ആക്രമണത്തില്‍ നിന്ന് വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കൊമ്പുകൊണ്ടുള്ള ആക്രമണത്തില്‍ ഗര്‍ഭിണിയായ പശുവിന് ഗുരുതര പരിക്ക്
മറയൂര്‍ : കാട്ടാനയുടെ ആക്രമണമൊഴിയാതെ മറയൂര്‍ മേഖല. കഴിഞ്ഞ ദിവസം മറയൂര്‍ കോളനി, കരിമുട്ടി എന്നിവിടങ്ങളില്‍ എത്തിയ ചില്ലിക്കൊമ്പന് നാടിനെ ഒന്നടങ്കം വിറപ്പിച്ചു. ഒരാഴ്ച മുമ്പ് വ്യാപാരിയായ ഹബീബുള്ളയെ കൊന്ന കാട്ടാനയാണ് നാടിനെ വിറപ്പിക്കുന്നത്. ശനിയാഴ്ച രാത്രി 2 മണിയോടെ കരിമുട്ടി മീനാക്ഷിയമ്മയുടെ വീടിന് മുന്നില്‍ എത്തിയ ആന തകര ഷീറ്റുകൊണ്ട് നിര്‍മ്മിച്ച വാതില്‍ കൊമ്പിന് കുത്തി തുറക്കാന്‍ ശ്രമിച്ചു. ആനയുടെ ആക്രമണത്തില്‍ വീടിന്
സാരമായ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. ശബ്ദമുണ്ടാക്കാതെ വീടിനുള്ളില്‍ പതുങ്ങിയിരുന്നതുകൊണ്ടാണ് മീനാക്ഷിയമ്മ രക്ഷപ്പെട്ടത്. വനപാലകര്‍ ഓടിച്ചുവിട്ട കാട്ടാനയാണ് മീനാക്ഷിയമ്മയുടെ പറമ്പില്‍ എത്തിയത്. ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം ലഭിച്ച ഒന്നര ഏക്കര്‍ പറമ്പിലെ തെങ്ങുകളും കമുകുകളും ആന പിഴുതെറിഞ്ഞു. സമീപവാസികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വനപാലകര്‍ എത്തിയാണ് ആനയെ ഇവിടെനിന്നും തുരത്തിയത്. മറയൂര്‍ കോളനി പുതച്ചിവയല്‍ ആനമുടി റിസോര്‍ട്ടിന് സമീപം എത്തിയ ചില്ലിക്കൊമ്പന് ഇവിടെ കെട്ടിയിരുന്ന 7 മാസം ഗര്‍ഭിണിയായ പശുവിനെ കുത്തി പരിക്കേല്‍പ്പിച്ചു. മേലാടി സേനന്പിള്ളിയില് ഏലിയാസ് തോമസിന്റെ പശുവാണിത്. മേയാനായി പശുവിനെ ഇവിടെ കെട്ടിയിരുന്നതാണ്. ഗുരുതരമായി പരിക്കേറ്റ പശു വെറ്ററിനറി ഡോക്ടറുടെ പരിചരണത്തിലാണ്. ഹബീബുള്ളയുടെ മരണശേഷം പ്രദേശവാസികള്‍ രാത്രിയില്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ്. ഇതേ സ്ഥലത്തുതന്നെയാണ് ആന വീണ്ടും എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: