പാലക്കാട്: സ്നേഹത്തിന്റെ കാരുണ്യ ക്ഷേത്രമായി മാതൃജ്യോതി ബാലസദനമെന്ന സ്വപ്നം പൂര്‍ണ്ണതയില്‍. ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനായി ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സക്ഷമക്കുകീഴില് പ്രവര്‍ത്തിക്കുന്ന കൃഷ്ണജ്യോതി സ്വാശ്രയകേന്ദ്രത്തിന്റെ മറ്റൊരു നാഴികകല്ലാണ് മാതൃജ്യോതി ബാലസദനം. അനാഥബാല്യങ്ങള്ക്കൊരു ആശ്രയകേന്ദ്രമായി ജീവിതവെളിച്ചം നല്കുവാന് ആരംഭിച്ച മാതൃജ്യോതി ബാലസദനം ഗൃഹപ്രവേശന ചടങ്ങ് ആര്.എസ്.എസ്. ക്ഷേത്രീയ സമ്പര്‍ക്കപ്രമുഖ് എ.ആര്. മോഹന്‍ ഉദ്ഘാടനംചെയ്തു.
ആരോരുമില്ലാതെ സമൂഹത്തിന്റെ പുറംപോക്കുകളില്‍ അലയാന്‍ വിധിക്കപ്പെട്ട ബാലകൗമാര പ്രായത്തിലുള്ള ആണ്‍കുട്ടികള്‍ക്ക് പരിരക്ഷയും സ്നേഹസാന്ത്വനങ്ങളുമേകി അവരെ ഉത്തമ പൗരന്മാരാക്കി വളര്‍ത്തിയെടുക്കുക എന്നതാണ് മാതൃജ്യോതി ബാലസദനത്തിന്റെ ലക്ഷ്യം. സമദൃഷ്ടി,ക്ഷമതാവികാസം, അനുസന്ധാനം എന്നിവയിലൂടെ കാഴ്ച്ചയുടെ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള ഒരു പുനരധിവാസ കേന്ദ്രമെന്ന നിലയ്ക്കാണ് സക്ഷമയുടെ കീഴില്‍ പാലക്കാട് വടക്കന്തറ സൂര്‍ദാസ് നഗറില്‍ ക്യഷ്ണജ്യോതി സ്വാശ്രയകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്.
1997ല്‍ കല്‍ക്കത്തയിലാണ് കാഴ്ച്ചവൈകല്യമുള്ളവര്‍ക്കായി ദേശീയ സംഘടനായ അഖിലഭാരതീയ ദൃഷ്ടിഹീന്‍ കല്ല്യാണ്‍ സംഘ് രൂപീകരിച്ചത്. പിന്നീട് 1999ല്‍ കേരളത്തില്‍ എറണാകുളം കേന്ദ്രീകരിച്ച് സംഘടനയുടെ പ്രവര്‍ത്തനമാരംഭിച്ചു. ഇതിനിടെ ഇവര്‍ക്കായി ഒരു തൊഴില്‍കേന്ദ്രം അല്ലെങ്കില്‍ പുനരധിവാസ കേന്ദ്രം വേണമെന്ന ആശയമുണ്ടായി. തുടര്‍ന്ന് 2002 ജൂലൈ എട്ടിന് കൃഷ്ണജ്യോതി സ്വാശ്രയകേന്ദ്രം എന്നപേരില്‍ മേലാമുറിയിലെ അക്ഷരാനഗറില് പ്രവര്‍ത്തനമാരംഭിച്ചു. വാടകകെട്ടിടത്തിലായിരുന്നു ആദ്യകാല പ്രവര്‍ത്തനം. തുടക്കത്തില്‍ ആറുപേരായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഇന്നിപ്പോള്‍ 15പേരാണുള്ളത്. 2008 വരെ ശേഖരീപുരം, ചാത്തപുരം, മേലാമുറി തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചു. 2008 ഒക്ടോബറിലാണ് വടക്കന്തറിയിലെ സൂര്‍ദാസ് നഗറിലുള്ള അയ്യായിരം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. കാഴ്ചയില്ലാത്തവരുടേയും മറ്റു ഭിന്ന ശേഷിയുള്ളവരുടെയും വികാസത്തിനു വേണ്ടി ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ സമദൃഷ്ടി, ക്ഷമതാ വികാസ് ഏവം അനുസന്ധാന്‍ മണ്ഡല് 2008 ജൂണ്‍ 20 സക്ഷമ എന്ന പേരു സ്വീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.
ഭിന്നശേഷിയുള്ളവര്‍ക്കു വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ മഹാരാഷ്ട്രയിലെ നാഗപൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സക്ഷമ സംഘടിപ്പിക്കുന്നുണ്ട്. മാധവ് നേത്രബാങ്ക് ,മാധവ് ഓഡിയോ ബുക്ക് ലൈബ്രറി, മാധവ ബ്രെയിലി ബുക്ക് നിര്‍മ്മാണ കേന്ദ്രം ,കൃഷ്ണജ്യോതി അഗര്‍ബത്തി നിര്‍മ്മാണ കേന്ദ്രം, നിയമ സഹായ സെല്‍, കാഴ്ചയില്ലാത്തവര്‍ക്കുള്ള ഹോസ്റ്റലുകള്‍ ,സൂര്‍ദാസ് ഭജന മണ്ഡലി സ്വരദൃഷ്ടി എന്ന പേരില്‍ സംഗീത സംഘങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സക്ഷമ നടത്തുന്നുണ്ട് . ഭാരതത്തിലാദ്യമായി കാഴ്ച ശക്തിയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഒരു ഓഡിയോ ബുക്ക് റീഡറും 2009ല്‍ സക്ഷമ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
കൃഷ്ണജ്യോതി സ്വാശ്രയകേന്ദ്രത്തിന്റെ ദ്വിതീയ സംരഭമാണ് മാതൃജ്യോതി ബാലസദനം. ഭിന്നശേഷിയുള്ളവരുടെ മക്കളെയും ആരോരുമില്ലാത്ത കുട്ടികളെയും സംരക്ഷിച്ച് അവരെ ഉന്നതിയിലെത്തിക്കുകാണ് ഇതിലൂടെ ചെയ്യുന്നത്. അഞ്ച് വയസ്സു മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് അഭയം നല്‍കുന്നത്. ഉന്നത വിദ്യാഭ്യാസത്തോടൊപ്പം അവരെ യോഗ, സംസ്കൃതം, സംഗീതം, തുടങ്ങിയ വിഷയങ്ങളിലും പ്രാപ്തരാക്കും. 2012ല്‍ വിജദശമി ദിനത്തിലാണ് എ.വി.ഭാസ്ക്കര്ജിയും, സ്വാമി കൃഷ്ണാത്മാനന്ദയും, എ.ആര്.മോഹന്‍ജിയും ചേര്‍ന്ന് കൃഷ്ണജ്യോതി സ്വാശ്രയകേന്ദ്രത്തിന് തൊട്ടായി മാതൃജ്യോതി ബാലസദനത്തിന് തറക്കല്ലിട്ടത്.
ഗൃഹപ്രവേശന ചടങ്ങില്‍ കോയമ്പത്തൂര്‍ ആര്യവൈദ്യഫാര്‍മസി മാനേജിങ് ഡയറക്ടര്‍ ഡോ. പി.ആര്. കൃഷ്ണകുമാര്‍ അധ്യക്ഷതവഹിച്ചു. ദയാനന്ദാശ്രമം മഠാധിപതി സ്വാമി കൃഷ്ണാത്മാനന്ദസരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.ആര്.ശശിധരന് പ്രഭാഷണം നടത്തി. സക്ഷമയുടെ സംസ്ഥാന കാര്യാലയവും ഡോ.അബ്ദുള്‍കലാം കമ്പ്യൂട്ടര്‍ പരിശീലനകേന്ദ്രവും സക്ഷമ അഖില ഭാരതീയ അധ്യക്ഷന്‍ ഡോ.മിലിന്ദ് കസ്ബേക്കര്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ജില്ലാ സംഘചാലക് എന്‍.മോഹന്‍കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ പരമേശ്വരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: