ഓണമാണല്ലോ വരുന്നതയ്യോ
നാണം മറയ്ക്കുവാനെന്തുവേണം
ഓണപ്പുടവ തരാറുള്ളൊരേട്ടനും
നാണറ്റുമൂലം പടയ്ക്കുപോയി’
ഈ വിധം അക്ഷരങ്ങളിലൂടെ പരിവേദനങ്ങള്‍ പറഞ്ഞു തീര്‍ക്കുമ്പോഴും ഇല്ലായ്മകളെ മറികടന്ന് ധാര്‍മ്മിക മൂല്യത്തോടും പാരമ്പര്യത്തനിമയോടും കൂടി ഓണത്തെ വരവേറ്റിരുന്ന ഒരു പഴയ തലമുറ നമുക്കുണ്ടായിരുന്നു. മാനവരാശിയ്ക്ക് സമഭാവനയുടെ സന്ദേശം പകര്‍ന്ന് നല്കിയ മഹാനായ ചക്രവര്‍ത്തിയുടെ മഹത്തായ ഉള്‍ക്കാഴ്ചക്ക് ജീവന് പകരാന്‍ പുതുതലമുറയ്ക്ക് എത്രകണ്ട് സാധിക്കുന്നു? പ്രകടമായൊരു സംശയം കൂടി ബാക്കി വെച്ചുകൊണ്ട് ഓര്‍മ്മയിലെ ഓണവിശേഷങ്ങളുമായി നമുക്കൊപ്പം ചേരുകയാണ് മലയാളത്തിന്റെ പ്രിയ കഥാകാരി കെ. ബി. ശ്രീദേവി.
ഓണത്തുമ്പിയും, കാശിത്തുമ്പയും, തൃക്കാക്കരയപ്പനും, കുമ്മാട്ടിയും, കോടിപ്പുടവയും, പഴം നുറുക്കും തുടങ്ങി ചിങ്ങമാസത്തിലെ തിരുവോണത്തിന് പ്രതീകങ്ങള്‍ ഇനിയുമൊട്ടേറെയുണ്ട്. കര്‍ക്കടക -തിരുവോണത്തിന് മുറ്റത്ത് ചാണകം മെഴുകി മുക്കുറ്റി വെയ്ക്കുന്നിടത്ത് നിന്ന് തുടങ്ങുന്ന ഓണാഘോഷം കന്നിമാസത്തിലെ മകം നാളില്‍ മകത്തടിയനേയും വെച്ചുകൊണ്ട് അവസാനിക്കുന്നു. മനസ്സിന്റെ അകത്തളങ്ങളില്‍ ചിതറിക്കിടക്കുന്ന ഓണക്കാഴ്ചകളെ പൊടിതട്ടിയെടുത്ത് യജ്ഞത്തിന്റെ കഥാകാരി വാചാലയാവുകയാണ്…
”മലപ്പുറത്തുള്ള അച്ഛന്റെ ഇല്ലായ്മ വെള്ളയ്ക്കാട്ട് മനയിലായിരുന്നു ബാല്യത്തിലെ ഓണം. ഓണമടുക്കുമ്പോള്‍ ചിരവകൊണ്ട് ആശാരിയും, കറിക്കത്തികൊണ്ട് കരുവാനും, കുടകൊണ്ട് പറയനും, മുണ്ടുകൊണ്ട് ചാലിയനും അങ്ങനെയങ്ങനെ തങ്ങളുടെ അവകാശങ്ങളുമായി മറ്റു പലരും ഇല്ലത്തെത്തും. ഇല്ലത്തുള്ളവര്‍ക്കും, പുറത്തുനിന്ന് കാണിക്ക കൊണ്ടുവരുന്നവര്‍ക്കും ഒരേ തരത്തിലുള്ള ഓണക്കോടി നല്കുന്ന വല്യച്ഛന് ഇന്നും എന്റെ മനസ്സിലെ നിറം മങ്ങാത്തൊരോര്മ്മയാണ്…”
മൂലം നാള്‍മുതലാണ് ആഘോഷത്തിന് മാറ്റ് കൂടുന്നത്. അന്ന് മുതല്‍ നടുമുറ്റത്ത് അണിഞ്ഞ പീഠത്തില്‍ തൃക്കാക്കരയപ്പനെ വെച്ച് തുടങ്ങും ആദ്യദിവസങ്ങളില്‍ ഒരു തൃക്കാക്കരയപ്പനെയാണ് വെക്കുന്നതെങ്കില്‍ തിരുവോണമാകുമ്പോഴേയ്ക്കും എണ്ണം കൂടും. തലമുടിയൊക്കെ കെട്ടിവെച്ച ‘മുത്തിയമ്മ’ എന്നൊരു സങ്കല്‍പ്പത്തെയും ഇതോടൊപ്പം ഉണ്ടാക്കിവെക്കുന്ന പതിവുണ്ട്. മൂലം മുതല്‍ ചെറിയ രീതിയില്‍ ആരംഭിക്കുന്ന ഓണസദ്യ തിരുവോണത്തിന് സര്വ്വവിഭവങ്ങളോടും കൂടെ പരിപൂര്‍ണതയിലെത്തും. ഈ ദിവസങ്ങളിലെ കൈക്കൊട്ടിക്കളിയും ഏറെ പ്രധാനമാണ്.
കൂറ്റനാടിനടുത്തുള്ള നാഗലശ്ശേരിയിലെ കൂടല്ലൂര്‍ മനയില്‍ മരുമകളായി എത്തിയപ്പോഴും ഓണാഘോഷങ്ങള്‍ക്ക് മാറ്റമില്ലായിരുന്നുവത്രെ. പിന്നീട് മക്കളുടെ പഠനാര്‍ത്ഥം തൃശൂരിലേക്ക് താമസം മാറ്റിയതോടുകൂടി ആഘോഷം ചടങ്ങിന് വഴിമാറി. ഇന്ന് വിവിധ സ്ഥലങ്ങളിലുള്ള മക്കള്‍ക്ക് ഒത്തുകൂടാന്‍ സാധിക്കുമെങ്കില്‍ മാത്രം ഓണം വിശേഷപ്പെട്ടതാകുന്നു.
സ്വജീവിതത്തിലെ ഓര്‍മ്മകള്‍ക്കപ്പുറം ഓണത്തിന്റെ സാമൂഹിക പശ്ചാത്തലത്തെക്കുറിച്ചും അക്ഷരങ്ങളുടെ കൂട്ടുകാരി സംവദിക്കുകയുണ്ടായി.
സത്യം, ദാനം, മനുഷ്യത്വം, പരസ്പര ബഹുമാനം തുടങ്ങി ഓരോ മനുഷ്യനും കാലാതികാലം പരിപാലിക്കേണ്ടതായ സംഗതികളെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പരിചയപ്പെടുത്തിയ ‘മഹാബലി’ എന്ന രാജാവിന്റെ മാനസിക വ്യാപ്തിയാണ് ഓണത്തിന്റെ ഏറ്റവും പ്രധാന സവിശേഷതയായി കഥാകാരി കണക്കാക്കുന്നത്.
ഓണത്തെ ഹൈന്ദവവത്കരിച്ച് വര്‍ഗ്ഗീയതയുടെ പരിവേഷം ചാര്‍ത്തുന്നവരോട് ഈ അമ്മയ്ക്ക് ഒന്നേ പറയാനുള്ളൂ. ഹിന്ദുവിന്റെ ഒരു തത്വശാസ്ത്രഗ്രന്ഥത്തിലും വര്‍ഗ്ഗീയതയെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. ആചാരങ്ങളില്‍ ഹൈന്ദവീയത നിലനില്‍ക്കുന്നുവെന്നതിന്റെ പേരില്‍ ആക്ഷേപമുന്നയിക്കുന്നവര്‍ സമാനബോധത്തിനും, മാനുഷിക ഐക്യത്തിനും പ്രധാന്യം നല്കുന്നൊരുത്സവത്തിന്റെ അന്തഃസത്തയെയാണ് ചോദ്യം ചെയ്യുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
പഞ്ഞ കര്‍ക്കടകത്തിന്റെ അറുതി നിറഞ്ഞ രാവുകളോട് വിടചൊല്ലി പൊന്നിന് തിരുവോണത്തിന്റെ വരവറിയിച്ച് പടിയ്ക്കലെത്തുന്ന പാണനാരും, തുമ്പിതുള്ളലും, ഊഞ്ഞാലാട്ടവും, കൈകൊട്ടിക്കളിയും, ഓണപ്പൊട്ടനും, ഓണത്തല്ലും ഒട്ടനവധി ഓര്‍മ്മകളും വാക്കുകളിലൂടെയെങ്കിലും പുതുതലമുറയ്ക്ക് കാത്തുവെയ്ക്കുന്ന നല്ല നാളെകളെ പ്രതീക്ഷിച്ചുകൊണ്ട്, ഇന്നിന്റെ ഒരുപിടി ഓണാശംസകള്‍ നമുക്ക് നല്കി കഥയുടെ ശ്രീത്വം വീണ്ടും എഴുത്തുപുരയിലേക്ക്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: