കല്‍പ്പറ്റ : മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ ചീപ്രം, മടംകുന്ന്, നായ്ക്കൊല്ലി, ഉണ്ണിക്കാന്‍ കോളനി നിവാസികള്‍ക്ക് ജില്ലാ കളക്ടറുടെ ഓണസമ്മാനം. കോളനിമിത്രം പരിപാടിയുടെ ഭാഗമായി മുട്ടില്‍ പഞ്ചായത്തിലെ നാല് കോളനികള്‍ കേന്ദ്രീകരിച്ച് ജില്ലാഭരണകൂടം, ജില്ലാ നിര്‍മ്മിതി കേന്ദ്രം, ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഭക്ഷണ-വസ്ത്ര കിറ്റുകള്‍, ഓണസദ്യ എന്നിവ നല്കി. ജില്ലയില്‍ പിന്നാക്കം നില്ക്കുന്ന കോളനികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തി ആദിവാസി വിഭാഗത്തെ മുഖ്യധാരയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന കോളനിമിത്രം പരിപാടിയിലാണ് കോളനികാര്‍ക്ക് ഓണസമ്മാനം വിതരണം ചെയ്തത്. കോളനിയിലെ പരിമിതികള്‍ കണക്കിലെടുത്ത് വീട്, വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിനായി രണ്ട് മാസത്തിനുള്ളില്‍ മെഗാ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. പരിപാടിയോടനുബന്ധിച്ച് കോളനിയില്‍ ആരോഗ്യ വകുപ്പിന്റെ നേതത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. കോളനിയില്‍ ഏതെങ്കിലും വിധത്തില്‍ ചൂക്ഷണം നടക്കുന്നുണ്ടെങ്കില്‍ അതിനെതിരെ ശക്തമായ നടപടി കൈകൊളുമെന്ന് എസ്.എം.എസ്. ഡി.വൈ.എസ്.പി ജെയ്സണ്‍.കെ. ഏബ്രഹാം വ്യക്തമാക്കി. വിവിധ കോളനികളില്‍ താമസിക്കുന്ന 76 കുടുംബങ്ങളില്‍ 50 കുടുംബത്തിന് റേഷന്‍ കാര്‍ഡ് ലഭ്യമാക്കുകയും തൊഴില്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്ലാത്തവര്‍ക്ക് ക്യാമ്പ് സംഘടിപ്പിച്ച് കാര്‍ഡുകള്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സാമ്പത്തിക ബുദ്ധിമുട്ട് കാരണം പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച നീതുവിനും സരിതയ്ക്കും തുടര്‍പഠനത്തിന് അവസരം ലഭിച്ചു. കാക്കവയല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ നിന്ന് പ്ലസ് ടു പാസ്സായ നീതുവിനും പത്താം ക്ലാസ്സ് വിജയിച്ച സരിതയ്ക്കുമാണ് ഹോസ്റ്റല്‍ സൗകര്യത്തോടെ പഠനത്തിന് കളക്ടര്‍ അവസരമൊരുക്കുന്നത്. കോളനിയിലെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ ആഴ്ചയില്‍ രണ്ട് ദിവസം ട്യൂഷനും ലൈബ്രറി സൗകര്യവും ഒരുക്കും. കോളനിമിത്രത്തോടനുബന്ധിച്ച് മടംകുന്ന് കോളനിയില്‍ ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഓണസദ്യയും, ആര്.ടി.ഒ യുടെ നേതൃത്വത്തില്‍ ഓണകിറ്റ് വിതരണവും നടത്തി. കോളനിയില്‍ കുട്ടികള്‍ ഒരുക്കിയ പൂക്കളം സന്ദര്‍ശിച്ച്, പായസവും കഴിച്ചാണ് കളക്ടര്‍ മടങ്ങിയത്. പരിപാടിയില്‍ എ.ഡി.എം പി.വി ഗംഗാധരന്, മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത ഗോവിന്ദന്, ഡെപ്യൂട്ടി കളക്ടര്‍ കെ.കെ വിജയന്, എന്‍.ആര്.ഇ.ജി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സി.വി. ജോയി, പഞ്ചായത്തംഗം രവി പാക്കം, സാമൂഹ്യ പ്രവര്‍ത്തക ധന്യ, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, കോളനി നിവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: