കലാമണ്ഡലം ലീലാമണി ടീച്ചര്‍ നൃത്തമഭ്യസിപ്പിക്കാന്‍ തുടങ്ങിയിട്ട് നാല്പത് വര്‍ഷം കഴിഞ്ഞു. എന്നാല്‍ നൃത്തത്തിന്റെ ബാലപാഠങ്ങളഭ്യസിക്കാന് ടീച്ചറുടെ സമീപത്തെത്തുന്ന പിഞ്ചുകുട്ടികള്‍ക്ക് ടീച്ചര്‍ എന്നും ഒരു സഹപാഠിയാണ്. ഇതിന്റെ രഹസ്യമെന്തെന്ന് ചോദിച്ചാല്‍ മനോഹരമായി പുഞ്ചിരിച്ച് കൊണ്ട് ടീച്ചറുടെ ഉത്തരം വരും. ഇന്നും ഞാനൊരു നൃത്ത വിദ്യാര്‍ത്ഥിയാണ്. ടീച്ചറുടെ ഓരോ ദിവസവും ആരംഭിക്കുന്നത് നൃത്തത്തിന്റെ പുതിയ പുതിയ മേഖലകളെ കുറിച്ചും സാധ്യതകളെക്കുറിച്ചും ചിന്തിച്ചുകൊണ്ടാണ്.
പുതിയതായി ഡാന്‍സ് സ്കൂളിലെത്തുന്ന വിദ്യാര്‍ത്ഥിയുടെ കൗതുകത്തോടെയാണ് ഓരോ ദിവസവും ടീച്ചര്‍ കലാരഞ്ജിനിയിലെത്തുന്നത്. നൃത്തത്തിന്റെ തനിമ അല്പം പോലും ചോര്‍ന്നു പോകാതെ കാലാനുസൃതമായ പരിഷ്കാരങ്ങള്‍ വരുത്തിക്കൊണ്ടാണ് ലീലാമണി ടീച്ചര്‍ വേദിയില്‍ നൃത്തമവതരിപ്പിക്കുന്നത്. എന്നാല്‍ ശബ്ദ കോലാഹലങ്ങള്‍ കയ്യടക്കി ലാസ്യഭാവം നഷ്ടപ്പെട്ട് വ്യായാമ മുറപോലെ രംഗത്തെത്തുന്ന നൃത്തത്തിലെ പുത്തന്‍ പ്രവണതകളോട് ടീച്ചര്‍ക്ക് അല്പം പോലും താല്പര്യമില്ല.
1969 ലാണ് ലീലാമണി ടീച്ചര്‍ കലാമണ്ഡലത്തില്‍ ചേര്‍ന്നത്. കലാമണ്ഡലത്തില്‍ നിന്ന് ഡിപ്ലോമ എടുത്ത ടീച്ചര്‍ ദല്‍ഹിയില്‍ മിലിറ്ററി എന്റര്ടെയ്ന്മെന്റ് വിഭാഗത്തില്‍ 3 വര്‍ഷം സ്റ്റാഫ് ആര്‍ടിസ്റ്റായി ജോലി ചെയ്തു. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ ലീലാമണി ടീച്ചര്‍ നൃത്തമവതരിപ്പിച്ചിട്ടുണ്ട്. കലാരഞ്ജിനി എന്ന പേരില്‍ കണ്ണൂരില്‍ നൃത്തവിദ്യാലയമാരംഭിച്ചിട്ട് 30 വര്‍ഷമായി. നടിമാരായ കാവ്യാ മാധവന്, സംവൃതാ സുനില്‍ തുടങ്ങിയ പ്രമുഖര്‍ ലീലാമണി ടീച്ചറുടെ ശിക്ഷണത്തില്‍ നൃത്തമഭ്യസിച്ചവരാണ്. പുതുതലമുറയിലെ കലാകാരികളായ ധനുരാ കുറുപ്പ്, നിഷാ നായര്‍ തുടങ്ങിയവരെയും നൃത്തമഭ്യസിപ്പിക്കുന്നത് ലീലാമണി ടീച്ചറാണ്. ടീച്ചറുടെ ശിഷ്യത്വം സ്വീകരിക്കാന്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ഓരോവര്‍ഷവും കലാരഞ്ജിനിയിലെത്തുന്നത്.
ജന്മസിദ്ധമായി നടന വൈഭവമില്ലാത്തവരെ നൃത്തംപഠിപ്പിക്കുന്നതിനോട് ടീച്ചര്‍ക്ക് താല്പര്യമില്ല. ദൈവികമായ സിദ്ധിയുള്ളവര്‍ക്കേ നൃത്താഭ്യാസത്തിന്റെ പൂര്‍ണ്ണതയിലെത്താന്‍ സാധിക്കു എന്നതാണ് ടീച്ചറുടെ മതം. കേവലം മത്സരങ്ങള്‍ക്ക് വേണ്ടി മാത്രം നൃത്തമഭ്യസിപ്പിക്കുന്നതിനെ ടീച്ചര്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കാറില്ല. രക്ഷിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി നൃത്തമഭ്യസിക്കാനെത്തുന്നവരെ ടീച്ചര്‍ക്ക് പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ അവരെയും നൃത്തമഭ്യസിപ്പിക്കാന്‍ മടിയില്ല. എന്നാല്‍ അത്തരക്കാര്‍ ഒന്നോ രണ്ടോ മത്സരപരിപാടിയില്‍ പങ്കെടുത്തതിന് ശേഷം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ് പതിവ്.
നൃത്തമഭ്യസിക്കാന്‍ കലാരഞ്ജിനിയിലെത്തുന്ന ആരെയും ടീച്ചര്‍ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യും. ജന്മസിദ്ധമായി നടനവൈഭവമുള്ളവരെ ടീച്ചര്‍ പ്രഥമ ദൃഷ്ടില്‍ തന്നെ കണ്ടെത്തും. അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശം നല്‍കാനും ടീച്ചര്‍ക്ക് പ്രത്യേക താല്പര്യമാണ്. സാമ്പത്തിമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികളെ സൗജന്യമായി നൃത്തമഭ്യസിപ്പിക്കാനും സന്നദ്ധയാണ്. നൃത്തത്തിന്റെ സംസ്കാരവും പാരമ്പര്യവും തനിമയും അല്പം പോലും ചോര്‍ന്ന് പോകാതെ അടുത്ത തലമുറയിലേക്ക് അത് പകര്‍ന്ന് നല്‍കുകയെന്നതാണ് ടീച്ചര്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: