പാലക്കാട്: നാളെ ഉത്രാടം; നാടും നഗരവും ഓണത്തിരക്കില്‍. ഓണക്കോടിയെടുക്കാനും, ഓണസദ്യവട്ടങ്ങള്‍ക്കുള്ള വിഭവങ്ങള്‍ വാങ്ങുവാനുമുള്ള തിരക്കാണ് നഗരത്തില്‍. തുണിക്കടകളിലും മറ്റും കാലുകുത്താനിടമില്ലാത്ത സ്ഥിതിയാണ്. വഴിയോരക്കച്ചവടങ്ങളും പൊടിപൊടിക്കുന്നുണ്ട്. പൂക്കളും, വസ്ത്രങ്ങളും, ചെരിപ്പുകളുമാണ് വഴിയോരവിപണി കീഴടക്കിയിരിക്കുന്നത്.
നാട്ടിലെങ്ങും വൈവിധ്യങ്ങളായ ആഘോഷ പരിപാടികളും ഒരുക്കിയിട്ടുണ്ട്. കിണാശ്ശേരി വാസവിവിദ്യാലയത്തില് ഓണത്തോടനുബന്ധിച്ച് ഭീമന് പൂക്കളമൊരുക്കുന്നു. 9 മീറ്റര്‍ ചുറ്റളവുള്ള പൂക്കളമാണ് ഇന്ന് സ്കൂളില്‍ ഒരുക്കുന്നത്. രാവിലെ 11മണിമുതല്‍ പൂക്കളംകാണാന്‍ സൗജന്യ പ്രവേശനം അനുവദിക്കും.
കൊല്ലങ്കോട് ചിങ്ങഞ്ചിറ ഏകലവ്യാശ്രമത്തിന്റെ ഒണാഘോഷത്തിന്റെ ഭാഗമായി കര്‍ഷകത്തൊഴിലാളികള്‍ക്കുള്ള സൗജന്യ മഴക്കോട്ട് വിതരണം അശ്വതിലക്ഷ്മി ഉദ്ഘാടനംചെയ്തു. സ്വാമി അശ്വതിതിരുനാള്‍ അധ്യക്ഷതവഹിച്ചു. ഉദയപ്രകാശ്, ചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓണസദ്യയുമുണ്ടായി.
സിവില്‍ സ്റ്റേഷനിലെ ഓഫിസുകളിലും കലക്ട്രറ്റിലും ഓണാഘോഷം സംഘടിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, റവന്യു, ആരോഗ്യ വകുപ്പ്, ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റക്സ്, സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഓഫീസ്, കൃഷി ഓഫീസ്, പട്ടികജാതി വികസന ഓഫീസ്, അസി. റൂറല്‍ ഡെവലപ്മെന്റ് ഓഫീസ്, പി.എസ്.സി, എക്സൈസ് കമ്മീഷണര്‍, ജോയിന്റ് രജിസ്റ്റാര്‍ സഹകരണസംഘം, സപ്ലൈ ഓഫീസ്, മണ്ണു സംരക്ഷണം, താലൂക്ക് ഓഫീസ്, പി.ഡബ്ല്യു.ഡി എന്നീ ഓഫീസുകളിലാണ് പൂക്കളങ്ങള്‍ ഒരുക്കിയത്. വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കളങ്ങള്‍ ഓഫീസ് അകത്തളങ്ങളിലും വരാന്തകളിലും നിറഞ്ഞു. മഞ്ഞയും, ചുവപ്പും, ഓറഞ്ച്, വെള്ള, റോസ്, പച്ച, നിറങ്ങളിലുള്ള പൂക്കള്‍ പൂക്കളങ്ങള്‍ക്ക് ചാരുത പകര്‍ന്നു.
സിവില്‍ സ്റ്റേഷനിലെ ജീവനക്കാരുടെ കൂട്ടായ്മയായ രചന കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ , ഓണാഘോഷത്തോടനുബന്ധിച്ച് സിവില്‍സ്റ്റേഷനിലെ ഓഫീസുകളെ പങ്കെടുപ്പിച്ച് നടത്തിയ പൂക്കള മത്സരത്തില്‍ കളക്ടറേറ്റ് ഒന്നാം സ്ഥാനത്തിനര്‍ഹമായി. പാലക്കാട് ടൗണ്‍ പ്ലാനിംഗ് ഓഫീസ് രണ്ടാം സ്ഥാനവും, പി ഡബ്ല്യു ഡി ( റോഡ്സ് ), പാലക്കാട്, ആര് ടി ഒ പാലക്കാട് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ ഡി എം യു നാരായണന്‍കുട്ടി , ഹുസൂര്‍ശിരസ്തദാര്‍ സി വിശ്വനാഥന് എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: