മലപ്പുറം: യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് ബസുകളുള്ള റൂട്ടില്‍ ഓട്ടോറിക്ഷയും ജീപ്പും യാത്രക്കാരെ ബസിന്റെ നിരക്കില്‍ കയറ്റി കൊണ്ടുപോകുന്നത് ഉടന്‍ നിര്‍ത്തണമെന്ന് ആര്‍ടിഒ അറിയിച്ചു.
പൊതുജനങ്ങള്‍ ഇത്തരം പാരലല്‍ സര്‍വീസുകള്‍ യാത്രയ്ക്കായി ഉപയോഗിക്കരുത്. സുരക്ഷിത യാത്രയ്ക്ക് നല്ലത് ബസ് സര്‍വീസ് ആണെന്നതിനാല്‍ പൊതുജനങ്ങള്‍ പാരലല്‍ സര്‍വീസ് പ്രോത്സാഹിപ്പിക്കരുത്. ബസില്‍ യാത്രക്കാര്‍ കയറാതിരുന്നാല്‍ ആ റൂട്ട് പെര്‍മിറ്റ് ബസ് ഉടമകള്‍ സറണ്ടര്‍ ചെയ്യും. ഇത് പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നവര്‍ക്ക് പ്രയാസമുണ്ടാക്കും. യാത്രാസൗകര്യമുള്ളിടത്ത് പാരലല്‍ സര്‍വീസ് നടത്തിയാല്‍ അത്തരം ഓട്ടോറിക്ഷയുടെ പെര്‍മിറ്റും ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസന്‍സും റദ്ദ് ചെയ്യും. എല്ലാ ജോയിന്റ് ആര്‍ടിഒമാര്‍ക്കും അവരവരുടെ പരിധിയില്‍ ഇക്കാര്യം നടപ്പാക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഓട്ടോറിക്ഷയില്‍ മൂന്ന് യാത്രക്കാര്‍ക്ക് മാത്രമേ ഇന്‍ഷൂറന്‍സ് കവറേജ് ലഭിക്കൂ. പ്രതിവര്‍ഷം ഒരു ഓട്ടോറിക്ഷ സീറ്റൊന്നിന് 150 രൂപ നികുതി അടയ്ക്കുമ്പോള്‍ ഒരു ബസ് സീറ്റൊന്നിന് 2,400 രൂപയാണ് നികുതി അടയ്ക്കുന്നത്.
പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കേണ്ടത് ജില്ലയെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്. ഇതിന് ജനങ്ങളുടെ സഹകരണം അനിവാര്യമായതിനാല്‍ ബസ് സൗകര്യമുള്ളിടത്ത് പാരലല്‍ ഓട്ടോറിക്ഷകളും ജീപ്പുകളും ജനങ്ങള്‍ ഉപേക്ഷിക്കണമെന്ന് ആര്‍ടിഒ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: