കോഴിക്കോട്: ‘വിശപ്പുരഹിത നഗര’മെന്ന മുദ്യാവാക്യം ‘വിശപ്പുരഹിത കോഴിക്കോടെ’ന്നു തിരുത്തിയെഴുതി ഓപ്പറേഷന് സുലൈമാനി രണ്ടാം ഘട്ടത്തിലേക്ക്. വിശക്കുന്നവര്‍ക്ക് ഹോട്ടലുകളില്‍ സൗജന്യ ഭക്ഷണമൊരുക്കി കോഴിക്കോട് നഗരത്തില്‍ തുടങ്ങിയ പദ്ധതി കൊയിലാണ്ടി, വടകര താലൂക്കുകളിലേക്ക് കൂടി വ്യാപിപ്പിച്ചു.
ഇതോടെ ബാലുശ്ശേരിയിലെ നാല് വില്ലേജുകളിലും കുറ്റിയാടി, വടകര എന്നിവിടങ്ങളിലെ ഏഴു വീതം വില്ലേജുകളിലും കൂടി പദ്ധതിയുടെ പ്രയോജനം ലഭിക്കും. ജില്ലാ ഭരണകൂടം കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്സ് അസോസിയേഷനുമായി സഹകരിച്ചാണ് ഓപ്പറേഷന് സുലൈമാനി നടപ്പാക്കുന്നത്.
ബാലുശ്ശേരി വ്യാപാര ഭവനില്‍ നടന്ന ഓപ്പറേഷന് സുലൈമാനി ചടങ്ങ് പുരുഷന് കടലുണ്‍ണ്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.എം. സരോജിനിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് പദ്ധതി വിശദീകരിച്ചു. ഓണത്തിനു ശേഷം ജില്ലയിലെ മറ്റു ഭാഗങ്ങളില്‍ കൂടി പദ്ധതി നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതായി അദ്ദേഹം പറഞ്ഞു.
കുറ്റിയാടി വ്യാപാരി ഭവനിലും വടകര കൊപ്ര ഭവനിലും നടന്ന ചടങ്ങുകളില്‍ ജില്ലാ കലക്ടറായിരുന്നു പദ്ധതിയുടെ ഉദ്ഘാടകന്‍. കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്സ് അസോസിയേഷന് ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സുഹൈല്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. വടകരയില്‍ കെഎച്ച്ആര്‍എ ജില്ലാ ട്രഷറര്‍ എന്‍. സുഗുണന് അധ്യക്ഷനായിരുന്നു. തഹസില്‍ദാര്‍ രവീന്ദ്രന്, കെഎച്ച്ആര്‍എ ഭാരവാഹികളായ ഹബീബ് അഹ്മദ്, എന്‍. ആശിഖ്, സി. ഷമീര്‍, ഗണേശന്, സില്‍ഹാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
നഗരത്തിലെ 60 ഹോട്ടലുകള്‍ക്ക് പുറമെ, പുതിയ 18 വില്ലേജുകളിലെ 70ലേറെ ഹോട്ടലുകള്‍ കൂടി ഓപ്പറേഷന് സുലൈമാനിയില്‍ ഇതോടെ അംഗങ്ങളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: