പാലക്കാട്: കൊയ്യാന്‍ പാകമായ നെല്‍പ്പാടങ്ങളില്‍ തീറ്റതേടി കുഞ്ഞാറ്റക്കിളികള്‍ എത്തിതുടങ്ങി. കതിര്‍നിരന്ന നെല്‍വയലുകള്‍ക്കു ചുറ്റുമുള്ള തെങ്ങോലകളിലും കരിമ്പനപട്ടകളിലുമൊക്കെ ഇനി കുഞ്ഞാറ്റകളുടെ മനോഹര കൂടുകള്‍ കാണാം. തെങ്ങോലകള്‍ കാറ്റിലാടുമ്പോള്‍ നീളത്തിലുള്ള ഈ കുടുകളും ആടിയുലയും.
എല്ലാ ഓണസീസണിലും കതിര്‍ക്കുലകള്‍ നിറഞ്ഞ പാടങ്ങളില്‍ കൂട്ടത്തോടെ ഇവ എത്താറുണ്ട്. വയല്കരകളിലെ മരങ്ങളിലാകും ഇവ കൂടൊരുക്കുക.കൂടൊരുക്കാനുള്ള കിളികളുടെ കലാപിലാരവങ്ങള് അന്യമാകുന്ന കൊയ്ത്തുപാട്ടിന്റെ ഓര്മുപുതുക്കല് കൂടിയാണ്. കിളികളുടെ ഹരിതഭൂമികയില് പാലക്കാടന്‍ നെല്ലറയ്ക്കിന്നും വലിയ സ്ഥാനമുണ്ട്.
അമ്പതും നൂറും എണ്ണം വരുന്ന കിളികളുടെ സംഘമാണ് തെങ്ങുകളില്‍ ചേക്കേറുക. വടക്കഞ്ചേരി ചുണ്ടക്കാടുള്ള കനാല്വരമ്പത്തെ തെങ്ങുകളില്‍ പതിവുതെറ്റിക്കാതെ ഇക്കുറിയും കുഞ്ഞാറ്റക്കൂട്ടമെത്തി. നെല്‍വയലിലേക്ക് കണ്ണുംനട്ടിരിക്കാന്‍ പറ്റുംവിധമാണ് പച്ചപ്പട്ടകളില് ഇവ കൂടുണ്ടാക്കുക.
കൂടുനിര്‍മിക്കാന്‍ പഴുത്തുനില്ക്കുന്ന പട്ടകള് ഒഴിവാക്കും. ഒന്നു രണ്ടുമാസത്തെ കൂടിന്റെ സംരക്ഷണം കണക്കിലെടുത്താണ് ഈ മുന്‍കരുതല്‍. കാക്കകള്‍ കയറി ശല്യം ചെയ്യാതിരിക്കാനും കൂടുനിര്‍മാണത്തില്‍ സൂത്രവിദ്യകളുണ്ട്. വ്യാസം കുറവുള്ള വാലുപോലുള്ള കൂടുകള്‍ നിര്‍മിച്ചാണ് കാക്കകളെ അകറ്റുക. താഴെ ഭാഗത്തെ ദ്വാരത്തിനടിയിലൂടെയാണ് കുഞ്ഞാറ്റകള്‍ കൂട്ടിലേക്കു കയറുക.രണ്ടും മൂന്നും തട്ടുകളുള്ള കൂടുകളുമുണ്ട്. ഒരു പക്ഷേ മനുഷ്യന് ചിന്തിക്കാന്‍പോലും കഴിയാത്ത അദ്ഭുതകാഴ്ചയാണ് ഈ ചെറുകിളികളുടെ കൂടുനിര്‍മാണം.ചെറിയ കൊക്കുകൊണ്ട് വിവിധ നാരുകളുണ്ടാക്കിയാണ് അതിമനോഹരമായ കൂടൊരുക്കുന്നത്. കുടുണ്ടാക്കിയാല് പിന്നെ ഇവ കൂട്ടുകൂടലിന്റെ തിരക്കുകളിലാകും. കലപില കൂട്ടി വാനില്‍ തുമ്പികള്‍ പാറിപ്പറക്കുംമട്ടിലാണ് ഇവ നെല്പാടങ്ങളില് പാറിപറക്കുക.ചിങ്ങകൊയ്ത്ത് അവസാനിക്കുന്നതോടെ കുഞ്ഞാറ്റകളും കൂടുവിട്ടു മറ്റുദേശങ്ങളിലേക്കുപോകും. കൂടുവിടുമ്പോള്‍ ഓരോ കൂട്ടിനുള്ളില്‍നിന്നും മൂന്നോ നാലോ കുഞ്ഞുകൂഞ്ഞാറ്റകളും പറന്നുയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: