കേരളത്തിലും വിദേശത്തുനിന്നുമുള്ള അപൂര്‍വയിനം സസ്യങ്ങളുടെ വന്‍ ശേഖരവുമായി അമ്പിളി നാട്ടുകാര്‍ക്ക് അഭിമാനമാകുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, ഔഷധ സസ്യങ്ങള്‍ തുടങ്ങി വിവിധതരം തൈകളും വിത്തുകളും എല്ലാം സ്വന്തം വീട്ടുപറമ്പില്‍ വിളയിക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയാണ് തിരുവനന്തപുരം വെഞ്ഞാറമൂട് അയിലൂര്ക്കോണത്ത് പുത്തന്‍ വീട്ടില്‍ അമ്പിളിയും കുടുംബവും. വീട്ടിലേക്കാവശ്യമുള്ള പഴങ്ങളും പച്ചക്കറികളും വിളയിക്കുകമാത്രമല്ല ഈ വീട്ടമ്മ ചെയ്യുന്നത്.
ഓരോതരം പഴങ്ങളുടെയും പച്ചക്കറികളുടെയും കേരളത്തിലും വിദേശത്തുമുള്ള ഇനങ്ങള്‍ സ്വന്തം പറമ്പില്‍ നട്ടുപിടിപ്പിക്കുന്നു. അതില്‍ പ്രത്യേകം താല്പര്യമെടുക്കുകയും ആനന്ദം കണ്ടെത്തുകയും ചെയ്യുകയാണ് ഈ വീട്ടമ്മ. വിവിധ മേളകളില്‍ തന്റെ ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനം നടത്തി പ്രകൃതിസ്നേഹികളുടെ പ്രശംസയ്ക്കും അമ്പിളി പാത്രമായിട്ടുണ്ട്. നമ്മുടെ രാജ്യത്തെ കാലാവസ്ഥയില്‍ വളരുന്ന എല്ലാ ഇനം പഴം, പച്ചക്കറികളും അമ്പിളിയുടെ വീട്ടുപറമ്പിലുണ്ട്.
രണ്ടര ഏക്കറില്‍ അപൂര്‍വ ഇനത്തില്‍പ്പെട്ട ചെടികളാണ് വച്ചു പിടിപ്പിച്ചിട്ടുള്ളത്. മിറാക്കിള്‍ ഫ്രൂട്ട്, വിവിധ ഇനം പപ്പായ, മുട്ടിപ്പഴം, ചൈനീസ് ഓറഞ്ച്, വാസനപ്പാക്ക്, റംമ്പുട്ടാന്, തായ്ലാന്റ് മുളക്, മലേഷ്യ,ശ്രീലങ്ക എന്നീ രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലും മാത്രം വളരുന്നതും എന്നാല്‍ നമ്മുടെ കാലാവസ്ഥയ്ക്ക് യോജിക്കുന്നതുമായ സസ്യങ്ങള്‍ വരെ ഈ പറമ്പില്‍ വിളയിക്കുന്നു. ഓണ്‍ലൈന്‍ വഴി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളില്‍നിന്ന് ബഡ് ചെയ്ത ചെടികള്‍ നാട്ടില്‍ എത്തിച്ചാണ് അപൂര്‍വ ഇനം ചെടികള്‍ വളര്ത്താനായതെന്ന് അമ്പിളി പറയുന്നു. വീട്ടില്‍ വളര്ത്തുകമാത്രമല്ല ഓണ്‍ലൈന്‍ ഗ്രൂപ്പ് വഴി ആവശ്യമുള്ളവര്‍ക്ക് വിവിധ രാജ്യങ്ങളിലെ പഴം-പച്ചക്കറികളും എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു.
ഔഷധസസ്യങ്ങളുടെയും പഴം-പച്ചക്കറികളുടെയും ശേഖരം ഒരുക്കുന്നതിന് പിന്നില്‍ ഭര്‍ത്താവിന്റെയും മക്കളുടെയും സഹകരണവും സഹായവും ഉണ്ടെന്ന് അമ്പിളി പറയുന്നു. ഹോമിയോ ഡോക്ടറായ ഭര്‍ത്താവ് ഉത്തമനാണ് വിവിധതരം സസ്യങ്ങള്‍ ആദ്യം ശേഖരിച്ചു തുടങ്ങിയത്. പിന്നീട് അമ്പിളിയും മക്കളായ അനീഷും മനീഷും ചെടികളും വിത്തുകളും ശേഖരിക്കുന്നതിലും വേണ്ട സഹായം നല്‍കിത്തുടങ്ങി. ഇപ്പോള്‍ അമ്പിളിക്ക് പുതിയ സസ്യങ്ങള്‍ ശേഖരിച്ച് നട്ടുപിടിപ്പിക്കുക ഒരു ഹരമായിമാറിയിരിക്കുന്നു. ചെടികളുടെ പട്ടിക വിവരിച്ചാല്‍ തീരില്ല. ഏകദേശം 250 ല്‍ പരം വിവിധതരം ചെടികളുണ്ട് അമ്പിളിയുടെ തോട്ടത്തില്‍.
നെല്ലിയുടെ കുടുംബത്തില്‍പ്പെടുന്ന മുട്ടിപ്പഴം, പഴമായും പച്ചക്കറിയായും ഉപയോഗിക്കാവുന്ന ആകാശവെള്ളരി, ആഫ്രിക്കക്കാരനായ മുള്ളന്‍ വെള്ളരി, മങ്കോസ്റ്റിന്, ചൈനീസ് ഓറഞ്ച്, മുസമ്പി, സപ്പോട്ട, ഇന്ത്യന്‍ ആപ്പിള്‍, റംമ്പൂട്ടാന്, അത്തി എന്നിവ അവയില്‍ ചിലത് മാത്രം.
തായ്ലാന്റ് ചാമ്പ, പമീലോ, ഡുറിയാന്‍, സാന്റോള്‍, ലോഗന് എന്നിവ തായ്ലന്റില് നിന്നെത്തിച്ചവയാണ്. സാന്റോളിന്റെ തൊലി, ഇല എന്നിവ കാന്‍സറിനെയും പൊള്ളലിനെയും പ്രതിരോധിക്കുന്നു. മിറാക്കിള്‍ ഫ്രൂട്ട് കഴിച്ചാല്‍ മൂന്ന് മണിക്കൂര്‍വരെ അത്ര കയ്പും പുളിപ്പും മധുരവുമായി അനുഭവപ്പെടും. കീമോ കഴിഞ്ഞ രോഗികള്‍ക്ക് ഇത് നല്‍കുന്നുണ്ട്. ഇത്തരത്തിലുള്ള ഉപയോഗങ്ങളെല്ലാം വിശദീകരിച്ചു തരുന്നതും അമ്പിളി തന്നെയാണ്.
ഇരുപതോളം മാങ്ങായിനങ്ങളുണ്ട്. ചൈനീസ് പേര, മുന്തിരി പേര എന്നിങ്ങനെ പത്തിനം പേരയും ശേഖരത്തിലുണ്ട്. 1994 മുതല്‍ റംമ്പൂട്ടാന് ഈ വീട്ടുമുറ്റത്തുണ്ട്. ബംഗളൂരുവിലും അട്ടപ്പാടിയിലും മലപ്പുറത്തും നേരിട്ട് പോയി കൊണ്ടുവന്നതാണ് പല സസ്യങ്ങളും. ഭസ്മക്കദളി, ചാരപ്പടറ്റി, വിരൂപാക്ഷി എന്നിങ്ങനെ മുപ്പതിനം വാഴകളും സമൃദ്ധമായി നില്ക്കുന്നു.
പാലോട് വാഴ ഗവേഷണ കേന്ദ്രത്തില്‍ നിന്നെത്തിച്ചവയാണ് അവയില്‍ ചിലത്. ഏലം, ജാതി, ഗ്രാമ്പു എന്നീ സുഗന്ധ വ്യഞ്ജനങ്ങള്‍ക്ക് പുറമെ മുകേലി, വേങ്ങ, ദന്തപ്പാല, തിപ്പലി, സര്‍പ്പഗന്ധി എന്നീ ഔഷധ സസ്യങ്ങളുണ്ട്. പഴങ്ങളില്‍ ഒരു പങ്ക് പക്ഷികള്‍ക്ക് കൂടി മാറ്റിവയ്ക്കാന്‍ ഇവര്‍ക്ക് മടിയില്ല. അവക്ക് കൂടി പഴങ്ങള്‍ നിലനിര്‍ത്തുന്നു. ജൈവവൈവിധ്യത്തിനു പുറമെ ജന്തുവൈവിധ്യത്തിനും ഇത് വഴിയൊരുക്കുന്നുണ്ട്.
ഇഞ്ചിക്കാച്ചില്‍, വയലറ്റ് കാച്ചില് തുടങ്ങി 5 നം കാച്ചില്, റംമ്പുട്ടന്‍ 6 ഇനം, ഒടിച്ചുകുത്തി നാരകം, ഗണപതി നാരകം തുടങ്ങി കേരളത്തില്‍ കാണപ്പെടുന്ന എല്ലാ ഇനം നാരകങ്ങള്‍,
തായ്ലന്റ് മുളക് ഉള്‍പ്പെടെ 25ല്‍ പരം മുളകുകള്‍, 50 ല്‍പരം വാഴകള്‍, 14 അടി പൊക്കമുള്ള ഒരു വര്‍ഷത്തിനുശേഷം മാത്രം പൂക്കുന്ന ചീര, രംഭച്ചീര, കേശച്ചീര എന്നിങ്ങനെ പതിനഞ്ചോളം വ്യത്യസ്തമാര്‍ന്ന നിരവധി ചീരകള്‍, ആകാശ വെള്ളരി,തായ്ലന്റ് കത്തിരി, പൊതിക്കത്തിരി, പിള്ള വഴുതന, സീബ്രാപയര്, മൂത്രത്തില്‍ കല്ല് എന്ന അസുഖം മാറാനുള്ള കല്ലുരുക്കി, വാത സംബന്ധമായ അസുഖങ്ങള്‍ക്കുള്ള കരിംകുറിഞ്ഞി, മുടി കൊഴിച്ചിലിനുള്ള ചങ്ങലംപറണ്ട, പ്രമേഹത്തിനുള്ള പഞ്ചാരക്കൊല്ലി, കാന്‍സറിനുള്ള ലക്ഷ്മിതരു തുടങ്ങി ഔഷധസസ്യങ്ങളുടെ വന്‍ശേഖരംതന്നെ അമ്പിളിയുടെ വീട്ടുമുറ്റത്തുണ്ട്. അമ്പിളിയുടെ വീട്ടിലെ സസ്യശേഖരം കാണാനും സസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മനസിലാക്കാനും ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ആള്ക്കാര് എത്താറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: