ഇടുക്കി : സംസ്ഥാന സര്‍ക്കാരിന്റെ മെഗാ പട്ടയമേള 22ന് ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടില്‍ നടക്കും. രാവിലെ 11 മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മെഗാപട്ടയ മേള ഉദ്ഘാടനം ചെയ്യും. റവന്യൂമന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷനായിരിക്കും. ധനകാര്യമന്ത്രി കെ.എം.മാണി, ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹ്യ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിക്കും. മലയോര കര്‍ഷകരുടെ കൈവശഭൂമിക്ക് പട്ടയം, ഭൂരഹിതരില്ലാത്തവര്ക്ക് ഭൂമി, വനഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് വനാവകാശനിയമ പ്രകാരം വനാവകാശ രേഖ തുടങ്ങിയവ പട്ടയമേളയോടനുബന്ധിച്ച് വിതരണം ചെയ്യും. 1993ലെ പ്രത്യേക ഭൂമി പതിവ് ചട്ടപ്രകാരം 3066 ഉം 1964ലെ ഭൂമി പതിവ് ചട്ടപ്രകാരം(പെരിഞ്ചാംകുട്ടി) 1760 ഉം 1964ലെ ഭൂമി പതിവ് ചട്ടപ്രകാരം 518ഉം ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ 8377 ഉം വനാവകാശ രേഖ 320ഉം ഹൈറേഞ്ച് കോളനൈസേഷന്‍ സ്കീം പ്രകാരം 110 ഉം മൂലമറ്റം എ.കെ.ജി കോളനി 93ഉം മുനിസിപ്പല്‍ ഭൂമിപതിവ് 1995 തൊടുപുഴ 88 ഉം പട്ടയങ്ങളാണ് മെഗാ പട്ടയമേളയോടനുബന്ധിച്ച് വിതരണം ചെയ്യുക. ജില്ലയിലെ എല്ലാത്തരം ഭൂമികളിലും പതിവ് ചട്ടങ്ങളിലും ഇടപെട്ട് ശക്തമായ നടപടികള്‍ സ്വീകരിച്ചാണ് മെഗാപട്ടയമേള ജില്ലാ ഭരണകൂടം സംഘടിപ്പിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന നടപടികള്‍ പൂര്‍ത്തീകരിക്കാനും വ്യക്തമായ പുരോഗതി കൈവരിക്കാനും അശ്രാന്തപരിശ്രമമാണ് ജില്ലാ ഭരണകൂടം നടത്തിയത്. പെരിഞ്ചാന്‍ കുട്ടിയില്‍ വനം വകുപ്പിന്റെ തേക്ക് പ്ലാന്റേഷനില്‍ നിന്നും വനം വകുപ്പ് കുടിയൊഴിപ്പിച്ചതായി അവകാശപ്പെടുന്ന വ്യക്തികള്‍ ആയിരത്തിലേറെ ദിവസങ്ങളായി കളക്ട്രേറ്റിനു മുന്പില് നടത്തിവരുന്ന സമരം അവസാനിപ്പിക്കുന്നതിന്് വ്യക്തമായ പരിഹാര മാര്ഗങ്ങള്ക്ക്് മെഗാ പട്ടയമേളയുടെ ഭാഗമായി രൂപം കൊടുത്തിട്ടുണ്ട്. സമരം ചെയ്യുന്ന വ്യക്തികളില്‍ ഭൂമി ലഭിക്കാന്‍ പൂര്‍ണമായോ ഭാഗികമായോ അര്‍ഹതയുള്ള എല്ലാവര്ക്കും പരമാവധി ഒരു ഏക്കര്‍ വരെ നല്‍കാനുള്ള ഭൂമി ദേവികുളം താലൂക്കിലെ കീഴാന്തൂരില്‍ ജില്ലാ കളക്ടര്‍ നേരിട്ട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഭൂമി യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ള വ്യക്തികള്‍ ഈ ഭൂമി പതിച്ചുലഭിക്കാന് അപേക്ഷ നല്‍കിവരുന്നുണ്ട്. സര്‍ക്കാരില്‍ നിന്ന് ഉത്തരവ് ലഭിച്ചാലുടന്‍തന്നെ കണ്ടെത്തിയ ഭൂമി സമരം ചെയ്യുന്നവരില്‍ അര്‍ഹരായ ആദിവാസികള്‍ക്ക് പതിച്ചുനല്‍കി വര്‍ഷങ്ങളായി നീളുന്ന സമരം അവസാനിപ്പിക്കാനാണ് പരിശ്രമിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: