കൊച്ചി: അര നൂറ്റാണ്ടത്തെ ഇടവേളയ്ക്ക് ശേഷം ആഫ്രിക്കയില്‍ നിന്ന് തോട്ടണ്ടിയുമായി എത്തുന്ന കപ്പലിനെ വരവേല്‍ക്കാന്‍ കൊല്ലം തുറമുഖം ഒരുങ്ങി. നഷ്ടപ്രതാപം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് തുറമുഖം. മെര്‍ലിസ് ലൊജിസ്റ്റിക്സാണ് തൂത്തുക്കുടി, കൊച്ചി തുറമുഖങ്ങളുടെ വെല്ലുവിളി അതിജീവിച്ച് സാഗാ ഇംപെക്സ് പിടിഇ ലിമിറ്റഡ് എന്ന സിംഗപ്പൂര്‍ വെസല്‍ ചാര്‍ട്ടര്‍ വഴി ചരക്ക് കൊല്ലത്തിറക്കുന്നത്.
എസ് എസ് മാരിടൈം എന്ന സ്റ്റീവ് ഡൊറിങ് കമ്പനിക്കാണ് ഈ കപ്പലില്‍ വരുന്ന കശുവണ്ടി കൊല്ലത്ത് കസ്റ്റംസ് ക്ലിയറന്‍സ് നടത്തി സൂക്ഷിക്കേണ്ട ചുമതല. കശുവണ്ടി വ്യവസായത്തിന്റെ സിരാകേന്ദ്രമായ കൊല്ലത്ത് ഇനിയും തോട്ടണ്ടിയുമായി കപ്പലുകളെത്തിക്കാന് കഴിയുമെന്ന് മെര്‍ലിസ് ലൊജിസ്റ്റിക്സ് എംഡി ഡെന്‍സില്‍ ജോസ് പറഞ്ഞു.
തൂത്തുക്കുടിയിലും കൊച്ചിയിലുമെത്തുന്ന കപ്പലുകളില്‍ നിന്ന് കണ്ടെയ്നര്‍ ലോറികളിലൂടെ കൊല്ലത്ത് എത്തിച്ചിരുന്ന പതിവ് പടിപടിയായി ഇല്ലാതാകുമെന്ന് ഡെന്‍സില്‍ ജോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആഫ്രിക്കന്‍ രാജ്യമായ ഗിനി ബിസോയില്‍ നിന്നാണ് കപ്പലെത്തുന്നത്. 5456 ടണ്‍ തോട്ടണ്ടിയുമായിട്ടാണ് കപ്പലിന്റെ വരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: