തൊടുപുഴ : കാര്‍ഷികമേഖലയിലെ പ്രതിസന്ധിമൂലം ഓണവിപണി ഉണരാന്‍ മടിക്കുന്നു. കാര്‍ഷിക മേഖലയില്‍ നിന്നും പ്രധാന വരുമാന മാര്‍ഗ്ഗം കണ്ടെത്തിയിരുന്ന നാട്ടുപ്രദേശത്താണ് ഓണ വിപണിയില്‍ മരവിപ്പ് കൂടുതല്‍ അനുഭവപ്പെടുന്നത്. പ്രത്യേകിച്ച് റബ്ബറിന്റെ വില ഇടിഞ്ഞതോടെ നാട്ടുപ്രദേശത്തെ വ്യാപാര മേഖലയിലെ കച്ചവടം താറുമാറായി. ഓണം വന്നെത്തുമ്പോഴേയ്ക്കും ആലസ്യം വിട്ട് വിപണി ഉണരും എന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. വന്‍കിട വസ്ത്ര വ്യാപാര സ്ഥാപനങ്ങളില്‍ മാത്രമാണ് കാര്യമായ കച്ചവടം നടക്കുന്നുള്ളൂ. ഇടത്തരം വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ ഓണക്കാലത്ത് കാണുന്ന തിരക്ക് ഇക്കുറി കാണുന്നില്ല. വന്‍ പരസ്യങ്ങള്‍ നല്കി വന്‍കിട വന്‍കിട വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ ഇടപാടുകാരെ ആകര്‍ഷിക്കുമ്പോള്‍ പിടിച്ചു നില്‍ക്കാനുള്ള തത്രപ്പാടിലാണ് ചെറുകിട വ്യാപാരികള്‍. ഓണക്കാലത്തു പോലും കാര്യമായ ചലനം ഇല്ലാത്തത് പലരേയും നിരാശരാക്കിയിട്ടുണ്ട്. കഴിഞ്ഞ ഓണക്കാലത്തെ അപേക്ഷിച്ച് ഇക്കുറി കച്ചവടത്തില്‍ വന്‍ കുറവ് അനുഭവപ്പെടുന്നതായി ഇടത്തരം വസ്ത്ര വ്യാപാരിയായ അഷറഫ് പി.പി സാക്ഷ്യപ്പെടുത്തുന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില തകര്‍ച്ചയാണ് ഓണ വിപണിയെ പിന്നോട്ടടിച്ചത്. ജ്വല്ലറികളിലും വന്‍കിട വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും മാത്രമായി ഓണവിപണി ഒതുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ഓണം വന്നെത്തുമ്പോഴേയ്ക്കും ആലസ്യം വിട്ട് ഓണവിപണി ഉണരും എന്ന പ്രതീക്ഷയിലാണ് വലിയ വിഭാഗം കച്ചവടക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: