നെന്മാറ: ചരിത്ര സ്മരണകള്‍ ഉണര്ത്തുന്നതിരുവോണത്തല്ല് ഇന്നും അവിട്ടത്തല്ല് നാളെയും നടക്കും. തിരുവോണത്തിനു തല്ലുമന്ദത്ത് വിവിധ സമുദായത്തിന്റെയും അവിട്ടത്തിനു പല്ലശ്ശന വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രത്തില്‍ നായര്‍ സമുദായത്തിന്റെയും ഓണത്തല്ല് നടക്കും.
കോഴിക്കോട് സാമൂതിരിയുടെ സാമന്തരായിരുന്ന പല്ലശ്ശന കുറൂര്‍ നമ്പിടിയെ യുദ്ധത്തില്‍ കുതിരവട്ടത്തു നായര്‍ ചതിച്ചു കൊന്നു. ഇതറിഞ്ഞ് പ്രതികാരം ചെയ്യാന്‍ ദേശവാസികള്‍ തീരുമാനിച്ചു. ഈ നാടിന്റെ പക ദീര്‍ഘകാലം നീണ്ടു നിന്നു. ഒടുവില്‍ സാമൂതിരി രാജാവ് ഇടപെട്ട് ഒത്തുതീര്‍പ്പുണ്ടാക്കി. നാട്ടുരാജാവിനെ നഷ്ടപ്പെട്ട ദേശവാസികള്‍ക്കു രാജാവിന്റെ സ്ഥാനത്തു പ്രതിഷ്ഠിക്കാന്‍ വേട്ടയ്ക്കൊരുമകന്‍ വിഗ്രഹം സാമൂതിരി നല്കി എന്നാണു വിശ്വാസം.
ദേശവാസികള്‍ ശത്രുവിനെ പോര് വിളിച്ചതിന്റെ സ്മരണ നിലനിര്‍ത്തുന്നതിനാണ് ഓണത്തല്ല് നടത്തുന്നതെന്നാണ് ഐതീഹ്യം. തിരുവോണ നാളില്‍ ഏഴുകുടി സമുദായക്കാര്‍ കളരിയില്‍ നിന്നും ഒരുകുടി സമുദായം തല്ലുമന്ദം ഭഗവതി ക്ഷേത്രത്തില്‍ നിന്നും വരി നിരന്നാണ് തല്ലിന് എഴുന്നള്ളുക. തല്ലുമന്ദത്ത് നിരന്ന ശേഷം സമപ്രായക്കാര്‍ വിളച്ചു ചോദിച്ചാണു തല്ലു നടത്തുക. ദേശ പ്രധാനികള്‍ പൊന്തിയുമായി മുന്നിലും മറ്റുള്ളവര്‍ പിന്നിലുമായി അണി നിരന്നാണ് തല്ലുമന്ദത്തിലേക്കു വരുക. അവിട്ടത്തല്ലില്‍ ഭസ്മക്കുറിയണിഞ്ഞ് പോര് വിളിയും ആര്‍പ്പു വിളിയും നടത്തി കിഴക്കു, പടിഞ്ഞാറ് മുറിക്കാര് വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രത്തിലെത്തും. ക്ഷേത്രത്തില്‍ നിന്നും പുണ്യാഹ വെള്ളം തെളിക്കുന്നതോടെ വിധി പ്രകാരം മൂന്നു തവണ നിരയോട്ടം നടക്കും. ഇതിനു ശേഷം കാരണവന്മാര് സമപ്രായക്കാരായ തല്ലുകൊള്ളുന്നവരെ കയ്യുയര്‍ത്തി തല്ലു നടത്തും. ആചാരാനുഷ്ഠാന വിധികളോടെ നടക്കുന്ന ഓണത്തല്ല് കാണാന്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ എത്താറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: