തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കെതിരെ നടത്തുന്ന സമരപരിപാടികളില്‍ നിന്ന് ലത്തീന്‍ അതിരൂപത പിന്തിരിയണമെന്ന് ആവശ്യം. വിഴിഞ്ഞം ഇടവകയും ജമാഅത്തുകളും നാട്ടുകാരുമാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യതാത്പര്യവും ജന താത്പര്യവും പരിഗണിച്ച് പദ്ധതിക്ക് ഒപ്പം നില്ക്കാന് രൂപത തയാറാകണമെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പദ്ധതി മേഖലയുമായി ബന്ധമില്ലാത്ത ചെറിയൊരു ജനവിഭാഗത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ സര്‍ക്കാറുമായി ചര്‍ച്ചചെയ്ത് പരിഹരിക്കുന്നതിനു പകരം മത്സ്യത്തൊഴിലാളികളെ ബലിയാടാക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.
രൂപത പദ്ധതിയെ എതിര്‍ക്കുന്ന നയത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില് വിഴിഞ്ഞം ഇടവകയും ജമാഅത്തുകളും ശക്തമായി പ്രതികരിക്കുമെന്നും മുന്നറിയിപ്പ് നല്കി. വാര്‍ത്താസമ്മേളനത്തില്‍ വിഴിഞ്ഞം ഇടവക വികാരി ഫാദര്‍ വില്‍ഫ്രഡ്, സെക്രട്ടറി എ. ആന്റണി, ജമാഅത്ത് സെക്രട്ടറി എസ്.എം.എ. റഷീദ്, നിസാര്‍, ഫസല്‍ഖാന്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: