നാടകങ്ങളില്‍ വെറും നാടകീയതകള്‍ മാത്രം കുത്തിനിറയ്‌ക്കപ്പടുന്ന ഈ കാലത്ത് അതില്‍ നിന്നും തികച്ചും വ്യത്യസ്തമായി രചനകള്‍ നടത്തുന്ന ചുരുക്കം ചിലരുണ്ട്. ആ ചുരുക്കം ചിലരില്‍ ശക്തമായ സ്ത്രി സാന്നിധ്യമാണ് വല്ലീദേവി വാര്യര്‍. റേഡിയോ നാടകങ്ങള്‍ മലയാളികള്‍ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച കാലമുണ്ടായിരുന്നു. നമ്മുടെ ഹൃദയം കീഴടക്കിയ പല നാടകങ്ങളും വല്ലീദേവി വാര്യരുടെ നാടകങ്ങളാണെന്ന് അധികമാര്‍ക്കും അറിയില്ല. കണ്ണൂര്‍ പള്ളിക്കുന്ന് രാധാവിലാസം സ്‌കൂളില്‍ ഹിന്ദി അദ്ധ്യാപികയായി ഔദ്യോധിക ജീവിതം നയിച്ചിരുന്ന വല്ലീദേവി വാര്യര്‍ അദ്ധ്യാപനത്തിന്റെ കൂടെത്തന്നെ നാടകപ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ആ കാലത്ത് ടീച്ചറുടെ നിരവധി നാടകങ്ങള്‍ ആകാശാവാണി നിലയം ശ്രോതാക്കള്‍ക്ക് മുന്‍പിലെത്തിച്ചിട്ടുണ്ട്. കൂടുതലായും ലഘുനാടകങ്ങളിലൂടെ തന്റെ ആശയങ്ങള്‍ പങ്കുവയ്‌ക്കാന്‍ ഇഷ്ടപ്പെടുന്ന ടീച്ചര്‍, ആകാശവാണിയിലെ ‘ബി’ ഗ്രേഡ് ആര്‍ട്ടിസ്റ്റ് കൂടിയാണ്.
നിത്യജീവിതത്തില്‍ അരങ്ങേറുന്ന രസകരമായ സംഭവങ്ങളാണ് വല്ലീദേവി ടീച്ചറുടെ നാടകത്തിന് പ്രമേയങ്ങളാകുന്നത്. പുറമേക്ക് ശാന്തമായി തോന്നുമെങ്കിലും വിമര്‍ശനത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും കൂര്‍ത്തമുനകള്‍ നിറഞ്ഞവയാണ് മിക്ക നാടകങ്ങളും. ജീവിതത്തെ എന്നും ശുഭപ്രതീക്ഷയൊടെ നോക്കിക്കാണാനാണ് ടീച്ചര്‍ക്ക് ഇഷ്ടം. അതിനാലാകാം ടീച്ചറുടെ കഥാപാത്രങ്ങളും തികച്ചും ശുഭവീക്ഷണങ്ങളുള്ളവരാണ്. ‘എല്ലാം ശരിയാകും’ എന്ന പേരില്‍ ടീച്ചറുടെ നാടകസമാഹാരം സമാജം ബുക്‌സ് അടുത്തിടെ പുറത്തിറക്കി. കഥകളും നാടകങ്ങളും മാത്രമല്ല ടീച്ചര്‍ക്ക് വഴങ്ങുന്നത്. നല്ലൊരു തിരുവാതിര കലാകാരികൂടിയാണ് ഇവര്‍. പള്ളിക്കുന്ന് മൂകാംബികാക്ഷേത്രത്തില്‍, തിരുവാതിരകളി ഒരുക്കുന്നതിലും പഠിപ്പിക്കുന്നതിലും വല്ലീദേവി ടീച്ചര്‍ എന്നും മുന്‍പന്തിയിലുണ്ടാകും.
ഇരുപതോളം സ്ത്രീകള്‍ ചേര്‍ന്നുള്ള സഹൃദയ മഹിളാസംഘമാണ് ആദ്യകാലങ്ങളില്‍ നാടകപ്രവര്‍ത്തനത്തിന് കൂട്ടായിരുന്നത്. പിന്നീട് പലരുടെയും അസൗകര്യങ്ങളും ബുദ്ധിമുട്ടുകളും കാരണം നാടകസംഘം ഏറെ മുന്‍പോട്ടുപോയില്ലെങ്കിലും ടീച്ചര്‍ തന്റെ നാടകപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. തന്റെ ഭര്‍ത്താവിന്റെയും പ്രിയപ്പെട്ടവരുടെയും അപ്രതീക്ഷിത വിയോഗങ്ങള്‍ മാത്രമാണ് ടീച്ചറുടെ സര്‍ഗ്ഗവാസനയ്‌ക്ക് ഇത്തിരിയെങ്കിലും മങ്ങലേല്‍പ്പിച്ചത്.
സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ വല്ലീദേവി ടീച്ചര്‍ക്ക് അസാമാന്യസാമര്‍ത്ഥ്യമുണ്ട്.സ്ത്രീധനം പോലുള്ള പല ദുരാചാരങ്ങളോടും പോരാടുകയും കലഹിക്കുകയും ചെയ്യുന്നവയുമാണ് അധിക നാടകങ്ങളും. ഹാസ്യം കൈകാര്യം ചെയ്യാന്‍ സ്ത്രീകള്‍ ഏറെ പിറകിലാണെന്ന വിമര്‍ശനത്തിന് ശക്തമായ മറുപടിയുമായി വല്ലീദേവി ടീച്ചറുണ്ട്. ഇന്ന് പല നാടകങ്ങളിലും ഹാസ്യം കുത്തിനിറയ്‌ക്കപ്പെട്ടവയാണെങ്കില്‍ ടീച്ചറുടെ നാടകങ്ങളില്‍ ഹാസ്യം സദസ്യരെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്.
രാഘവവാര്യരുടെയും നാരായണിവാരസ്യാരുടേയും മകളായി പള്ളിക്കുന്നില്‍ ജനിച്ചു വളര്‍ന്ന വല്ലീദേവി ടീച്ചര്‍ക്ക് നാടകപ്രവര്‍ത്തനത്തിന് താങ്ങായും തണലായും ഭര്‍ത്താവ് പി. എസ്. വാര്യരുമുണ്ടായിരുന്നു. ഭര്‍ത്താവിന്റ വിയോഗത്തിനുശേഷം അമ്മയ്‌ക്ക് പൂര്‍ണ്ണപിന്തുണയുമായി മക്കളായ പ്രേമലതയും ദിനേഷുമുണ്ട്. ജോലിയില്‍ നിന്നുള്ള റിട്ടയര്‍മെന്റെ് ജീവിതത്തില്‍ നിന്നുമുള്ള റിട്ടയര്‍മെന്റൊയി കരുതുന്നവരാണ് അധികവും എന്നാല്‍ റിട്ടയര്‍മെന്റെിനു ശേഷവും വല്ലീദേവി ടീച്ചര്‍ തിരക്കിലാണ്. ഇപ്പോള്‍ കളിയാട്ടം എന്ന സിനിമയുടെ തിരക്കഥയൊരുക്കിയ ബല്‍റാം മട്ടന്നൂരിന്റെ പുതീയ ചിത്രത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് വല്ലീദേവി ടീച്ചറിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: