ആലപ്പുഴ: ജില്ലയില്‍ നെല്‍ക്കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തീര്‍ണം വര്‍ദ്ധിച്ചിട്ടും ഉത്പാദനത്തില്‍ ഇടിവ്. മുന്‍ വര്‍ഷത്തെക്കാള്‍ 2000ത്തോളം ഹെക്ടറില്‍ പുതുതായി കൃഷിയിറക്കിയതായാണ് കൃഷിവകുപ്പിന്റെ കണക്ക്. ഇതില്‍ 1500 ഹെക്ടര്‍ തരിശ് ഭൂമി പുതുതായി കൃഷിയോഗ്യമാക്കിയതാണ്. ചാരുംമൂട്, മാവേലിക്കര തുടങ്ങിയിടങ്ങളിലാണ് തരിശുഭൂമി കൃഷിയോഗ്യമാക്കിയതില് മുന്നില്‍. തുറവൂരിലെ കരിനിലങ്ങളില്‍ 400 ഹെക്ടറിലായിരുന്നു കൃഷിയുണ്ടായിരുന്നതെങ്കില് ഇത്തവണ അത് 800 ഹെക്ടറായി വര്‍ധിച്ചു.
കുട്ടനാട്ടിലെ ചിത്തിര, റാണി കായല്‍ നിലങ്ങളില്‍ ഇത്തവണ 210 ഏക്കറില്‍ കൃഷിയിറക്കാനാണ് നീക്കം. ഒരു പതിറ്റാണ്ടിനുശേഷം കഴിഞ്ഞവര്‍ഷം ചിത്തിരക്കായലില്‍ 91.4 ഹെക്ടറില്‍ കൃഷിയിറക്കിയിരുന്നു. 443 ടണ്‍ വിളവാണ് ഇവിടെ നിന്നും ലഭിച്ചത്. ഇത്തവണ ചിത്തിര കൂടാതെ റാണി കായലും കൃഷിയോഗ്യമാക്കിയിട്ടുണ്ട്. ജില്ലയിലെ ആറ് താലൂക്കുകളിലായി 28834.62 ഹെക്ടര്‍ ഭൂമിയിലാണ് കൃഷിയിറക്കിയിരിക്കുന്നത്. 2013-14 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നെല്ലുത്പാദനത്തില്‍ നേരിയ കുറവാണ് ജില്ലയിലുണ്ടായിട്ടുള്ളത്.
2013- 14ല്‍ പുഞ്ചക്കൃഷി, രണ്ടാം കൃഷി എന്നിവയിലൂടെ 1,58,404 ടണ്‍ വിളവ് ലഭിച്ചപ്പോള്‍ ഇത്തവണ രണ്ടു കൃഷിയിലൂടെ ആകെ ലഭിച്ച വിളവ് 1,57,948 ടണ്‍ ആണ്. അതായത് ഉത്പാദനത്തിന് 456 ടണ്‍ നെല്ലിന്റെ കുറവ്. 2014-15ല്‍ പുഞ്ച ക്കൃഷിയില്‍ നിന്ന് 1,20,104 ടണ്‍ നെല്ലും രണ്ടാംകൃഷിയില്‍ നിന്ന് 37,844 ടണ്‍ നെല്ലും ല‘ിച്ചപ്പോള് 2013-14ല്‍ ഇവ യഥാക്രമം 1,23,872, 34,532 എന്നിങ്ങനെയായിരുന്നു. കൃഷിഭൂമിയുടെ വിസ്തീര്‍ണം വര്‍ധിച്ചെങ്കിലും ജില്ലയിലെ നെല്ലുത്പാദനത്തിന്റെ അളവില്‍ വര്ധനവുണ്ടാകാത്തതു പഠനവിധേയമാക്കേണ്ടതാണ്.
കാലാവസ്ഥാ വ്യതിയാനമാണ് നെല്ലുത്പാദനം കുറയാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. കൂടാതെ കുട്ടനാട്ടിലടക്കം കീടബാധയും മറ്റും കൃഷിയെ സാരമായി ബാധിച്ചു. എന്നാല്‍ കൃഷിചെയ്യാതെ തരിശിട്ടിരിക്കുന്ന ഭൂമിയില്‍ കൃഷിയിറക്കുന്നതിനുള്ള ആനുകൂല്യം നേടിയെടുക്കുന്നതിനായി അധികൃതരുടെ ഒത്താശയോടെ നടന്ന തട്ടിപ്പാണോ കൃഷി ഇറക്കിയ നിലത്തിന്റെ അളവ് വര്‍ദ്ധിക്കാന്‍ കാരണമെന്നും സംശയമുയര്‍ന്നിട്ടുണ്ട്.
നേരത്തെ തന്നെ പല പഞ്ചായത്തുകളിലും ഇത്തരത്തില്‍ ക്രമക്കേട് നടക്കുന്നതായി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. കാലങ്ങളായി തരിശു കിടക്കുന്ന നിലങ്ങളില്‍ വരെ കൃഷിയിറക്കുന്നതായി കാട്ടി ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നവരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: