കൊച്ചി: സപ്ലൈകോയില്‍ ഓണക്കാലത്ത് 310 കോടി രൂപയില്‍ കൂടുതല്‍ വിറ്റുവരവ്. കഴിഞ്ഞ വര്‍ഷം ഇത് 268 കോടി രൂപയായിരുന്നു. ഓണത്തോടനുബന്ധിച്ചുള്ള രണ്ടാഴ്ച ധാന്യങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും വില്പന 13,000 ടണ്ണോളമാണ്. 43000 ടണ്‍ അരി വിപണിയിലെത്തിച്ചു.
22,000 ടണ്‍ പഞ്ചസാരയും 12.5 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണയുമാണ് സപ്ലൈകോ മുഖേന ചെലവായത്. മുന്‍ വര്‍ഷത്തെക്കാള്‍ 30 ശതമാനത്തോളം അധികം അരിയും പയര്‍വര്‍ഗങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും ഈ ഓണവിപണിയില്‍ സപ്ലൈകോ മുഖേന ചെലവായിട്ടുണ്ട്. 15.19 ലക്ഷം സൗജന്യ കിറ്റുകള്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു.
ഓണക്കാലത്ത് പൊതുവിപണിയില്‍ അരിയുള്‍പ്പെടെയുള്ള അവശ്യ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം തടയാനായതായി ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. റേഷന്‍ കടകളിലൂടെയും സപ്ലൈകോ ഓണച്ചന്തകളിലൂടെയും ഫലപ്രദമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയത്.
സംസ്ഥാന വ്യാപകമായി 738 റേഷന്‍കടകളിലും 67 റേഷന്‍ മൊത്തവിതരണ കേന്ദ്രങ്ങളിലും 35 മണ്ണെണ്ണ മൊത്തവിതരണ കേന്ദ്രങ്ങളിലും ഹോട്ടലുകളുള്‍പ്പെടെ 2600ലധികം പൊതുവിപണനകേന്ദ്രങ്ങളിലും സിവില്‍ സപ്ലൈസ് വകുപ്പ് മിന്നല്‍ പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: