കോഴിക്കോട്: എം.ടിയുടെ ചിത്രങ്ങളുമായി എം.ടി ചിത്രം ചരിത്രം പ്രദര്‍ശനത്തിന് തുടക്കമായി. പ്രദര്‍ശനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ എം.ടിനടത്തിയ പ്രസംഗം ഏവരിലും ചിരിയുണര്‍ത്തി. ഫോട്ടോ ഗ്രാഫിയെകുറിച്ച് തനിക്കുള്ള അഭിപ്രായവും എം.ടി വ്യക്തമാക്കി. ഫോട്ടോഗ്രാഫിയെന്നത് മുമ്പ് വലിയൊരു കലയായിരുന്നുവെന്ന് എം.ടി അഭിപ്രായപ്പെട്ടു. ”ഇപ്പോള്‍ സാങ്കേതികവിദ്യ വികസിച്ചതോടെ കൊച്ചുകുട്ടികള്‍ വരെ ഫോട്ടോയെടുക്കാന്‍ തുടങ്ങി. ഫോട്ടോയ്ക്ക് വേണ്ടി നിന്നുകൊടുക്കാന്‍ അന്നും ഇന്നും വലിയ താല്പര്യമില്ല. പലപ്പോഴും അത് സ്വകാര്യതയ്ക്ക് എതിരായാണ് തോന്നുക. കാണാന്‍ വരുന്നവര്‍ ഒപ്പം നിന്ന് മൊബൈലില്‍ ഒരു ഫോട്ടോയെടുത്തോട്ടെയെന്ന് ചോദിക്കും. എന്താ അതിന് പറയുക..? സെല്‍ഫി. സെല്‍ഫിയെടുക്കാന്‍ വരുന്നവരെ ഓടിക്കും ഞാന്‍.
നല്ല മൂഡിലല്ലെങ്കില്‍ ഫോട്ടോഗ്രാഫര്‍മാരെയും ഓടിച്ചിട്ടുണ്ട്. വീട്ടില്‍ വന്ന് വളര്‍ത്തുനായക്ക് അരികിലേക്ക് പോയ ഫോട്ടോഗ്രാഫര്‍ റസാഖ് കോട്ടയ്ക്കല്‍ ഉള്‍പ്പെടെ പലരെയും ദേഷ്യത്തോടെ പറഞ്ഞയച്ചിട്ടുണ്ട്. എനിക്ക് തന്നെ ആ ഡോബര്‍മാനെ പേടിയാണ്. അപ്പോഴാണ് അയാള്‍ രാവിലെ തന്നെ വന്ന് അതിനെകൊണ്ട് ബഹളമുണ്ടാക്കിക്കുന്നത്. അപ്പോ തന്നെ അയാളെ പറഞ്ഞോടിച്ചു. ദേ ഈ വിനയനെയും മുമ്പ് ഞാന്‍ ഓടിച്ചിട്ടുണ്ട്’എം.ടി തുടര്‍ന്നു.
എം.ടിയെന്ന പ്രതിഭ പതിവില്ലാത്ത വിധം പ്രസന്നവദനനായി മനസ്സ് തുറന്ന് ചിരിച്ച് തമാശ പറഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരും മാധ്യമപ്രവര്‍ത്തകരുമടങ്ങുന്ന സദസ്സും ഉള്ളുതുറന്ന് ചിരിച്ചു. സ്വതസിദ്ധമായ നിര്‍വികാരഭാവം വെടിഞ്ഞ് എം ടി വാസുദേവന്‍ നായരുടെ വാക്കുകളില്‍ നര്‍മ്മം കലര്‍ന്നു. അന്ന് എം ടിയുടെ രോഷം ഭയന്ന് ഫോട്ടോയെടുക്കാതെ മടങ്ങിയ കെ ആര് വിനയനും ആ ചിരിയില്‍ പങ്കുകൊണ്ടതോടെ ചടങ്ങിന് വേറിട്ടൊരു മാനം കൈവന്നു.
കോഴിക്കോട് വികസന അതോറിറ്റിയുടെ സഹകരണത്തോടെ കാലിക്കറ്റ് പ്രസ്ക്ലബ്ബ്, ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ സംഘടിപ്പിച്ച ‘എം. ടി. ചിത്രം ചരിത്രം’ പ്രദര്‍ശനത്തിന്റെ ഉദ്ഘാടന ച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എം ടി. പതിവുശൈലി വിട്ട് നടത്തിയ പ്രസംഗത്തില്‍ നര്‍മ്മവും പണ്ട് കാലത്ത് ഒപ്പം നടന്നവരെക്കുറിച്ചോര്ത്തുള്ള ദുഃഖവും നിറഞ്ഞുനിന്നു.
തുടക്കം മുതല്‍ തനിക്ക് ഫോട്ടോഗ്രാഫിയില്‍ കമ്പമുണ്ടായിരുന്നെന്നും, താല്പര്യം തോന്നിയ ഒരേയൊരു സാങ്കേതിക വിദ്യ ഫോട്ടോഗ്രാഫിയെന്ന കല മാത്രമാണെന്നും എം. ടി അഭിപ്രായപ്പെട്ടു. ‘ജ്യേഷ്ഠനായ ബാലകൃഷ്ണന് ഒരു നല്ല ഫോട്ടോഗ്രാഫറായിരുന്നു. അദ്ദേഹം ഉപേക്ഷിച്ച പഴയ കൊഡാക്ക് ബോക്സ് ക്യാമറ കുറേകാലം താന്‍ യാത്രകളിലും അല്ലാതെയും ഒപ്പം കൊണ്ടുനടന്നിട്ടുണ്ട്. കുറേ ഫോട്ടോകള്‍ പകര്‍ത്തിയിരുന്നെങ്കിലും പലതിന്റെയും നെഗറ്റീവുകളും പകര്‍പ്പുകളും ഇപ്പോള്‍ കൈവശമില്ല. താനെടുത്ത ‘പുസ്തകം വായിക്കുന്ന അച്ഛന്റെ ‘പടം മാത്രമാണ് അദ്ദേഹത്തിന്റേതായി അവശേഷിക്കുന്ന ഒരു ഓര്‍മ്മചിത്രം. അമ്മയുടെ പഴയ സ്റ്റുഡിയോ ഫോട്ടോ കൈവശമുണ്ട്. ജീവിതത്തിലെ പോയ്പ്പോയ ചില നിമിഷങ്ങളുടെയും കാലങ്ങളുടെയും തിരിച്ചുപിടിക്കലാണ് പഴയ ഫോട്ടോകള്‍. അതിനാല്‍ തന്നെ പണ്ട് ഫോട്ടോഗ്രാഫിയെന്നത് വലിയൊരു ഉപകാരമായിരുന്നു. പുനലൂര്‍ രാജന് പകര്‍ത്തിയ അമേരിക്കന്‍ പര്യടനത്തിന് മുമ്പുള്ള യാത്രയയപ്പ് ചടങ്ങിന്റെ ഫോട്ടോ കാണുമ്പോള്‍ ഇപ്പോള്‍ വലിയ വിഷമം തോന്നുന്നു. പട്ടത്തുവിള കരുണാകരനും, തിക്കോടിയനും, അരവിന്ദനുമുള്പ്പെടെ ആ ഫോട്ടോയിലെ സുഹൃത്തുക്കളിലാരും ഇന്ന് ജീവിച്ചിരിപ്പില്ല.
രാജന് തന്നെ പകര്‍ത്തിയ ഒരു ഫോട്ടോയില്‍ പ്രേംജി, വൈലോപ്പിള്ളി, തകഴി, ജോസഫ് മുണ്ടശ്ശേരി എന്നിവര്‍ക്കൊപ്പം നിന്ന് താന്‍ ബീഡി വലിക്കുന്ന ഒരു ദൃശ്യമുണ്ട്. അത് കാണുമ്പോള്‍ എന്തൊരു ധിക്കാരമാണ് അന്ന് കാണിച്ചതെന്ന് തോന്നിപ്പോവും. ജീവിതത്തിലെ മറക്കാനാവാത്ത ചില നിമിഷങ്ങള്‍ പിടിച്ചെടുത്ത ഫോട്ടോഗ്രാഫര്‍മാരോട് നന്ദിയുണ്ടെന്നും എം. ടി. കൂട്ടിച്ചേര്‍ത്തു.
സി. ഡി. എ ചെയര്മാന് അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ ചലച്ചിത്ര ഛായാഗ്രാഹകനും സംവിധായകനുമായ വേണു. ഉദ്ഘാടനം ചെയ്തു. ബി. ജയചന്ദ്രന്, പി മുസ്തഫ, കെ. ആര്. വിനയന്, അജീബ് കാമാച്ചി എന്നിവര്‍ സംസാരിച്ചു.
കാലിക്കറ്റ്പ്രസ്ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ സ്വാഗതവും, സെക്രട്ടറി ടി. കെ. ബാലനാരായണന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: