കോഴിക്കോട്: കാലാവസ്ഥ വ്യതിയാനത്തിന്റെ സാഹചര്യത്തില്‍ ജലവിഭവ വിനിയോഗത്തിന്റെ സാധ്യതകളെക്കുറിച്ചും, വെല്ലുവിളികളെക്കുറിച്ചും ചര്‍ച്ചചെയ്ത് സെമിനാര്‍. ഇന്നലെ കുന്ദമംഗലം സിഡബ്ല്യൂആര്‍ഡിഎമ്മില്‍ നടന്ന സെമിനാര്‍ ആണ് ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിയിച്ചത്. സിഡബ്ല്യൂആര്ഡിഎമ്മിന്റെയും സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിന്റെയും ആഭിമുഖ്യത്തില്‍ ഒക്ടോബറില്‍ കോഴിക്കോട് നടക്കുന്ന സ്വാശ്രസഭാരതിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
മനുഷ്യന്റെ അമിതമായ ഇടപെടലുകളാണ് പ്രകൃതിക്ഷോഭത്തിന്റെ മുഖ്യകാരണമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ഡോ. എ.അച്യുതന് അഭിപ്രായപ്പെട്ടു. പ്രകൃതിയുടെ നിലനില്‍പ്പിന് തന്നെ ആധാരമായ രണ്ട് പ്രധാനഘടകങ്ങളാണ് ജലവും കാലാവസ്ഥയുമെന്നും അതിന്റെ പ്രാധാന്യത്തെകുറിച്ചും അദ്ദേഹം പറഞ്ഞു. ഭൂഗര്‍ഭജലസംഭരണം അനിവാര്യമായ ഘടകമാണെന്നും ആഗോളതാപനത്തിന്റെ കാലഘട്ടത്തില്‍ മഴ താളംതെറ്റുന്ന അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. എം. ആനന്ദ്രാജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ശാസ്ത്രരംഗത്തെ അഭിരുചി വളര്ത്തിയെക്കുക എന്നത് ഇന്ത്യന്‍ ഭരണഘടനയില്‍ നിഷ്ക്കര്‍ഷിച്ചിരിക്കുന്ന മൗലിക കര്‍ത്തവ്യങ്ങളില്‍ ഉള്‍പ്പെടുന്നതാണെന്നും ശാസ്ത്രസാങ്കേതിക രംഗത്ത് സ്വന്തമായ നിലനില്‍പ്പ് നേടിയെടുക്കുക എന്ന ലക്ഷ്യത്തെകുറിച്ചും അദ്ദേഹം സംസാരിച്ചു. കുസാറ്റിലെ അറ്റ്മോസ്ഫറിക് സയന്‍സ് വിഭാഗത്തിലെ പ്രൊഫ. ഡോ. കെ.മോഹന്‍കുമാര്‍ ആശംസനേര്‍ന്നു. സ്വാശ്രയഭാരത് സെക്രട്ടറി ജനറല്‍ ഡോ. ആര്.ജയപ്രകാശ് സ്വാശ്രയഭാരതിനെ കുറിച്ച് വിശദീകരിച്ചു. ഡോ.എ.പി.ജെ. അബ്ദുല്‍കലാമിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബര്‍ 15ന് മുമ്പായി കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിലായി 20ല്‍പരം സാറ്റ്ലൈറ്റ് സെമിനാറുകള്‍ സംഘടിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രസാങ്കേതിക വിദ്യ സാധാരണ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ സജ്ജീകരിക്കുക എന്നതാണ് സ്വാശ്രയഭാരതത്തിന്റെ ലക്ഷ്യം. ഒക്ടോബര്‍ 16 മുതല്‍ 21 വരെ കോഴിക്കോട് സ്വപ്നനഗരിയിലാണ് സ്വാശ്രയഭാരത് നടക്കുക.
അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍കലാമിന്റെ സ്വപ്നമായിരുന്നു ശാസ്ത്രസാങ്കേതിക രംഗത്ത് സ്വയംപര്യാപ്തത നേടുക എന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിവിധ വിഷയങ്ങളില്‍ കാലാവസ്ഥാ വ്യതിയാനവും അതിന്റെ കേരളത്തിലുള്ള പ്രത്യാഘാതവും എന്ന വിഷയത്തില്‍ ഡോ. കെ.മോഹന്‍കുമാര്‍, കേരളത്തിലെ ജലസ്രോതസ്സുകളും അവയുടെ സുസ്ഥിര പരിപാലനവുമെന്ന വിഷയത്തില്‍ സിഡബ്ല്യൂആര്‍ഡിഎമ്മിലെ ഡോ. വി.പി. ദിനേശന്, ജലഗുണനിലവാര പരിപാലനം എന്ന വിഷയത്തില്‍ ഡോ.പി.എസ്. ഹരികുമാര്‍, കാര്‍ഷികമേഖലയിലെ ജലപരിപാലനം എന്ന വിഷയത്തില്‍ ഡോ. ഇ.ജെ. ജോസഫ് എന്നിവര്‍ സംസാരിച്ചു.
ഡോ.പി.എസ്. ഹരികുമാര്‍ സ്വാഗതവും ഡോ. ഇ.ജെ. ജോസഫ് നന്ദിയും പറഞ്ഞു. വിവിധ സ്കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നുമായി 180ലേറെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സെമിനാറില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: