കോഴിക്കോട്: തീരസുരക്ഷയുടെ ഭാഗമായി വടകരയില്‍ അനുവദിച്ച തീരദേശ പോലീസ് സ്റ്റേഷന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു.
ഒന്നാംനിലയുടെ കോണ്‍ക്രീറ്റ് പണികളാണ് ഇപ്പോള്‍ നടക്കുന്നത്. 45 ലക്ഷം രൂപ ചെലവില്‍ വടകര സാന്റ്ബാങ്ക്സില്‍ റവന്യൂ വകുപ്പ് കൈമാറിയ 24 സെന്റ് ഭൂമിയിലാണ് പോലീസ് സ്റ്റേഷന്റെ നിര്‍മ്മാണം നടക്കുന്നത്.
വിനോദ സഞ്ചാര കേന്ദ്രമായ സാന്റ്ബാങ്ക്സിലെ ടൂറിസ്റ്റ് സാധ്യതകള്‍ കൂടി മുന്നില്‍കണ്ടാണ് മനോഹരമായ കെട്ടിടം നിര്‍മ്മിക്കുന്നത്. ആഗസ്ത് മാസത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാവും. തീരദേശ പോലീസ് സ്റ്റേഷനിലേക്ക് ഉപകരണങ്ങള്‍ വാങ്ങാനായി പത്ത് ലക്ഷം രൂപ നേരത്തേ അനുവദിച്ചിരുന്നു.
കരയിലും കടലിലും ഉപയോഗിക്കാന്‍ കഴിയുന്ന അത്യാധുനിക ഉപകരണങ്ങള്‍ തീരദേശ പോലീസിന് വാങ്ങാന്‍ കൂടിയാണ് ഈ തുക വിനിയോഗിക്കുക.
കടലില്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോഴും സംശയകരമായ രീതിയില്‍ കപ്പലുകളോ ബോട്ടുകളോ കാണപ്പെടുമ്പോഴും ബേപ്പൂരിലെ കോസ്ററ് ഗാര്‍ഡിനെയാണ് ജില്ലയിലുടനീളമുള്ള തീരദേശ പ്രദേശങ്ങള്‍ നിലവില്‍ ആശ്രയിക്കുന്നത്. രാജ്യത്തിന്റെ തീരപ്രദേശങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ തീരദേശ പോലീസ് സ്റ്റേഷന് സ്ഥാപിക്കുന്നത്.
കേരളം ഉള്‍പ്പെടെയുള്ള ഒമ്പത് തീര സംസ്ഥാനങ്ങളിലായി 131 പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് കേന്ദ്ര തീരുമാനം. വടകരയ്ക്ക് പുറമേ മാഹി, തലശ്ശേരി എന്നിവിടങ്ങളിലും സ്റ്റേഷനുകള്‍ അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: