മൈസൂരു:കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ ഭൂമിയുടെ പാട്ടം കുതിക്കുന്നു. ഇഞ്ചികൃഷിക്കായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കൂടുതല്‍ ആളുകള്‍ എത്തിയതോടെയാണ് ഭൂവുടമകള്‍ പാട്ടം വര്‍ധിപ്പിച്ചത്. വളക്കൂറും ജലസേചനസൗകര്യം ഉള്ളതുമായ ഭൂമി ഏക്കറിന് ഒരു ലക്ഷം രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ് ഉടമകള്‍ വാര്‍ഷിക പാട്ടം ചോദിക്കുന്നത്. . കഴിഞ്ഞ വര്‍ഷം ഏക്കറിന് 80,000 രൂപയായിരുന്നു പരമാവധി പാട്ടം.ഇഞ്ചിയുടെ ഭേദപ്പെട്ട വിലയും കൃഷിക്കാരുടെ തള്ളിക്കയറ്റവുമാണ് സ്ഥലം ഉടമകള്‍ പാട്ടം വര്‍ധിപ്പിച്ചതിനു കാരണം.
കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലായി പതിനായിരത്തിലേറെ മലയാളികളാണ് ഒറ്റയ്‌ക്കും സംഘങ്ങളായും ഇഞ്ചികൃഷി ചെയ്യുന്നത്. വയനാട്ടുകാരാണ് ഇവരില്‍ അധികവും.
കര്‍ണാടകയില്‍ വയലും കരയും പാട്ടത്തിനെടുത്ത് കേരളത്തില്‍നിന്നുള്ള കര്‍ഷകര്‍ വ്യാപകമായി ആരംഭിച്ച ഇഞ്ചികൃഷിക്ക് രണ്ട് പതിറ്റാണ്ടിനടുത്താണ് പഴക്കം. ഭൂമിയുടെ സവിശേഷതകളനുസരിച്ച് ഏക്കറിനു 5,000 രൂപ മുതല്‍ 10,000 രൂപ വരെയായിരുന്നു തുടക്കത്തില്‍ വാര്‍ഷിക പാട്ടം. ഇതാണിപ്പോള്‍ ലക്ഷം രൂപയും കടന്നത്. അങ്ങാടികളില്‍നിന്നു വളരെ അകലെയുള്ളതും കുഴല്‍ കിണറുകളടക്കം ജലസേചനത്തിനു സൗകര്യമില്ലാത്തതുമായ സ്ഥലങ്ങള്‍ക്കുപോലും കുറഞ്ഞത് കാല്‍ ലക്ഷം രൂപയാണ് പാട്ടം. കേരളത്തോട് പരമാവധി അടുത്തുകിടക്കുന്നതും തരക്കേടില്ലാതെ മഴ ലഭിക്കുന്നതുമായ പ്രദേശങ്ങളിലാണ് മലയാളി കര്‍ഷകരുടെ കണ്ണ്. നഞ്ചങ്കോടിനടുത്ത് ഉള്ളള്ളിയില്‍ ഏക്കറിനു ഒന്നേകാല്‍ ലക്ഷം രൂപ പാട്ടം നിശ്ചയിച്ചാണ് മലപ്പുറത്തുനിന്നുള്ള അഞ്ച് മലയാളി കര്‍ഷകരടങ്ങുന്ന സംഘം 10 ഏക്കര്‍ ഭൂമിക്ക് ഉടമയുമായി കരാറെഴുതിയത്.
ഇഞ്ചിക്ക് ആദായകരമായ വിലയാണ് ഏതാനും ആഴ്ചകളായി കൃഷിക്കാര്‍ക്ക് ലഭിക്കുന്നത്. കഴിഞ്ഞ ജനുവരി മുതല്‍ നട്ടതും കേട് ഉള്‍പ്പെടെ കാരണങ്ങളാല്‍ മൂപ്പെത്തുന്നതിനു മുന്‍പ് വിളവെടുക്കുന്നതുമായ ഇഞ്ചി(പുതിയ ഇഞ്ചി) ചാക്കിനു(60 കിലോ) 1050 രൂപയാണ് ഇന്നലത്തെ വില. 2014ല്‍ നട്ടതും ഇപ്പോള്‍ മാത്രം വിളവെടുക്കുന്നതുമായ ഇഞ്ചി(പഴയിഞ്ചി) ചാക്കിനു 3,300- 3,400 രൂപയും വിലയുണ്ട്. രോഗ, കീട ബാധകകള്‍ പൊതുവെ ഏല്‍ക്കാത്ത ഇഞ്ചിയാണ് കൃഷിക്കാര്‍ തന്നാണ്ടില്‍ വിളവെടുക്കാതെ പഴയിഞ്ചിയായി വില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: