പത്തൊന്‍പതാം വയസ്സില്‍ അരങ്ങിലേക്ക്. പതിനായിരത്തിലേറെ നാടകങ്ങള്‍, നാല്‍പ്പത്തിയഞ്ച് വര്‍ഷത്തെ നാടകജീവിതം. രണ്ടുതവണ മികച്ച നാടക നടിക്കും രണ്ടു തവണ മികച്ച സഹനടിക്കുമുള്ള സംസ്ഥാന പുരസ്കാരങ്ങള്‍. സേതുലക്ഷ്മിയെന്ന പ്രതിഭയെ മലയാളികള്‍ എന്നിട്ടും തിരിച്ചറിഞ്ഞില്ല. ഒടുവില്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ച വട്ട് ജയന്റെ അമ്മയിലൂടെ പ്രേക്ഷക മനസ്സില്‍ സ്ഥാനം പിടിച്ച സേതുലക്ഷ്മിയെ തേടി ഹൗ ഓള്‍ഡ് ആര് യുവിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുമെത്തി.
‘ഹൗഓള്‍ഡ് ആര് യു’ എന്ന ചോദ്യത്തിന് സേതുലക്ഷ്മിയുടെ മറുപടി, നിറഞ്ഞ ചിരിമാത്രമാണ്. ജീവിതാനുഭവങ്ങള്‍ പകര്‍ന്നു നല്കിയ അഭിനയപാഠങ്ങള്‍. അഭിനയകലയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ചപ്പോഴും സേതുലക്ഷ്മിക്ക് ഒരിക്കലും അര്‍ഹമായ അംഗീകാരം ലഭിച്ചിട്ടില്ല. അഭിനയ പ്രതിഭയല്ലാത്തവര് ചലച്ചിത്രലോകത്ത് അരങ്ങ് വാണിരുന്നപ്പോള്‍ സേതുലക്ഷ്മി അന്നന്നത്തെ അന്നത്തിനായി വേദികളില്‍ നിന്ന് വേദികളിലേക്ക് പായുകയായിരുന്നു. ജീവിതം വഴിമുട്ടിയപ്പോള്‍ മക്കളുടെ പഠനം നിന്നു. അവരെയും സേതുലക്ഷ്മിയുടെ കൂടെക്കൂടി. ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ ദുര്‍ഘടം നിറഞ്ഞ വഴികളിലൂടെയുള്ള യാത്രയില്‍ ആരുടെയും മുന്നില്‍ അവസരം ചോദിച്ചെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. പക്ഷെ അര്‍ഹിക്കുന്നവരെ അംഗീകാരങ്ങള്‍ തേടിയെത്തും എന്ന സത്യം സേതുലക്ഷ്മിയുടെ ജീവിതം തന്നെയാണ്.
നിലമേല്‍ ചരുവിള പുത്തന്‍വീട്ടില്‍ ജനാര്ദ്ദനന്പിള്ളയുടെയും ഗൗരിയമ്മയുടെയും നാലുമക്കളില്‍ രണ്ടാമത്തെ പെണ്‍കുട്ടി അഭിനയ ജീവിതത്തിലേക്ക് കാലെടുത്തു വച്ചത് യാദൃച്ഛികമായിരുന്നു. പട്ടാളക്കാരനായ അച്ഛന്റെയും അമ്മൂമ്മയുടെയും പിന്തുണയാണ് സേതുലക്ഷ്മിയെ അഭിനയത്തിലേക്ക് ചുവടുവയ്പ്പിച്ചത്. അന്നത്തെ കാലത്തെ തേര്‍ഡ് ഫാം (ഇന്നത്തെ എട്ടാംക്ലാസ്) കഴിഞ്ഞപ്പോള്‍ സേതുലക്ഷ്മി തിരുവനന്തപുരം സംഗീത കോളേജില്‍ നൃത്തം പഠിക്കാനെത്തി.
നാലുവര്‍ഷത്തെ പഠനത്തിനൊടുവില്‍ നടനഭൂഷണം പാസായി നാട്ടിലെത്തി. പഠനം വീണ്ടും തുടരാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചുവെങ്കിലും സേതുലക്ഷ്മിക്ക് താല്പര്യമില്ലായിരുന്നു.
ഇതിനിടെയാണ് മടവൂര്‍ പള്ളിക്കല്‍ ആര്‍ട്സ് ക്ലബ് വാര്‍ഷികത്തോടനുബന്ധിച്ച് അവതരിപ്പിക്കുന്ന നാടകത്തില്‍ ഒരു നൃത്തവേഷത്തില്‍ അഭിനയിക്കാന്‍ സേതുലക്ഷ്മിയെ വിളിക്കുന്നത്. അന്ന് ആണ്‍കുട്ടികള്‍ പെണ്‍വേഷം കെട്ടുന്ന കാലം. ബന്ധുക്കള്‍ക്ക് എതിര്‍പ്പായിരുന്നു. ഒടുവില്‍ അരങ്ങിലെത്തി. രണ്ട് ഡയലോഗായിരുന്നു ആദ്യ നാടകത്തില്‍. നാടകം കഴിഞ്ഞിറങ്ങിയതോടെ എതിര്‍പ്പുകള്‍ വഴിമാറി. ബാലെയിലും മറ്റ് അമച്വര്‍ നാടകങ്ങളിലുമൊക്കെ പലരും വിളിച്ചുതുടങ്ങി. അവിടെ നിന്നും കൊല്ലം ഉപാസനയിലേക്ക്. പ്രൊഫഷണല്‍ നാടകങ്ങളിലേക്കുള്ള തുടക്കം അവിടെ നിന്നായിരുന്നു.
നാടക ജീവിതത്തിനിടയില്‍ സേതുലക്ഷ്മിയുടെ ജീവിതത്തിലേക്ക് ഒരാള്‍ കടന്നുവന്നു. 25-ാമത്തെ വയസില്‍ കലാമണ്ഡലം വിഷ്ണു നമ്പൂതിരിയുടെ ബാലെ സമിതിയില്‍ വച്ചാണ് സേതുലക്ഷ്മി മേക്കപ്പ് കലാകാരനായ അര്‍ജ്ജുനനെ കാണുന്നത്. ആ പരിചയം വിവാഹത്തിലെത്തി. മേക്കപ്പ് കലാകാരനുള്ള വരുമാനം പരിമിതമായിരുന്നു. സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്കുള്ള യാത്ര. ബീന, ബിന്ദു, ലക്ഷ്മി, കിഷോര്‍ എന്നിങ്ങനെ നാലുമക്കള്‍. ഇതിനിടെയാണ് വിധിയുടെ വിളയാട്ടം തുടങ്ങുന്നത്. അര്ജ്ജുനന് ശരീരം തളര്‍ന്ന് കിടപ്പിലായി. നാലുമക്കളുടെ പഠനം, കുടുംബ ചെലവ്, ഭര്‍ത്താവിന്റെ ചികിത്സാ ചെലവ്… ആരും സഹായിക്കാനില്ലാത്ത അവസ്ഥ. നാടകങ്ങളില്‍ നിന്നുള്ള തുച്ഛമായ വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തേണ്ട അവസ്ഥ. സേതുലക്ഷ്മി പതറിയില്ല. പൊരുതി നിന്നു.
മൂത്തമകള്‍ അപ്പോഴേക്കും കോളേജിലെത്തിയിരുന്നു. ഇളയമക്കളുടെ പഠനം ഏതാണ്ടവസാനിച്ചു. നാടക ക്യാമ്പുകളായി പിന്നീട് സേതുലക്ഷ്മിയുടെ മക്കള്‍ക്ക് അഭയം. അര്‍ജ്ജുനനെ അദ്ദേഹത്തിന്റെ സഹോദരിയുടെ പക്കല്‍ നോക്കാന്‍ ഏല്‍പ്പിച്ച് സേതുലക്ഷ്മി മക്കളെയും കൂട്ടി നാടക ക്യാമ്പുകളില്‍ പോകും. ആ യാത്ര മക്കളെയും നാടകവേദികളിലെത്തിച്ചു. നാടകത്തില്‍ നിന്നും മിച്ചം കൂട്ടിയുണ്ടാക്കിയവ ചേര്‍ത്തുവച്ച് സേതുലക്ഷ്മി മൂന്നു പെണ്മക്കളെയും പറഞ്ഞയച്ചു. ഇളയമകന് കിഷോറുമൊരുമിച്ച് ചിറയിന്‍കീഴ് അനുഗ്രഹയെന്ന നാടക ട്രൂപ്പുണ്ടാക്കി. കാശിനാഥ് കമ്മ്യൂണിക്കേഷന്‍സ് എന്ന ബാലെ സമിതിയുമുണ്ടാക്കി.
ഇതിനിടെ നാടകരംഗത്തു നിന്നും സേതുലക്ഷ്മിയെ തേടി അംഗീകാരങ്ങളുമെത്തിയിരുന്നു. തിരുവനന്തപുരം സങ്കീര്‍ത്തനയുടെ ഭാഗ്യജാതകം, കെപിഎസിയുടെ ദ്രാവിഡ വൃത്തം എന്നീ നാടകങ്ങളിലൂടെ രണ്ടു തവണ മികച്ച നടിക്കുള്ള പുരസ്കാരം തേടിയെത്തി. പാലാ കമ്മ്യൂണിക്കേഷന്‍സിന്റെ മണ്കോലങ്ങളിലൂടെയും സ്വന്തം ട്രൂപ്പായ ചിറയിന്‍കീഴ് അനുഗ്രഹയുടെ ‘ചിന്നപാപ്പാനിലൂടെയും മികച്ച സഹനടിക്കുള്ള അവാര്‍ഡും കിട്ടി. ചിന്നപാപ്പാനിലെ അഭിനയത്തിന് മകന് കിഷോറിന് മികച്ച ഹാസ്യനടനുള്ള പുരസ്കാരവും കിട്ടി.
ജീവിതം പച്ചപിടിച്ച സമയത്ത് വിധി വീണ്ടും സേതുലക്ഷ്മിയെ വേട്ടയാടി. ഇത്തവണ മകന് കിഷോറിനെ ബാധിച്ച വൃക്ക രോഗത്തിന്റെ രൂപത്തിലാണ് വിധി സേതുലക്ഷ്മിയെ തളര്‍ത്തിയത്. മകന്റെ ചികിത്സാ ചെലവും രോഗവും സേതുലക്ഷ്മിയെ വലച്ചു. ട്രൂപ്പ് വിട്ടൊഴിഞ്ഞു. ബാലെ സമിതി വിറ്റു. വീണ്ടും തിരിച്ചടിയുടെ ദിനങ്ങള്‍.
സേതുലക്ഷ്മി സീരിയലിലും മുഖം കാണിച്ചുതുടങ്ങിയിരുന്നു. പിരപ്പന്‍കോട് സങ്കീര്ത്തനയിലെ ജിത്തുവാണ് ചേച്ചിക്ക് സീരിയലില്‍ അഭിനയിച്ചുകൂടെ എന്നു ചോദിക്കുന്നത്. ചെറിയ വേഷങ്ങളില്‍ അഭിനയിച്ച സേതുലക്ഷ്മി ശ്രദ്ധിക്കപ്പെട്ടത് ആര്.ഗോപിനാഥിന്റെ നാര്മടി പുടവയിലെ വില്ലത്തി വേഷത്തിലാണ്. തുടര്‍ന്ന് മഴയറിയാതെ, സൂര്യോദയം, പാട്ടുകളുടെ പാട്ട്, മോഹക്കടല്, അനിയത്തി തുടങ്ങി നിരവധി സീരിയലുകള്‍ തേടിയെത്തി. കെജി. ജോര്‍ജ്ജിന്റെ ‘ഈ കണ്ണികൂടി’ എന്ന സിനിമയിലും ഒരുവേഷം കിട്ടി. എന്നാല്‍ വഴിത്തിരിവായത് സംവിധായകന് സത്യന് അന്തിക്കാട് സേതുലക്ഷ്മിയെ തിരിച്ചറിഞ്ഞപ്പോഴാണ്.
ഒരു ദിവസം ഉച്ചയ്ക്ക് വിശ്രമ വേളയില്‍ ബാലചന്ദ്രമേനോന്റെ സീരിയല്‍ എന്നറിഞ്ഞുകൊണ്ടാണ് സത്യന് അന്തിക്കാട് ‘സൂര്യോദയം’ കാണാനിരുന്നത്. അന്ന് സ്ക്രീനില്‍ തെളിഞ്ഞത് സേതുലക്ഷ്മിയുടെ കഥാപാത്രമായിരുന്നു. രസതന്ത്രത്തിലൂടെയായിരുന്നു തുടക്കം. വിനോദയാത്ര, ഇന്നത്തെ ചിന്താവിഷയം, ഭാഗ്യദേവത തുടങ്ങിയ അന്തിക്കാട് ചിത്രങ്ങളിലെല്ലാം പിന്നീട് സേതുലക്ഷ്മിക്കായി ഒരു വേഷമുണ്ടായിരുന്നു”.
പാട്ടുകളുടെ പാട്ട് എന്ന സീരിയലില്‍ സേതുലക്ഷ്മിയുടെ കൊച്ചുമകളായി അഭിനയിച്ചത് ലെനയായിരുന്നു. ലെനയാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ ഇന്ദ്രജിത്തിന്റെ അമ്മയായി സേതുലക്ഷ്മിയെ അഭിനയിപ്പിക്കാമെന്ന് സംവിധായകന് അരുണ്‍കുമാറിനോട് പറയുന്നത്. വട്ട് ജയന്റെ അമ്മയുടെ വേഷം സേതുലക്ഷ്മിയുടെ ജാതകം തിരുത്തിക്കുറിച്ചു. തുടര്‍ന്ന് കമലിന്റെ നടന് എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഹൗ ഓള്‍ഡ് ആര് യുവിലേക്ക് വിളി വരുന്നത്. ഷൂട്ടിനെത്തിയപ്പോള്‍ സേതുലക്ഷ്മി ശരിക്കും പതറി. മഞ്ജു വാര്യരോടുള്ള ആരാധന ശരിക്കും ടെന്‍ഷനടിപ്പിച്ചു. എന്നാല്‍ മഞ്ജുവിന്റെ ഇടപെടല്‍ ശരിക്കും അമ്പരപ്പിച്ചുവെന്നു സേതുലക്ഷ്മി പറയുന്നു. എന്നെ ക്കണ്ടയുടന് ഹായ് ആന്റീ എന്നു പറഞ്ഞ് മഞ്ജു അടുത്തു വന്നു പരിചയപ്പെട്ടു. വളരെ സൗഹൃദത്തോടെ പെരുമാറി. അതോടെയാണ് ടെന്‍ഷന്‍ മാറിയത്. മഞ്ജു ഒരു വലിയ നടിയെപ്പോലെ പെരുമാറിയിരുന്നുവെങ്കില്‍ ഹൗ ഓള്‍ഡ് ആര് യുവില്‍ എനിക്ക് അഭിനയിക്കാനാവില്ലായിരുന്നു.
പലപ്പോഴും ജീവിതം മുന്നില്‍ വരുന്നുണ്ടായിരുന്നു. എനിക്കാരുമില്ല മോളേ എന്നു പറയുമ്പോള്‍ ഒരിക്കല്‍ ആരുടെയും ആശ്രയമില്ലാതെ ജീവിച്ച നാളുകള്‍ മനസ്സിലേക്ക് ഓടിയെത്തിയിരുന്നു. മഞ്ജുവിനെ ശരിക്കും മനസ്സിലാക്കിയത് പിന്നീടാണ്. ഞാന്‍ വലിയ ആള്‍ക്കാരുടെ ആരുടെയും ഫോണ്‍ നമ്പര്‍ ചോദിക്കാറില്ല. മഞ്ജുവുമായി സൗഹൃദമായെങ്കിലും നമ്പര്‍ വാങ്ങിയില്ല. എന്നാല്‍ സിനിമ റിലീസായ ദിവസം എന്നെ അത്ഭുതപ്പെടുത്തി മഞ്ജു വിളിച്ചു. ഞാന്‍ മഞ്ജുവാണ് എന്നു പറഞ്ഞു. ഏതു മഞ്ജു എന്ന് തിരിച്ച് ഞാന്‍. ഹൗഓള്‍ഡ് ആര് യുവില്‍ നമ്മള് ഒപ്പമുണ്ടായിരുന്നില്ലേ എന്ന് മഞ്ജു. സിനിമ കണ്ടു, നമ്മള് കലക്കിയെന്ന് മഞ്ജു. പിന്നീട് എന്താവശ്യമുണ്ടെങ്കിലും വിളിക്കണമെന്ന് മഞ്ജു പറയുമായിരുന്നു. ഇടയ്ക്കിടെ വിളിക്കുകയും ചെയ്തിരുന്നു.
അവാര്‍ഡ് വിവരം എന്നെ അറിയിക്കുന്നത് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഷാജി പട്ടിക്കരയാണ്. മറ്റാരെങ്കിലുമായിരുന്നെങ്കില് ഞാന്‍ വിശ്വസിക്കില്ലായിരുന്നു. വലിയ സന്തോഷം തോന്നി. മഞ്ജുവിനെ വിളിച്ചു അവാര്‍ഡ് വിവരം പറഞ്ഞു. വലിയ സന്തോഷമായി എന്നു പറഞ്ഞു. തന്റെ പേരും അവാര്‍ഡിന് പരിഗണിച്ചിരുന്നുവെന്ന് മഞ്ജു പറഞ്ഞു. മോള്‍ക്ക് അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമായോ എന്ന് ചോദിച്ചപ്പോള്‍ അയ്യോ ഇല്ല ചേച്ചിക്ക് കിട്ടിയല്ലോ അതുതന്നെ വലിയ സന്തോഷമെന്നായിരുന്നു മറുപടി.
വൈകിയെത്തിയ അംഗീകാരത്തെക്കുറിച്ച് സേതുലക്ഷ്മിക്ക് പരാതിയില്ല. ”ഒന്നും പ്രതീക്ഷിച്ചിട്ടില്ല. എല്ലാത്തിനും ഒരു സമയമുണ്ട്. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായവരെ തേടിയുള്ള യാത്ര ഇന്ന് സിനിമയിലില്ല. ചാന്‍സ് ചോദിച്ച് ചെല്ലുന്നവരും പിന്ബലമുളളവരും ഏറെയുണ്ട്. ജീവിതത്തിനുവേണ്ടി നാടകം കളിക്കുന്നതിനിടയില്‍ ആരോടും അവസരം ചോദിച്ചു ചെല്ലാന്‍ പറ്റിയിട്ടില്ല. അന്ന് ചോദിക്കാനും മടിയായിരുന്നു. ഇവര്‍ക്ക് യോഗ്യതയുണ്ടോ, ഇവര്‍ക്ക് നാണമില്ലേ എന്നൊക്കെ ചോദിച്ചാല്‍ എന്തു ചെയ്യും. ഇനി എനിക്ക് ചോദിക്കാം. നിങ്ങളുടെ സിനിമയില്‍ ഏതെങ്കിലും വേഷമുണ്ടോ എന്ന്”.
പ്രതികരിക്കാൻ ഇവിടെ എഴുതുക: