സായ്പല്ലവി
തമിഴ്നാട്ടിലെ കോയമ്പത്തൂരാണ് ജനിച്ചു വളര്‍ന്നതും പഠിച്ചതുമെങ്കിലും ഓണം എനിക്ക് പ്രിയപ്പെട്ട ഉത്സവമാണ്. ഓണത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ആദ്യം ഓടിയെത്തുക സ്കൂളിലെ ഓര്‍മകളാണ്. കോയമ്പത്തൂരിലെ അവില കോണ്‍വെന്റ് സ്കൂളിലായിരുന്നു പഠനം. അവിടെ ധാരാളം മലയാളിക്കുട്ടികള്‍ ഉണ്ടായിരുന്നതുകൊണ്ട് ഓണത്തോടനുബന്ധിച്ച് നിരവധി മത്സരങ്ങളുണ്ടായിരുന്നു. നാടകവും ഓണപൂക്കളമത്സരവും മാവേലി വേഷവുമെല്ലാം ചേര്‍ന്ന് സ്കൂളിലെ ഓണക്കാലം അടിപൊളിയായിരുന്നു. സ്കൂള്‍ ജീവിതത്തിനുശേഷം മെഡിസിന് പഠനത്തിനായി ജോര്‍ജിയയിലേക്ക് പോയതോടെ ഓണാഘോഷമൊന്നുമില്ലാതായി.
കഴിഞ്ഞവര്‍ഷം പ്രേമത്തിന്റെ സെറ്റിലാണ് ഓണത്തിന്റെ ഓര്‍മകള്‍ വീണ്ടും മനസിലേക്കോടിയെത്തിയത്. മലരേ എന്ന ഗാനവും അനുബന്ധ സീനുകളും ഷൂട്ട് ചെയ്തത് യുസി കോളേജില്‍ വച്ചായിരുന്നു. ഓണാവധിക്കാലത്തായിരുന്നു ഷൂട്ടിംഗ്. പ്രേമത്തില്‍ കേരള സാരിയൊക്കെ ഉടുത്ത് സദ്യയൊക്കെ ഉണ്ടുള്ള സീനുണ്ടായിരുന്നു. അത് ശരിക്കും ആസ്വാദിച്ചു. സദ്യയേക്കാള്‍ ഞാന്‍ ആലോചിച്ചത് പായസം കുടിക്കലായിരുന്നു. കിട്ടിയ അവസരങ്ങളിലെല്ലാം പായസത്തിന്റെ രുചി ശരിക്കും ആസ്വാദിച്ചു.
കുറച്ചുദിവസത്തിനിടയില് ഷൂട്ട് തീര്‍ക്കണമെന്നതിനാല്‍ പ്രേമം ടീമിന് ഓണാഘോഷമൊന്നും സംഘടിപ്പിക്കാനായില്ല.ഇത്തവണ ഓണം പരീക്ഷാ ചൂടിലാണ്. അവസാനവര്‍ഷ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ വീട്ടില്‍ തന്നെയാണ്. അതുകൊണ്ട് അധികം ആഘോഷങ്ങള്‍ ഒന്നുമില്ല. കുറെ സാരികള്‍ വാങ്ങണം. സാരി ഇഷ്ടവേഷമാണ്. സപ്തംബര്‍ ആറിന് കൊച്ചിയില്‍ ഒരു പരിപാടിക്കെത്തുന്നു. അതിനുശേഷം 16ന് വീണ്ടും ജോര്ജിയായി പോകും. എല്ലാമലയാളികള്‍ക്കും മലരിന്റെ ഓണാംശംസകള്‍.
നിഖിലാ വിമല്‍
ഓണാഘോഷങ്ങള്‍ ഏറെയും സ്കൂളിലായിരുന്നു. ഭരണങ്ങാനം സ്കൂളിലായിരുന്നപ്പോള്‍ ഹോസ്റ്റലില്‍ നിന്നാണ് പഠിച്ചിരുന്നത്. കണ്ണൂരിലെ വീട്ടിലെത്തിയാല്‍ പൂക്കളവും ഓണക്കോടിയും ഓണസദ്യയുമുണ്ടാവും. കണ്ണൂരിലെ ഓണസദ്യക്ക് നോണ്‍ വെജുമുണ്ടാകുമെന്നതാണ് ഒരു പ്രത്യേകത. മിക്കപ്പോഴും അച്ഛനും അമ്മയും ഞാനും മാത്രമാവും ഓണത്തിനുണ്ടാവുക. ചേച്ചി അഖില കുറേക്കാലമായി ദല്‍ഹിയിലാണ്. കുറച്ച് കുടുംബസുഹൃത്തുക്കളുമുണ്ടാകും. കോളേജിലെ ഫ്രണ്ട്സില്‍ ചിലരും ഓണത്തിനുണ്ടാവും. കോളേജില്‍ ഓണാഘോഷവും മലയാളി മങ്ക മത്സരങ്ങളുമൊക്കെയുണ്ടെങ്കിലും അത്തപൂക്കളമത്സരത്തിന് മാത്രമേ ഞാനുണ്ടാവൂ.
വീട്ടില്‍ പാചകത്തിന് അമ്മയോടൊപ്പം അടുക്കളയില്‍ കയറും. പായസവും പുളിയിഞ്ചി ഉണ്ടാക്കലും എന്റെ ഡ്യൂട്ടിയാണ്. സദ്യക്കുശേഷം ടിവിയുടെ മുമ്പിലുണ്ടാകും. തമിഴ് സിനിമയായ ഒന്പതുകുഴിസസത്തിന്റെ ലൊക്കേഷനില്‍ ഓണമാഘോഷിച്ചതാണ് വേറിട്ട ഓര്‍മ്മ. അന്ന് അവിടെ ഓണസദ്യയൊരുക്കി വരുത്തിയിരുന്നു. ഇത്തവണ സിനിമയില്‍നിന്ന് കിട്ടിയ കാശുകൊണ്ട് അമ്മൂമ്മമാര്ക്കെല്ലാം എന്റെ വക ഓണക്കോടി വാങ്ങി നല്‍കും.
ദീപ്തി സതി
മുംബൈയിലെ അന്ധേരിയിലെ വീട്ടില്‍ എല്ലാവര്‍ഷവും ഓണം ആഘോഷിക്കാറുണ്ട്. അച്ഛന് ദിവ്യേഷ് സതി നൈനിറ്റാള്‍ സ്വദേശിയാണ്. അമ്മ മാധുരി കൊച്ചി പച്ചാളം സ്വദേശിനിയാണ്. അമ്മ മലയാളിയായതിനാല്‍ കുട്ടിക്കാലം മുതല്‍ ഓണം പ്രധാന ആഘോഷമാണ്. ഓണത്തിന് അമ്മ കേരളീയരീതിയില്‍ കസവുസാരിയും അമ്മ അച്ഛന് കസവുമുണ്ടും ഉടുക്കും. എനിക്ക് കേരളീയ മാതൃകയിലുള്ള ഡ്രസ്സായിരിക്കും കിട്ടുക. മുംബൈയിലെ വീട്ടില്‍ ഗംഭീര ഓണസദ്യയുണ്ടാവും. ഓണദിസവും ചിങ്ങം ഒന്നിനും ക്ഷേത്രദര്‍ശനവും പതിവാണ്. ഇത്തവണയും ചിങ്ങം ഒന്നിന് അമ്മയും അച്ഛനുമൊത്ത് ഗോരേഗാവിലെ അയ്യപ്പക്ഷേത്രത്തിലും ശിവക്ഷേത്രത്തിലും ഹനുമാന് ക്ഷേത്രത്തിലും പോയിരുന്നു. അമ്മയേക്കാള്‍ ഓണമാഘോഷിക്കാന്‍ അച്ഛനാണ് ഇഷ്ടം. മുബൈയില്‍ ഓണദിവസവും ക്ലാസുണ്ടാവും. പക്ഷേ ഓണമായതിനാല്‍ ഒട്ടുമിക്കവരും ഉച്ചയ്ക്ക് ഓണമാഘോഷിക്കും. കോളേജിലെ എന്റെ കൂട്ടുകാര്‍ എല്ലാം ഓണസദ്യയുണ്ണാന്‍ വീട്ടിലുണ്ടാവും. രണ്ട് മൂന്ന് കൊല്ലമായി എന്റെ ഓണവേഷം കേരളീയ സാരിയാണ്. ഓണം സദ്യയോടൊപ്പമുള്ള അടപായസമാണ് ഫേവറിറ്റ.്
അമ്മയുടെ തറവാട്ടില്‍ ഓണാമാഘോഷിക്കാനായിട്ടില്ല എന്നതാണ് ഇപ്പോഴും മനസിലുള്ള നിരാശ. ഓണക്കാലത്ത് അവധിയുണ്ടാവില്ല. അതിനുമുമ്പ് നാട്ടിലെത്തി മടങ്ങും. അമ്മയുടെ മാമനും സഹോദരിയുമൊക്കെ നാട്ടിലാണ്. ഇത്തവണയാണ് ഒന്ന് ഫ്രീയായത്. തിരുവോണം വീട്ടില്‍ തന്നെയാകും. അമ്മയുടെ വീട്ടില്‍ പോകണമെന്നുണ്ട്. നടക്കുമോ എന്നറിയില്ല. എല്ലാവര്ക്കും ഓണാംശംസകള്‍.
മൃദുല മുരളി
കുടുംബവീട് ഒറ്റപ്പാലത്താണെങ്കിലും ഏറെക്കാലവും എറണാകുളത്തായിരുന്നു താമസം. അച്ഛന് മുരളീധരന്‍നായര്‍ ഫാക്ടിലെ ഉദ്യോഗസ്ഥനായിരുന്നതിനാല്‍ ഓണക്കാല അവധിയാഘോഷങ്ങള്‍ കുറവായിരുന്നു. ഓണം ശരിക്കും ആഘോഷിച്ചത് സ്കൂള്‍ ജീവിതത്തിലാണ്. അസീസി വിദ്യനികേതനിലായിരുന്നു പഠനം. തനതായ രീതിയില്‍ ഓണാഘോഷം സംഘടിപ്പിക്കുന്ന സ്കൂളിലായിരുന്നു അത്. ഓണപ്പാട്ട്, ഉറിയടിക്ക പൂക്കളം മുതല്‍ ഓണത്തല്ലുവരെയുണ്ടായിരുന്നു.
ആ ഓണക്കാലമാണ് എന്നും മനസിനോടു ചേര്ന്നുനില്ക്കുന്നത്. എറണാകുളം സെന്റ് തേരേസസിലെത്തിയപ്പോഴും ഓണാഘോഷമുണ്ടായിരുന്നു. കോളേജിലെ അവസാനവര്‍ഷത്തില്‍ മലയാളി മങ്കയായി തെരഞ്ഞെടുക്കപ്പെട്ട ഹൃദ്യമായ അനുഭവമായിരുന്നു. പിജി പഠനം ചൈന്നൈയിലെ എംഒപി വൈഫ്നൂവ് കോളേജിലായിരുന്നു. ആ രണ്ടുവര്‍ഷവും ഓണം മിസ് ചെയ്തു.
എറണാകുളത്ത് വീട്ടിലുള്ളപ്പോള്‍ പൂക്കള്‍ വാങ്ങി പൂക്കളം ഒരുക്കും. സദ്യം കഴിക്കും. ടിവി പരിപാടികള്‍ കാണും. വൈകിട്ട് പുറത്തുപോയി രാത്രി ഭക്ഷണം കഴിക്കും. ഇത്തവണത്തെ തിരുവോണദിനത്തിന് പ്രത്യേകതയുണ്ട്. എന്റെ ആദ്യ തമിഴ് ചിത്രമായ “’ചിക്കിക്കു ചിക്കുക്കുച്ചേ’ റിലീസാവുന്നത് തിരുവോണത്തിനാണ്. അമ്മ ലതാമേനോനുമൊത്ത് ഇത്തവണ ചെന്നൈയിലാവും തിരുവോണദിനം.
അനുപമ പരമേശ്വരന്
അച്ഛനും അമ്മയും പറഞ്ഞുതന്ന അവരുടെ ഓണക്കാലങ്ങളെക്കുറിച്ച് കേട്ടാണ് വളര്‍ന്നത്. ഓണദിവസങ്ങളില്‍ പുലര്‍ച്ചെയെഴുന്നേറ്റ് പൂക്കള്‍ ശേഖരിക്കാനുള്ള യാത്ര, തുളസിപ്പൂവും കാക്കപൂവും തുടങ്ങി ഞാനിന്നുവരെ കണ്ടിട്ടില്ലാത്ത പൂക്കളും ശേഖരിച്ചുള്ള യാത്ര, ഓണകളമൊരുക്കല്, തൃക്കാക്കരയപ്പനെ ഒരുക്കല്‍, ഓണകളികള്‍, ഓണത്തല്ല് ഇതൊക്കെ ഇപ്പോള്‍ അന്യമാണ്. എന്റെ കുട്ടിക്കാലത്തു തന്നെ ഓണത്തിനു മാറ്റങ്ങള്‍ വന്നുതുടങ്ങിയിരുന്നു. ഇന്ന് ആഘോഷത്തിനുവേണ്ടിയുള്ള ഓണമാണ്.
കുട്ടിക്കാലത്ത് പത്തുദിവസവും പൂക്കളമിട്ടിരുന്നു. അച്ഛനും അമ്മയും ഒപ്പം കൂടും. ഇരിങ്ങാലക്കുടയിലായിരുന്നപ്പോഴാണ് അത്. പഠനം കോട്ടയത്തേക്കു മാറിയതോടെ കോളേജിലെ ഓണാഘോഷം പ്രീയപ്പെട്ടതായി. പക്ഷേ പ്രേമത്തിന്റെ സെറ്റിലായതിനാല് കഴിഞ്ഞവര്‍ഷം കോളേജിലെ ഓണാഘോഷം മിസ് ചെയ്തു. പ്രേമത്തിന്റെ സെറ്റില്‍ എന്റെ ഷൂട്ടിംഗ് സമയത്ത് ആഘോഷമുണ്ടായിരുന്നില്ല. ഓണത്തിനു മുമ്പത്തെ ദിവസം അച്ഛാമ്മ മരിച്ചു. അതോടെ കഴിഞ്ഞവര്‍ഷം ഓണാഘോഷങ്ങള്‍ ഒന്നുമില്ലായിരുന്നു.
ഇത്തവണയും കോളേജിലെ ഓണാഘോഷം നഷ്ടമായി. പരിപാടിയുള്ളതിനാല്‍ 21ന്റെ ആഘോഷത്തില്‍ പങ്കെടുക്കാനായില്ല. ഇത്തവണ ഓണം വീട്ടില്‍ അടിച്ചുപൊളിക്കും. കസിന്‍സൊക്കെ നാട്ടില്‍ വരും. നാട്ടിലുള്ള പല സുഹൃത്തുക്കളും ഇപ്പോള്‍ അവിടെയില്ല. അതൊരു നഷ്ടമാണ്. കുറേക്കാലമായി വീട്ടിലിരുന്നു ടിവിയില്‍ സിനിമ കണ്ടിട്ട് ഓണസദ്യയൊക്കെ ഉണ്ട് വീട്ടിലിരുന്ന് ടിവി കാണും. പണ്ട് ഓണക്കോടി കിട്ടുക വലിയകാര്യമായിരുന്നു. ഇപ്പോള്‍ ഓണക്കോടിയെന്ന സങ്കല്പമൊക്കെ മാഞ്ഞുതുടങ്ങി. എന്നേക്കാള്‍ കഷ്ടമാണ് അനിയന്റെ കാര്യം. അവന്റെ ഓണം ടിവി കാണലാണ്.
ഓണത്തിനു ഏറ്റവും ഇഷ്ടം ഓണസദ്യയാണ്. എന്നാല്‍ പാചകത്തിന് ഞാനില്ല. ഇടയ്ക്കിടെ അടുക്കളയില്‍ കയറി അമ്മയെ ബുദ്ധിമുട്ടിക്കും. നല്ല ചീത്ത കേള്‍ക്കുമ്പോള്‍ പുറത്തിറങ്ങും. കാളനാണ് ഇഷ്ടം. അമ്മയുണ്ടാക്കുന്ന കാളനാണെങ്കില്‍ എനിക്ക് സദ്യക്ക് മറ്റൊന്നും വേണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: