മാനന്തവാടി : മാനന്തവാടിയിലെ ജില്ലാആശുപത്രിയില്‍ ഡോക്ടര്‍മാരില്ലാതെ ഒപി മുടങ്ങുന്നത് പതിവാകുന്നു. ആശുപത്രിയില്‍ ആകെ വേണ്ടത് 55 ഡോക്ടര്‍മാരാണ്. നിലവിള്ളുത് 15 മാത്രം. ഇതില്‍ അഞ്ച്പേര്‍ അത്യാഹിതവിഭാഗത്തിലുമാണ്. ബാക്കിയുള്ള പത്ത് ഡോക്ടര്‍മാര്‍ വാര്‍ഡുകളിലെത്തി രോഗികളെ പരിശോധിച്ച് കഴിയുമ്പോഴേക്കും നേരം പത്തര കഴിയും. അതോടെ ഒപി ക്കുമുന്പില് ചികിത്സക്കായെത്തുന്നവര് ദുരിതത്തിലാകും. 15 എന്‍ആര്‍എച്ച്എം ഡോക്ടര്‍മാരെ നിയമിച്ചെങ്കിലും ഒരാള്‍മാത്രമാണ് ചാര്‍ജെടുത്തത്. അതുകൊണ്ടുതന്നെ ഉള്ള ഡോക്ടര്‍മാര്‍ കഠിനദ്ധ്വാനം ചെയ്താണ് രോഗികളെ പരിശോധിക്കുന്നത്. അമിതജോലിഭാരം മൂലം ഇവരില്‍ പലരും ലീവെടുക്കാനുള്ള തയ്യാറെടുപ്പിലുമാണ്. ഇതിനെല്ലാംപുറമെ സൂപ്രണ്ടും മാസങ്ങളായി അവധിയിലാണ്. ഇന്‍ചാര്‍ജുള്ള ഡോക്ടറും ഇന്നലെ അവധിയിലായിരുന്നു. ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ അധികൃതര്‍ കാണിക്കുന്ന അലംഭാവത്തിന്റെ തിക്തഫലം പേറുന്നത് പാവപ്പെട്ട രോഗികളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: