വണ്ടിപ്പെരിയാര്‍ : ഡ്രൈഡേയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിവന്ന വണ്ടിപ്പെരിയാര്‍ മ്ലാമല പ്രിയദര്‍ശിനി കോളനിയില്‍ മലയില്‍ വീട്ടില്‍ കുഞ്ഞുകുട്ടിയുടെ ഭാര്യ ബേബി (58) തേങ്ങാക്കല്‍ പള്ളിക്കട കരയില്‍ കക്കാടന്പള്ളിയില് അനുമോന് (30) എന്നിവര്‍ വണ്ടിപ്പെരിയാര്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായി. ബേബി പ്രിയദര്‍ശിനി കോളനിയില്‍ നടത്തിവരുന്ന കടമുറിയില്‍ വച്ച് മദ്യവില്‍പ്പന നടത്തിവരവെയാണ് പിടിയിലായത്. കടയുടെ അടിയിലത്തെ നിലയിലുള്ള ബാത്ത്റൂമില്‍ തറയില്‍ ഇളക്കി മാറ്റാവുന്ന തരത്തില്‍ നിര്‍മ്മിച്ചിട്ടുള്ള ടൈല്സിനടിയിലുള്ള രഹസ്യ അറയില്‍ നിന്നും കൂടുതല്‍ മദ്യം കണ്ടെടുത്തു. അനുമോന് പള്ളിക്കട എസ്റ്റേറ്റ് ലയത്തില്‍ മദ്യവില്‍പ്പന നടത്തുന്നതിനിടെയാണ് പിടിയിലായത്. രണ്ട് പേരില്‍ നിന്നും 7 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി. വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സി.കെ സുനില്‍രാജ്, പ്രിവന്റീവ് ഓഫീസര്‍ സേവ്യര്‍ പി.ഡി., രാജ്കുമാര് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: