പുളിയന്മല : ഏലം വിളവെടുപ്പ് ആരംഭിച്ചതോടെ ഏലക്ക ഉണങ്ങുന്ന ഡ്രയര്‍ യൂണിറ്റുകള്‍ അമിത കൂലി ഈടാക്കുന്നതായി പരാതി. കഴിഞ്ഞ വര്‍ഷം ഒരു കിലോ പച്ച ഏലക്ക ഉണങ്ങുന്നതിന് എട്ട് മുതല്‍ പത്ത് രൂപ വരെ ഈടാക്കിയിരുന്ന സ്ഥാനത്ത് ഈ വര്‍ഷം പന്ത്രണ്ട് രൂപയാണ് വാങ്ങുന്നത്. അഞ്ചുകിലോ പച്ച ഏലക്ക ഉണങ്ങിയാല്‍ മാത്രമേ ഒരു കിലോ ഉണക്ക ഏലക്ക ലഭിക്കൂ. സംസ്ക്കരിച്ചെടുക്കുന്ന ഏലക്കയുടെ ശരാശരി വില അറുനൂറ്റി അന്‍പത് രൂപയില്‍ താഴെയാണ്. ഒരു കിലോ ഏലക്ക വില്‍പ്പനയ്ക്ക് തയ്യാറാക്കുന്നതിന് കര്ഷകന് ഉണക്കുകൂലി ഇനത്തില്‍ മാത്രം എഴുപത് രൂപയോളം ചെലവഴിക്കേണ്ടി വരുന്നു. കിലോയ്ക്ക് പത്ത് രൂപ ക്രമത്തില്‍ ഈടാക്കുന്ന ഡ്രയര്‍ യൂണിറ്റുകളുമുണ്ട്. ഒരു കിലോ ഏലക്ക ഉണങ്ങുന്നതിന് ഏതാണ്ട് ഏഴ് രൂപയോളമേ ചെലവ് വരൂ. ഒരു സമയത്ത് അഞ്ഞൂറു മുതല്‍ രണ്ടായിരം കിലോ പച്ച ഏലക്ക വരെ ഉണങ്ങുന്ന ഡ്രയര്‍ യുണിറ്റുകള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് പ്രദേശത്തെ ചില ഡ്രയര്‍ യൂണിറ്റ് ഉടമകള്‍ ചേര്‍ന്ന് രൂപീകരിച്ച സഘടനയുടെ പേരിലാണ് അശാസ്ത്രീയമായ ഈ കൂലി വര്‍ദ്ധന. കാലാവസ്ഥാ വ്യതിയാനവും മഴയുടെ കുറവും ഏലത്തിന്റെ വിളവിനെ സാരമായി ബാധച്ചിരിക്കുന്ന ഈ പ്രതികൂലമായ അവസ്ഥയില്‍ ഉണക്കുകൂലി വര്‍ദ്ധിപ്പിച്ച നടപടി പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: