കൊച്ചി: രാജ്യത്ത് വരുംനാളുകള്‍ പരീക്ഷണ ടൂറിസത്തിന്റേതായിരിക്കുമെന്ന് കേന്ദ്ര ടൂറിസം ജോയിന്റ് സെക്രട്ടറി ബി.സുമന്. വ്യത്യസ്ത അനുഭവങ്ങളും വിഭവങ്ങളും ആസ്വദിക്കുകയാണ് സഞ്ചാരികളുടെ ലക്ഷ്യം.
ഗ്രാമീണ ടൂറിസത്തിന് ഇതില്‍ വലിയ പങ്കുവഹിക്കാനാകുമെന്നും പരീക്ഷണ ടൂറിസം മേഖലയില്‍ ഹോം സ്റ്റേകള്‍ അടിസ്ഥാനഘടകമായിരിക്കുമെന്നും സുമന് പറഞ്ഞു. കൊച്ചി ബോള്‍ഗാട്ടി പാലസ് കണ്വന്ഷന് സെന്ററില്‍ ത്രിദിന ഹോം സ്റ്റേ ഗ്രാമീണ ടൂറിസം ട്രാവല്‍ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരേ സൗകര്യവും വികാരവുമാണ് ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ലഭ്യമാകുക. എന്നാല്‍ വിഭിന്നമായ സാഹചര്യമാണ് ഹോംസ്റ്റേകള്‍ നല്‍കുന്നത്. അടുത്ത അഞ്ചുവര്‍ഷത്തിനകം രാജ്യത്ത് 1.90 ലക്ഷം മുറികള്‍ ആവശ്യമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും മാത്രമായി ഇത്രയും വലിയ നിക്ഷേപം നടത്താനാകില്ല. ഈ മേഖലയില്‍ കൂടുതല്‍ ഹോം സ്റ്റേകള്‍ വരണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
ചടങ്ങില്‍ പ്രൊഫ.കെ.വി.തോമസ് എം.പി. അധ്യക്ഷത വഹിച്ചു. എം.എല്‍.എ.മാരായ ഡൊമിനിക് പ്രസന്റേഷന്, ഹൈബി ഈഡന്, ടൂറിസം ഡയറക്ടര്‍ പി.ഐ.ഷെയ്ക് പരീത്, കേരള ട്രാവല്‍ മാര്‍ട്ട് ചെയര്മാന് എബ്രഹാം ജോര്‍ജ്, കൊളമ്പിയിലെ ഇന്ത്യന്‍ അംബാസഡര്‍ പ്രഭാത്കുമാര്‍, പി.എന്‍.പ്രസന്നകുമാര്‍, എം.പി.ശിവദത്തന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മൂന്നുദിവസത്തെ സമ്മേളനത്തിന്റെ ഭാഗമായുള്ള ആദ്യ സെമിനാര്‍ കലാമണ്ഡലം വൈസ് ചാന്‍സലര്‍ പി.എന്‍. സുരേഷ് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: