കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുഖ്യശാഖയിലെ ലോക്കറുകളില്‍ നിന്ന് ഇരുന്നൂറ് പവനോളം സ്വര്‍ണ്ണാഭരണങ്ങളും വജ്രമാലയും കവര്‍ന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുഖ്യപ്രതിയുടെ ഭാര്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. മുഖ്യപ്രതി പഞ്ചാബ് നാഷണല്‍ ബാങ്കിലെ മുന്പ്യൂണും നിലവിലെ ക്ലര്‍ക്കുമായ പുതിയറ സ്രാമ്പിക്കല്‍ പറമ്പ് ‘അച്യുതം’ വീട്ടില്‍ അനില്‍കുമാറിന്റെ ഭാര്യ മിനിറാണി(45) യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയുന്നത്. മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെതിരെ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എസ് പി യു അബ്ദുല്‍ കരീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നല്കിയ എതിര്‍ഹര്‍ജിയും വിചാരണക്കോടതി ഇന്ന് പരിഗണിക്കും.
കല്ലായ് സ്വദേശി കെ വി മുസ്തഫയുടെ ഉടമസ്ഥതയിലുള്ള സൗദി മുദ്രയുള്ള എട്ട് സ്വര്‍ണ്ണനാണയങ്ങള്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുഖ്യശാഖയില്‍ പണയം വെച്ച സാഹചര്യത്തിലാണ് മിനിറാണിയെ കേസില്‍ പ്രതിചേര്‍ത്തത്. ഇതിനെതിരെയാണ് മിനിറാണി മൂന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് സെഷന്‍സ് കോടതിയെ സമീപിച്ചത്.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുഖ്യശാഖയിലെ ലോക്കറുകളില്‍ നിന്ന് ഇരുന്നൂറ് പവനോളം സ്വര്‍ണ്ണാഭരണങ്ങളും വജ്രമാലയും കവര്‍ന്ന കേസില്‍ പ്രതിയായ അനില്‍കുമാറി(53)നെ മൂന്ന് ലോക്കര്‍ കേസുകളിലായി ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം മൂന്ന് തവണ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: