മലപ്പുറം: നാഷണല്‍ സര്‍വീസ് സ്കീം ടെക്നിക്കല്‍ സെല്‍ കെഎസ്ഇബിയുമായി സഹകരിച്ച് ഊര്‍ജ്ജ ക്ഷമതയ്ക്കായി ജില്ലയില്‍ പൈലറ്റ് പ്രൊജക്ട് നടപ്പാക്കുന്നു. ഗാര്‍ഹിക വൈദ്യുതി ഉപഭോഗത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി പരിശീലനം നേടിയവര്‍ വീടുകള്‍ സന്ദര്‍ശിച്ച് വൈദ്യുത ഉപഭോഗം പഠിച്ച് ആവശ്യമായ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ബോധവത്കരണം നടത്തും. സോളാര്‍ ഉള്‍പ്പെടെയുള്ള പാരമ്പര്യേതര സ്രോതസുകളില്‍ നിന്ന് വൈദ്യുതി ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതകളും സര്‍വേയുടെ ഭാഗമായി ബോധവത്കരിക്കും. രണ്ടുമാസം കൊണ്ട് സര്‍വേ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. വീടുകളില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കാനുള്ള സാധ്യതകളെക്കുറിച്ചും പഠനം നടത്തും. ജില്ലയിലെ ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി, കോളേജ്, ടെക്നിക്കല്‍ സ്ഥാപനങ്ങളിലെ 4000 ഓളം വളണ്ടിയര്‍മാരാണ് സര്‍വേയില്‍ പങ്കാളികളാവുക്. മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം ഇന്നുമുതല്‍ മൂന്നു ദിവസം തിരൂര്‍ എസ്എസ്എം പോളിടെക്നിക് കോളേജില്‍ നടക്കും. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം 15ന് രാവിലെ 10ന് മന്ത്രി ആര്യാടന് മുഹമ്മദ് നിര്‍വഹിക്കും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യ പ്രഭാഷണം നടത്തും. സര്‍വേ ഫോമിന്റെ പ്രകാശനം കേരള തദ്ദേശ സ്വയം ഭരണ കമ്മീഷന് ചെയര്മാന് കുട്ടി അഹമ്മദ് കുട്ടിയും വെബ്സൈറ്റ് ഉദ്ഘാടനം സാങ്കേതിക സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ ഡോ എം. അബ്ദുള്‍ റഹ്മാനും നിര്‍വഹിക്കും. എന്‍എസ്എസ് ടെക്നിക്കല്‍ സെല്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ജബ്ബാര്‍ അഹമ്മദ്, പ്രൊജക്ട് കണ്‍സള്‍ട്ടന്റ് രവി മോഹന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: