മുതലക്കോടം : മുതലക്കോടം സെന്റ് ജോര്‍ജ്ജ് യുപി സ്കൂളില്‍ പ്രേമം സിനിമയുടെ സ്റ്റൈലില്‍ മുണ്ടുടുത്ത് എത്തിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ പുറത്താക്കി. 40 വിദ്യാര്‍ത്ഥികളെയാണ് മുണ്ടുടുത്ത് എത്തി എന്ന കാരണത്താല്‍ പുറത്താക്കി ഗേറ്റ് പൂട്ടിയത്. ഓണാഘോഷത്തില്‍ പങ്കെടുക്കാനായിട്ടാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്. മുന്‍കൂട്ടി മുണ്ട് ധരിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും വിദ്യാര്‍ത്ഥികള്‍ മുണ്ട് ധരിച്ച് എത്തുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഇവരെ പുറത്താക്കിയത്. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും തമ്മില്‍ ഇത് സംബന്ധിച്ച് വാക്കേറ്റം ഉണ്ടായി. വിഷയം സ്ഥലത്തെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുത്തതോടെ ബഹളമായി. ഇവര്‍ സംഘടിച്ചെത്തി ഗേറ്റിന്റെ താഴ് തകര്‍ത്ത് ഉള്ളില്‍ കയറി ബഹളം ഉണ്ടാക്കി. തുടര്‍ന്ന് മുണ്ട് ധരിച്ച് എത്തിയവരുടെ മാതാപിതാക്കളെ വിളിച്ച് വരുത്തി ചര്‍ച്ച നടത്തിയെങ്കിലും പാന്റ്സ് ധരിച്ചെത്തിയവരെ മാത്രമാണ് ഉള്ളില്‍ കയറ്റിയത്. അധ്യാപകര്‍ക്ക് മുണ്ട് ധരിക്കാമെങ്കില്‍ തങ്ങള്‍ക്ക് എന്തുകൊണ്ട് ധരിച്ചുകൂടാ എന്ന് വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു. സ്കൂള്‍ തുറന്ന് എത്തുമ്പോള്‍ കുട്ടികള്‍ക്കെതിരെ നടപടി ഉണ്ടാകുമോ എന്ന ഭയത്തിലാണ് മാതാപിതാക്കള്‍. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രശ്നം ഏറ്റെടുത്തതാണ് കാര്യം ഇത്ര ഗൗരവമാകാന്‍ കാരണമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
ചിത്രം:വിദ്യാര്‍ത്ഥികളെ പുറത്താക്കിയതറിഞ്ഞ് പ്രദേശത്ത് തടിച്ചുകൂടിയ ജനങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: