ബത്തേരി : നഞ്ചന്‍ഗോഡ് – വയനാട് – നിലമ്പൂര്‍ റയില്‍പാത യാഥാര്‍ത്ഥ്യമാക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഡോ. ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ പ്രതേ്യക കമ്പനി രൂപീകരിക്കണമെന്ന് നീലഗിരി – വയനാട് എന്‍എച്ച് ആന്റ് റയില്‍വേ ആക്ഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു. നഞ്ചന്‍ഗോഡ് – നിലമ്പൂര്‍ പാത സംബന്ധിച്ച് ഡോ:ഇ.ശ്രീധരന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ പ്രതേ്യക കമ്പനി രൂപീകരിച്ച് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ഈ റയില്‍പാത നടപ്പാക്കണമെന്നാണ്. ഡോ:ശ്രീധരന് നിര്‍ദ്ദേശിച്ച പ്രകാരമുള്ള സര്‍വ്വേ നടത്തിയാല്‍ നഞ്ചന്‍ഗോഡ് – നിലമ്പൂര്‍ റയില്‍പാതക്ക് 150 കിലോമീറ്റര്‍ ദൈര്‍ഘ്യവും 1800 കോടിരൂപ ചിലവുമാണ് വരിക. വനത്തിലൂടെ പോകുന്ന ഭാഗം മേല്പ്പാലങ്ങളിലായതിനാലും പശ്ചിമഘട്ടത്തില്‍നിന്ന് ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ ഇല്ലാതാവുമെന്നതിനാലും വമ്പിച്ച പരിസ്ഥിതി പ്രാധാന്യമാണ് ഈ റയില്പാതക്കുള്ളത്. ചിലവിന്റെ പകുതി തുക വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുള്ളതാണ്. ഡോ:ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ കമ്പനി രൂപീകരിച്ചാല്‍ പാതക്ക് വിദേശസഹായവും സ്വകാര്യമൂലധനം ലഭ്യമാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, ലൈറ്റ് മെട്രോ, കണ്ണൂര്‍ വിമാനത്താവളം തുടങ്ങി സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതികളെല്ലാം പ്രതേ്യക കമ്പനി രൂപീകരിച്ച് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ ഡോ:ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കാന്‍ തീരുമാനമെടുത്താല്‍ മൂന്ന് വര്‍ഷംകൊണ്ട് നഞ്ചന്‍ഗോഡ് -വയനാട്-നിലമ്പൂര്‍ പാതയിലൂടെ തീവണ്ടികള്‍ ഓടിത്തുടങ്ങും.
വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത സംസ്ഥാനത്തിന് ഒഴിവാക്കാന്‍ പറ്റാത്തതായി മാറുകയാണ്. വിഴിഞ്ഞത്തുനിന്നുള്ള കണ്ടൈനര്‍ ഗതാഗതം നിലവിലുള്ള റയില്‍പാതക്ക് താങ്ങാനാവില്ല. ബാംഗ്ലൂരില്‍നിന്നും ഉത്തരേന്ത്യയില്‍നിന്നും വിഴിഞ്ഞത്തേക്കുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗമാവും നഞ്ചന്‍ഗോഡ് – നിലമ്പൂര്‍ പാത. ഈ റയില്‍പാതയുടെ സാധ്യതയെ സംബന്ധിച്ച് അദാനി ഗ്രൂപ്പുമായി ചര്‍ച്ച നടത്താനും സംസ്ഥാനസര്‍ക്കാര്‍ മുന്‍കൈയെടുക്കണം. നഞ്ചന്‍ഗോഡ്-നിലമ്പൂര്റയില്പാത യാഥാര്‍ത്ഥ്യമായാല്‍ കേരളത്തിന്റെ വാണിജ്യവ്യവസായ ടൂറിസംമേഖലയില്‍ വലിയ തോതിലുള്ള മൂലധനനിക്ഷേപവും തൊഴിലവസരങ്ങളും ഉണ്ടാവും. സംസ്ഥാനത്തിന്റെ പുരോഗതിക്ക് ഇനി ഏറ്റവും മുന്‍ഗണന നല്‍കേണ്ട പദ്ധതി നഞ്ചന്‍ഗോഡ്-വയനട്-നിലമ്പൂര്‍ റയില്‍പാതയാണ്. 2004 മുതല്‍ സംസ്ഥാനസര്‍ക്കാര്‍ ഈ പദ്ധതിക്കായി കേന്ദ്രസര്‍ക്കാറിന്റെ ഔദാര്യത്തിന് കാത്തിരിക്കുകയാണ്. എന്നാല്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള റയില്‍പാതകള്‍ പ്രോത്സാഹിപ്പിക്കുന്ന നയം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച സാഹചര്യം പ്രയോജനപ്പെടുത്തി സ്വകാര്യ വിദേശപങ്കാളിത്തത്തോടെ ഈ പാത യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ മുന്‍കൈ എടുക്കണം
പകുതി തുക മുടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ ബാക്കി തുക കേന്ദ്രം അനുവദിക്കുന്നത് കാത്തിരിക്കാതെ പൊതു-സ്വകാര്യപങ്കാളിത്തത്തിനുള്ള നയപരമായ തീരുമാനമെടുക്കുകയും ഡോ:ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ കമ്പനി രൂപീകരിക്കുകയുമാണ് സംസ്ഥാനസര്‍ക്കാര്‍ അടിയന്തിരമായി ചെയ്യേണ്ടത്.
യോഗത്തില്‍ ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ അഡ്വ:ടി.എം.റഷീദ്, സെക്രട്ടറി വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ:പി.വേണുഗോപാല്‍, പി.വൈ.മത്തായി, ഫാ: ടോണി കോഴിമണ്ണില്‍, വി.മോഹനന്, ഒ.കെ.മുഹമ്മദ്, എം.എ.അസൈനാര്‍, റാംമോഹന്, ജോയിച്ചന്‍ വര്‍ഗ്ഗീസ്, ജോസ് കപ്യാര്‍മല, അഡ്വ:സി.യു.പൗലോസ്, മോഹന്‍ നവരംഗ്, നാസര്‍ കാസിം, ഖല്ദൂന്, അനില്‍, സുരേഷ്.സി.എച്ച്, സംഷാദ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: