പാലക്കാട്: സിപിഎം നടത്തിയ പാതയോര സമരത്തില്‍ ജില്ലയിലെ ഒരുവിഭാഗം വിട്ടു നിന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ശ്രികൃഷ്ണപുരം, മുണ്ടൂര്‍, കടമ്പഴിപ്പുറം, കണ്ണാടി തുടങ്ങി തങ്ങളുടെ ശക്തി കേന്ദ്രമെന്ന് സിപിഎം അവകാശപ്പെടുന്നിടങ്ങളിലെല്ലാം ശക്തമായ തിരിച്ചടി നേരിടുന്നതിന്റെ ഭാഗമാണ് ഇന്നലെയും പുറത്തുവന്നത്.
കടമ്പഴിപ്പുറത്തെ വിമത വിഭാഗം പൂര്‍ണമായും സമരത്തില്‍ നിന്ന് വിട്ടുനിന്നു. തങ്ങള്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ക്ക് മാസങ്ങള്‍ കഴിഞ്ഞിട്ടും പരിഹാരം കാണാന്‍ ജില്ലാനേതൃത്വത്തിന് കഴിയാത്ത സാഹചര്യത്തില്‍ സമരപരിപാടികളില്‍ സഹകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ജില്ലാ നേതൃത്വവുമായി പിണങ്ങി നില്ക്കുന്നവര് എടുത്തത്.
ഏരിയാ കമ്മറ്റി അംഗമായിരുന്ന കെ. രാമചന്ദ്രനെ ഏരിയ കമ്മറ്റിയില്‍ നിന്ന് പുറത്താക്കിയതാണ് പരാതിക്കിടയാക്കിയത്. കമ്മറ്റിയില്‍ നിന്ന് പുറത്തായ പഞ്ചായത്ത് പ്രസിഡന്റ് കെ. രവീന്ദ്രനാഥ് രാജിവെക്കുകയും ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. സുധാകരന്റെ നേതൃത്വത്തില്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടന്നു. ബ്രാഞ്ച് അംഗങ്ങളെ വിളിച്ചുചേര്‍ത്ത് അവരുടെ മുന്നില്‍ പ്രശ്നങ്ങള്‍ അവതരിപ്പിച്ച് പരിഹാരം കാണാനായിരുന്നുവത്രെ ജില്ലാ നേതൃത്വം ധാരണയുണ്ടാക്കിയിരുന്നത്. എന്നാല്‍ ആഗസ്ത് നാലിന് നടന്ന ബ്രാഞ്ച് അംഗങ്ങളുടെ യോഗത്തില്‍ മറ്റുകാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും സംഘടനാ പ്രശ്നങ്ങള്‍ ഒറ്റ വരിയിലൊതുക്കുകയായിരുന്നു. ഇത് പിണങ്ങിനില്ക്കുന്നവരെ കൂടുതല്‍ അതൃപ്തരാക്കുകയായിരുന്നു.
വിമത വിഭാഗത്തിന് മേല്‍ക്കയ്യുള്ള ലോക്കല്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ ഇതില്‍ പ്രതിഷേധം രേഖപ്പെടുത്തിയതായും അറിയുന്നു. അതിനിടെ പിണങ്ങിനില്ക്കുന്നവരെ മാറ്റി നിര്‍ത്തി മറ്റ് ചിലരെ ഉപയോഗിച്ച് ജാഥ നടത്തിയെടുക്കാനുള്ള ശ്രമം ഇടക്ക് നടന്നതാണ് പ്രവര്‍ത്തകരെ കൂടുതല്‍ പ്രകോപിപ്പിച്ചത്. സമരപരിപാടികളില്‍ നിന്ന് വിട്ടുനിന്നെങ്കിലും ഇത് താത്കാലികമാണെന്നും പാര്‍ട്ടിക്കെതിരല്ലെന്നും വിമതര്‍ പറയുന്നു.
കടമ്പഴിപ്പുറത്തെ സിപിഎമ്മില്‍ പാര്‍ട്ടി സമ്മേളനക്കാലത്തുടലെടുത്ത വിഭാഗീയ പ്രശ്നങ്ങള്‍ മറ നീക്കി പുറത്തുവന്നതു പോലെ കണ്ണാടിയിലും വിഭാഗീയത രൂക്ഷമാവുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പഞ്ചായത്ത് നഷ്ടമായ ഭരണം തിരിച്ചു പിടിക്കാമെന്ന ഔദേ്യാഗിക വിഭാഗത്തിന്റെ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് വിമത സ്വരം.
കണ്ണാടിക്കൂട്ടം എന്ന പേരിലുള്ള കൂട്ടായ്മ രൂപികരിച്ച വിമതര്‍ വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്.സിപിഎം വിഭാഗീയത: പാതയോര
സമരത്തില്‍ ഒരുവിഭാഗം വിട്ടുനിന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: