ശ്രീകൃഷ്ണപുരം: കുലുക്കിലിയാടില് വൃദ്ധയായ അമ്മയേയും മകളേയും വാര്‍ഡുമെമ്പറും മുസ്ലീം ലീഗ് നേതാവും പിതാവും സഹോദരങ്ങളും ചേര്‍ന്ന് കയ്യേറ്റം ചെയ്തു.
കുലുക്കിലിയാട് പ്ലാവില വീട്ടില്‍ ജാനമ്മ(70), മകള്‍ ഷീല(35) എന്നിവരെയാണ് രണ്ടാംവാര്‍ഡ് മെമ്പറായ ഉമ്മര്കുന്നത്തും കുടുംബാംഗങ്ങളും ചേര്‍ന്ന് കയ്യേറ്റം ചെയ്യുകയും വീട് തകര്‍ക്കുകയും ചെയ്തത്. പരിക്കേറ്റ ഇവര്‍ കടമ്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്.
ഷീലയുടെ തോളെല്ലിനാണ് പരിക്കേറ്റിരിക്കുന്നത്. കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം നടന്നത്. കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ രണ്ടാംവാര്‍ഡ് മെമ്പറായ ഉമ്മര്കുന്നത്തും, പിതാവ് കുന്നത്ത് മുഹമ്മദ്ദ്, സഹോദരങ്ങളായ ഉമ്മറും, അബ്ബാസും ചേര്‍ന്നാണ് വീടൊഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് വൃദ്ധയായ ജാനമ്മയെ മര്‍ദ്ദിക്കുകയും ഇടിഞ്ഞുപൊളിഞ്ഞ വീട് തകര്‍ക്കുകയും ചെയ്തത്. ഇവര്‍ക്കെതിരെ ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്തിട്ടുണ്ട്.
26 വര്‍ഷമായി ഇവിടെ താമസിച്ചുവരുന്ന തങ്ങളെ സാമുദായിക വിരോധം വച്ച് മെമ്പറും കുടുംബാംഗങ്ങളും ചേര്‍ന്ന് നിരന്തരം പീഡിപ്പിക്കുകയാണെന്നും ജാനമ്മ പറഞ്ഞു. തങ്ങളുടെ സ്ഥലത്ത് അനധികൃതമായി താമസിക്കുകയാണെന്നും ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ജാനമ്മ പറഞ്ഞു. ഭീഷണി അസഹ്യമായപ്പോള്‍ സംരക്ഷണം ആവശ്യപ്പെട്ട് പോലീസിലും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതരായി സംഘം ചേര്‍ന്ന് വീട്ടില്‍ നിന്ന് ബലമായി ഇറക്കിവിടാന്‍ ശ്രമിക്കുകയും മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതാണെന്ന് ഷീലയും ജാനമ്മയും പറയുന്നു.
പഞ്ചായത്ത് അധികൃതരുടെ അവഗണനയില്‍ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വീട്ടില്‍ ഭയപ്പാടോടെ കഴിയുന്ന ജാനമ്മയുടെയും മകളുടെയും ദയനീയവസ്ഥ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: