കോഴിക്കോട്: രണ്ട് കിലോ കഞ്ചാവുമായി ഒരാള്‍ നടക്കാവ് പൊലീസിന്റെ പിടിയിലായി. പുതിയപാലം തിപ്പലിക്കാട് പറമ്പത്ത് ഷൈജു(42)വാണ് എരഞ്ഞിപ്പാലം മേഴ്സി കോളജിന് മുന്‍വശത്തെ സി ഡി എ കോളനി റോഡില്‍ വെച്ച് തിങ്കളാഴ്ച രാത്രി പിടിയിലായത്. ആക്ടീവ സ്കൂട്ടറില്‍ വില്പനയ്ക്കുള്ള കഞ്ചാവുമായെത്തിയ ഇയാളെ നടക്കാവ് എസ് ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
ഓണാഘോഷത്തിന്റെ മറവില്‍ നഗരത്തിലേക്ക് കഞ്ചാവ് കടത്ത് വ്യാപകമാവുന്നെന്ന് നോര്‍ത്ത് എ സി പി ജോസി ചെറിയാന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പട്രോളിംഗിനിടെ പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ഷൈജുവിനെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ഇയാള്‍ ഇതിന് മുമ്പും കഞ്ചാവ് കേസുകളില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് നടക്കാവ് പൊലീസ് അറിയിച്ചു.
നടക്കാവ് എസ് ഐ വേണുഗോപാല്‍, ജൂനിയര്‍ എസ് ഐ തുളസീധരന്‍ നായര്‍, എ എസ് ഐ പ്രകാശന്, ഷാഡോ പൊലീസ് അംഗങ്ങളായ സുരേഷ് കുമാര്‍, രമേഷ് ബാബു, പ്രദീപ്, ആഷിക് റഹ്മാന്, ഫെബിന് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: