മലയാളികള്‍ക്ക് ഓണമിന്ന് കാത്തിരിപ്പിന്റെ ഉത്സവം കൂടിയാണ്. മുമ്പ് സമൃദ്ധിയുടെ നാളിലേക്കുള്ള കാത്തിരിപ്പ് ആയിരുന്നെങ്കില്‍ ഇന്ന് മറുനാട്ടിലുള്ള മക്കളെ കാത്തിരിക്കുന്ന അമ്മമാരുടെ ഉത്സവംകൂടിയാണ്. സംസ്ഥാനത്തിനു പുറത്തുള്ള മലയാളികള്‍ക്ക് തിരക്കിനിടയിലെ ഇത്തിരി വിശ്രമനേരമാണ് ഓണം. നാട്ടിലേക്ക് ഓടിയെത്താനുള്ള ഒരു വെമ്പല്‍.
ബെംഗളൂരുവിലും ചെന്നൈയിലും ഹൈദരബാദിലും ഐടി കമ്പനികളില്‍ ജോലി ചെയ്യുന്ന യുവത്വത്തിനും ഓണം ഹൃദയത്തില്‍ തൊടുന്ന ആഘോഷമാണ്.
കുട്ടിക്കാലത്ത് വേണ്ടുവോളം ആസ്വദിച്ചിരുന്ന ഓണക്കാഴ്ചകള്‍ ഇന്നും അവരുടെ ഹൃദയത്തില്‍ തൊട്ടുണര്‍ത്തുന്ന ഓര്‍മ്മകളാണ്. ആ ബാല്യകാലത്തെ വീണ്ടെടുക്കാന്‍ ആഗ്രഹമുണ്ടെങ്കിലും തിരക്കിനിടയില്‍ അതൊന്നും നടക്കാറില്ല. ഉത്രാടപ്പാച്ചിലിനേക്കാള്‍ തിരക്കുള്ള നിത്യജീവിതപ്പാച്ചിലില്‍ ഓണത്തിന് നാട്ടിലൊന്ന് തലകാണിച്ച് മടങ്ങാനേ ഇവരില്‍ പലര്‍ക്കും സാധിക്കൂ. അതിനിടയില്‍ പണ്ടുകാലത്തെ ആവേശമായിരുന്ന പൂക്കളവും ഓണക്കളികളും എവിടെ നടക്കാന്‍, ഈ കുറവെല്ലാം അടുത്തവര്‍ഷം തീര്‍ക്കാമെന്ന് മനസ്സില്‍ കുറിച്ച് വീണ്ടും തിരക്കിലേക്ക് തിരിച്ചുപോകാനാണ് ഐടി ജീവനക്കാരുടെ വിധി.
കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്കില്‍ ജോലിചെയ്യുന്നവരുടെ കാര്യവും ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല. ഓണത്തിന് നാട്ടില്‍ പോകാന്‍ സാധിക്കുന്നവര്‍ അവധി കിട്ടുമ്പോള്‍ തന്നെ പെട്ടിയും കിടക്കയും എടുത്ത് സ്ഥലം വിടും. ലീവ് കിട്ടിയില്ലെങ്കില്‍ ഓഫീസിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചെറിയ രീതിയില്‍ ഓണം ആഘോഷിച്ച് സംതൃപ്തിപ്പെടും. വീട്ടിലും നാട്ടിലുമുള്ളതുപോലെയല്ലെങ്കിലും പൂക്കളവും സദ്യവട്ടങ്ങളും നിര്‍ബന്ധമായും ഇവരുടെ ആഘോഷത്തില്‍ ഉള്‍പ്പെടുത്തും.
പൂക്കളിറുക്കാന്‍ പണ്ടത്തെപ്പോലെ പാടങ്ങളും തൊടിയുമൊന്നുമില്ലാത്തതിനാല് അന്യ സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തിട്ടുള്ള പൂവുകള്‍ കൊണ്ടാണ് പൂക്കളം തീര്‍ക്കുക. ഓണസദ്യയുടെ കാര്യത്തിലും ഇറക്കുമതി തന്നെ. ആഘോഷത്തിനായി ലഭിക്കുന്ന കുറച്ചു സമയത്തിനുള്ളില്‍ സദ്യ വട്ടം തീര്‍ക്കാന്‍ സാധിക്കില്ല. ഒരു നല്ല കാറ്ററിംങ് സര്‍വ്വീസുകാരെ ഇതിന്റെ ചുമതലയേല്‍പ്പിച്ചാല്‍ അതും കഴിഞ്ഞു.
പൂക്കളം തിര്‍ത്ത് അതിനുമുമ്പില്‍ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യലാണ് അടുത്ത നടപടി. ഇപ്പോള്‍ സെല്‍ഫിക്കാലമായതിനാല്‍ അതുമെടുത്ത് ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലും ഷെയറും ചെയ്യാം. എന്നാല്‍ ഇതിലും ആഘോഷമുണ്ടെന്നാണ് അവര്‍ പറയുന്നത്. നാട്ടില്‍ പോയാലും പരമാവധി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തിരിച്ചെത്തണം. അപ്പോള്‍ ഇവിടെയെങ്കിലും ഓണം ആഘോഷിച്ചുതിമിര്ക്കാം. എന്നിരുന്നാലും ഓണാഘോഷമെന്നത് പ്രത്യേക അനുഭൂതിയാണെന്നാണ് എല്ലാവരുടേയും അഭിപ്രായം. ഒരുവര്‍ഷത്തെ കാത്തിരിപ്പിനുശേഷമെത്തുന്ന ഈ ഉത്സവകാലത്തെ എത്രത്തോളം ആസ്വദിക്കാന്‍ സാധിക്കുമോ അത്രയും ചെയ്യുക.
അന്യ സംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്നവരുടെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. ബെംഗളൂരുവിലെ മജസ്റ്റിക്കില്‍ ട്രാവല്‍ കണ്‍സള്‍ട്ടന്റായി ജോലി നോക്കുന്ന സ്നേഹക്ക് ഓണം നാട്ടിലേക്കുള്ള പാലമാണ്. മറുനാടന്‍ ജീവിതം തല്‍ക്കാലത്തേക്ക് മാറ്റിവച്ച് വീട്ടുകാരെ സന്ദര്‍ശിക്കാന്‍ കിട്ടുന്ന അപൂര്‍വ്വ അവസരം. പക്ഷേ അതിനായുള്ള അവധി നേടിയെടുക്കുകയും അത്ര എളുപ്പമല്ല. മലയാളികള്‍ ഒരുപാടുള്ള ഓഫീസ് ആണെങ്കില്‍ ഓണ അവധി വേണമെന്ന് പറയുകയേ വേണ്ട.
മലയാളികള്‍ കൂട്ടത്തോടെ അവധിക്ക് അപേക്ഷ നല്കിയിട്ടുണ്ടാകും. ‘ബോസ്’മാരുടെ കാല് പിടിച്ച് വേണം അവധി ഒപ്പിക്കാന്‍. അത് കിട്ടിയാല്‍ത്തന്നെ തിരുവോണമോ, ഉത്രാടമോ മാത്രം. വീട്ടില്‍ ഒന്നു തലകാണിച്ച് തിരിച്ചു കയറണമെന്ന് ചുരുക്കം.
പിന്നെ നാട്ടിലേക്കുള്ള യാത്ര. ട്രെയിനായാലും ബസ്സായാലും തിരിക്കോടു തിരക്കായിരിക്കും. എങ്കിലും അതൊരു സുഖമുള്ള യാത്രയാണ്. അധികച്ചാര്‍ജ് (കൊള്ളച്ചാര്‍ജ്) പ്രതിദിനം ആയിരങ്ങള്‍ വീതമാണ് സ്വകാര്യ ബസ് സര്‍വീസുകാര്‍ ടിക്കറ്റ് നിരക്കില്‍ വര്‍ധിപ്പിക്കുകയെന്നും എന്നും സ്നേഹ പറയുന്നു.
ഓണത്തിന് നാട്ടിലെത്താന്‍ സാധിക്കാത്തവര്‍ ഓഫീസുകളിലും താമസിക്കുന്ന സ്ഥലത്തുമെല്ലാം ഒത്തുകൂടി ആഘോഷിക്കും. മലയാളി അസോസിയേഷനുകള്‍ വഴിയാണ് ചെന്നൈയിലും, ബംഗളൂരുവിലും ഓണം പൊടിപൊടിക്കുന്നത്. ഇതുകൂടാതെ റസിഡന്‍സ് അസോസിയേഷനുകള്‍ ഒന്നിച്ച് ഓണം ആഘോഷിക്കും. സദ്യയും, സംഗീതവും, ഓണക്കോടിയും എല്ലാം നാട്ടിലേത് പോലെതന്നെ. നാട്ടില്‍ നിന്നും ഏതെങ്കിലും സംഗീത സംഘത്തിന്റെ പരിപാടികള്‍ ബുക്ക് ചെയ്ത് പണ്ടത്തെ ഓര്‍മ്മകള്‍ അയവിറക്കുകയാണ് പുതിയ ട്രെന്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: