ചെറുതോണി : ഇടുക്കി ഡാം സന്ദര്‍ശിക്കാനെത്തിയ തമിഴ്നാട് സ്വദേശിയുടെ കാറിന്റെ ചില്ല് തകര്‍ത്ത് മൊബൈല്‍ ഫോണും, വാച്ചും 5000 രൂപയും മോഷ്ടിച്ച പ്രതി പോലീസ് പിടിയിലായി. തോപ്രാംകുടി വാണിയേപ്പിള്ളില് റ്റിന്‍സണ്‍ എബ്രഹാം (26) ആണ് ഇടുക്കി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 25 നായിരുന്നു കേസിനാസ്പദമായ സംഭവം. ഇടുക്കി ഡാം സന്ദര്‍ശിക്കാനെത്തിയ തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശി മുരുകന്റെ കാറിന്റെ ഗ്ലാസ് തകര്‍ത്ത് ഡാഷ് ബോക്സില്‍ വച്ചിരുന്ന 35000 രൂപ വിലയുള്ള മൊബൈല്‍ ഫോണും, 1200 രൂപ വില വരുന്ന വാച്ചും, 5000 രൂപയും ഇയാള്‍ കവര്‍ന്നു. സന്ദര്‍ശനത്തിന് ശേഷം തിരികെ എത്തിയപ്പോള്‍ മോഷണം നടന്നതുകണ്ട് ഉടമസ്ഥന് ഇടുക്കി പോലീസില്‍ പരാതി നല്‍കിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി വരുമ്പോള്‍ ഫോണിന്റെ ഐ എം ഐ നമ്പര്‍ വഴി ഇടുക്കി ചെറുതോണി ഭാഗത്ത് ഇയാളുണ്ടെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇന്നലെ ഉച്ചയോടെ സബ് ഇന്‍സ്പെക്ടര്‍ ഷൈന്‍ എസ് ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചെറുതോണിയില്‍ നിന്നും ഇയാളെ പിടികൂടി. മൊബൈല്‍ ഫോണും വാച്ചും ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. മോഷ്ടിച്ച പണം ചിലവായതായി പോലീസിനോട് പറഞ്ഞു. എസ് സി പി ഒ ജെയിംസ് ജോസഫ്, സി പി ഒ മാരായ ബിജു കെ കെ, സതീശന്, ബിനോയി, സുനില്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: