ചേരാപുരം: വേളം ശാന്തിനഗറില്‍ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാര്‍ തീവെച്ചു നശിപ്പിച്ചു. അരിങ്കിലോട്ട് നദീമിന്റെ മാരുതി സ്വിഫ്റ്റ് കാറാണ് ശനിയാഴ്ച രാത്രി ഒരു മണിക്ക് സാമൂഹ്യ ദ്രോഹികള്‍ അഗ്നിക്കിരയാക്കിയത്. നദീം ഷാര്‍ജയിലാണ്. കാര്‍ പിതാവിന്റെ അനുജന് അബ്ദുള്‍ സലീമിന്റെ വീട്ടില്‍ നിര്‍ത്തിയിട്ടതായിരുന്നു. രാത്രി 1.20ന് സലീമിന്റെ ഭാര്യ വണ്ടിയുടെ അലാറം അടിയുന്നത് കേട്ട് ഉണര്‍ന്നു നോക്കിയപ്പോഴാണ് കാര്‍ കത്തുന്നത് കണ്ടത്. കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. അയല്‍വാസികള്‍ ഓടിയെത്തി തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നാദാപുരം ഡിവൈഎസ്പി, കുറ്റിയാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സംഭവസ്ഥലത്തെത്തി. ഒരാഴ്ചക്കുള്ളില്‍ വേളം പ്രദേശത്ത് നടക്കുന്ന രണ്ടാമത്തെ സംഭവമാണ്. വേളം കൂളിക്കുന്നിലെ പുതുശ്ശേരി മീത്തല്‍ മുഹമ്മദലിയുടെയും പിതാവിന്റെയും മോട്ടോര്‍ സൈക്കിളുകള്‍ വീട്ടിലെ പോര്‍ച്ചില്‍ നിന്നും തീവെച്ച് നശിപ്പിച്ചിരുന്നു. കുറ്റിയാടി പോലീസ് കേസ്സെടുത്തു അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: