കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് പ്രതിയായ യുവതി രക്ഷപ്പെട്ട സംഭവത്തില്‍ അഞ്ച് ജീവനക്കാര്‍ക്കെതിരെ നടപടി. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി നസീമ(28)രക്ഷപ്പെട്ട സംഭവത്തിലാണ് നടപടി. സംഭവദിവസം ഇവരെ പാര്‍പ്പിച്ച വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെഡ് നേഴ്സ്, സ്റ്റാഫ് നേഴ്സ്, നേഴ്സിംഗ് അസിസ്റ്റന്റ്, അറ്റന്റര്‍ ഗ്രേഡ് ഒന്ന്, അറ്റന്റര്‍ ഗ്രേഡ് രണ്ട് എന്നീ ജീവനക്കാരെയാണ് നിലവിലെ വാര്‍ഡില്‍ നിന്ന് മറ്റൊരു വാര്‍ഡിലേയ്ക്ക് മാറ്റിയത്.
കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ നാരായണ നായക് ആണ് ഇവരെ സ്ഥലം മാറ്റിയത്. സൂപ്രണ്ടിന്റെയും അഡീഷണല്‍ ഡിഎംഒയുടെയും അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇപ്പോഴത്തെ അന്വേഷണത്തില്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന് പറയാന്‍ കഴിയുന്ന അവസ്ഥയില്ലെന്നും ഡിഎംഒ വ്യക്തമാക്കി. സുരക്ഷാ വീഴ്ചയെന്നത് ഈ ജീവനക്കാരുടെ ചുമതലയല്ലെന്നും പോലീസിന്റെ അന്വേഷണറിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണെന്നും ഡിഎംഒ പറഞ്ഞു.
മാനസികാരോഗ്യകേന്ദ്രത്തിലെ ആര്‍എംഒ, സുപ്രണ്ട് എന്നിവരോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിശദമായ അന്വേഷണറിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ നടപടിക്ക് വിധേയരായവര്‍ പ്രത്യക്ഷത്തില്‍ കുറ്റക്കാരാണെന്ന് പറയാനുള്ള യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്നും ഡിഎംഒ പറഞ്ഞു. ഇവിടെയ്ക്ക് സുരക്ഷാചുമതലയ്ക്കായി പോലീസിനെ വിട്ടുതരണമെന്ന് ജില്ലാ കളക്ടറോടും സിറ്റി പോലീസ് ചീഫിനോടും രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ഏറെ കാലമായി ഈ ആവശ്യം ഉന്നയിച്ചുവരികയാണ്. എന്നാല്‍ ഇതുവരെ ഇത് സംബന്ധിച്ച ഒരു അനുകൂലതീരുമാനം ബന്ധപ്പെട്ടവരില്‍ നിന്ന് ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ആഗസ്റ്റ് 15 നാണ് യുവതി മഴു ഉപയോഗിച്ച് ബാത്ത് റൂമിന്റെ ചുമര് തുരന്ന് രക്ഷപ്പെട്ടത്. മൂന്ന് പുതപ്പുകള്‍ കൂട്ടിക്കെട്ടിയാണ് ചുറ്റുമതിലിന് പുറത്തേയ്ക്ക് നസീമ രക്ഷപ്പെട്ടതെന്നും പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: