലം എംഎല്‍എ വിതരണം ചെയ്തതാണ്. ഇതില്‍ ആനപ്പാറ കുളത്തൂര്‍ പണിയ കോളനിയില്‍പ്പെട്ട 12 പണിയ കുടുംബങ്ങള്‍ക്ക് പറോട്ടിക്കവലയില്‍ വീട് നിര്‍മ്മിക്കുന്നതിന് ലഭിച്ച ചെക്കുകള്‍ ഭരണകക്ഷി സംസ്ഥാന നേതാവിന്റെ ആശ്രിതനായ കരാറുകാരനും കരസ്ഥമാക്കി. ഇതിന് ചില ആദിവാസി സംഘടനാ നേതാക്കളും ആവശ്യമായ ഒത്താശകള്‍ ചെയ്ത് കൊടുത്തതായാണ് അറിയുന്നത്. 12 കുടുംബങ്ങള്‍ക്കും ഇതുവരെയായി വീടുനിര്‍മ്മാണത്തിനുള്ള ഒരു ഏര്‍പ്പാടും ചെയ്തിട്ടുമില്ല. ഇതിനിടിയില്‍ ഇവിടെ ഭവന നിര്‍മ്മാണത്തിനെന്ന പേരില്‍ ജെസിബി ഉപയോഗിച്ച് ലക്ഷങ്ങള്‍ വിലപിടിപ്പുള്ള മരങ്ങള്‍ മുറിച്ച് കടത്തി. ഡിസിസി നേതാവിന്റെ ബിനാമിയായ ഭൂമി ഇടുപാടുകാരന്‍ നേതാവും സംസ്ഥാന നേതാവിന്റെ ആശ്രിതനായ കരാറുകാരനും പരസ്പരം പഴിചാരി മരം മുറിച്ച് കടത്തിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ്മാറുകയാണ്.
ഭവന നിര്‍മ്മാണത്തിന്റെ ആദ്യഗഡു ധനസഹായം വിതരണം ചെയ്യാന്‍ കാപ്പിസെറ്റിലൊരുക്കിയ പൊതുപരിപാടിയടെ നടത്തിപ്പുകാര്‍ ആദിവാസി ഭവനനിര്‍മ്മാണ പദ്ധതികളില്‍ കാലാകലങ്ങളായി ക്രമക്കേടുകള്‍ നടത്തുന്ന കരാറുകാരായിരുന്നുവെന്ന് അന്നേ ആക്ഷേപമുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ ജില്ലാ-സംസ്ഥാന നേതാക്കളും സ്ഥലം എംഎല്‍എയും അടങ്ങുന്ന ഒരു സംഘത്തിന്റെ കറവപശുവായി ആശിക്കും ഭൂമി ആദിവാസിക്ക് എന്ന പദ്ധതി മാറിക്കഴിഞ്ഞിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: