ആലത്തൂര്‍: പരക്കാട്ടുകാവ് ഭഗവതിക്ക് പൂജക്ക് ഇനി സ്വന്തം വനികയിലെ പുഷ്പങ്ങള്‍. തെച്ചിയും തുളസിയും ചെമ്പരത്തിയും ചെമ്പകവും ചെണ്ടുമല്ലിയും ജമന്തിയുമൊക്കെ ക്ഷേത്രവളപ്പില്‍ പൂത്തുലയും. ശ്രീവനം എന്ന് നാമകരണംചെയ്ത പൂജാപുഷ്പവാടിയുടെ ഉദ്ഘാടനം ശനിയാഴ്ച 9.30ന് മലബാര്‍ ദേവസ്വംബോര്‍ഡ് കമ്മീഷണര്‍ കെ. രവികുമാര്‍ നിര്‍വഹിക്കും.
ക്ഷേത്രത്തിന്റെ വടക്കേ രാജഗോപുരത്തിന് മുന്‍വശം ദേവസ്വംവക വളര്ത്തുകാട്ടില്നിന്ന് 15 സെന്റ് സ്ഥലം വേര്‍തിരിച്ചാണ് പൂജാപുഷ്പങ്ങളുടെ പൂന്തോട്ടം ഒരുക്കുന്നത്. കാവശ്ശേരി നെല്ലിത്തറഗ്രാമം ഭാഗീരഥിയമ്മയും കുടുംബവുമാണ് ഇതിനാവശ്യമായ ചെലവ് വഹിക്കുക. പരക്കാട്ടുകാവിന്റെ കീഴേടങ്ങളായ വടക്കേനട ശിവക്ഷേത്രം, കൊങ്ങാളക്കോട് ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിലേക്കാവശ്യമായ പൂജാപുഷ്പങ്ങളും ഇവിടെനിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ.
പരക്കാട്ടുകാവ് ക്ഷേത്രത്തിന് ചുറ്റുമായി 40 ഏക്കറോളം വിസ്തൃതിയില്‍ വളര്ത്തുകാടുണ്ട്. മരങ്ങളൊന്നും മുറിച്ചുനീക്കാറില്ല. പ്രകൃതിയുടെയും തണ്ണീര്‍ത്തടങ്ങളുടെയും സംരക്ഷണ കേന്ദ്രങ്ങളായിരുന്ന പഴയ കാവുകളുടെ പുതിയ കാലത്തെ ഉദാഹരണമാണിത്. കാവിന്റെ സ്വാഭാവിമായ കാനനഭംഗിക്കൊപ്പം ഇനി പൂവാടിയുടെ മനോഹാരിതയും ദേവീചൈതന്യത്തിനൊപ്പം ഭക്തര്‍ക്ക് അനുഭവിക്കാം. ഭഗവതിക്കുള്ള ഭക്തരുടെ അര്‍ച്ചനപോലെ ചെടികള്‍ അവരില്‍നിന്ന് സ്വീകരിച്ചാണ് നടുന്നത്. താമരക്കുളം, വാട്ടര്ഫൗണ്ടന് എന്നിവ ഉണ്ടാകും. പഴമയുടെ പ്രൗഢി തുടിക്കുന്ന പടിപ്പുരയിലൂടെയാകും പൂന്തോട്ടത്തിലേക്ക് പ്രവേശനം. ചെടിനനയ്ക്കാന്‍ സ്പ്രിങ്ലൂ സംവിധാനം ഉണ്ടാകും.
മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് ഏരിയാചെയര്‍മാന്‍ കെ. ഗോപിനാഥന് ശ്രീവനം സമര്‍പ്പിക്കും. ട്രസ്റ്റിബോര്‍ഡ് ചെയര്മാന് എം. രവീന്ദ്രനാഥന്‍ അധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: