കോഴിക്കോട്: വിവാദ നടപടികളുമായി ന്യൂനപക്ഷ കമ്മീഷന്. റവന്യൂ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് കമ്മീഷന് സിറ്റിംഗ് ഹാളിനു മുന്നില്‍ ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി. ആരാധനാലയങ്ങള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കലക്ടര്‍ക്കുള്ള അധികാരം എടുത്തുമാറ്റണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ എന്‍സിഎ. തസ്തികയിലേക്ക് അപേക്ഷിച്ചിട്ടും നിയമനം നല്‍കിയില്ലെന്ന പരാതിയില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് സര്‍വ്വകലാശാലയോട് വിശദമായ സത്യവാങ്മൂലം ആവശ്യപ്പെടുമെന്ന് ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് അഡ്വ.എം. വീരാന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് കലക്ടറേറ്റില്‍ നടന്ന ഫുള്‍ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാത്തിമ റഹിം താമരക്കുളം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ തീരുമാനം.
കള്‍ച്ചറല്‍ സെന്റര്‍ കെട്ടിടത്തില്‍വച്ച് പ്രാര്‍ത്ഥന നടത്തരുതെന്നും പ്രവര്‍ത്തനസമയം നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടതിനെതിരെ പോത്തഞ്ചേരിത്താഴം ഐഡിയല്‍ കള്‍ച്ചറല്‍ സെന്റര്‍ സെക്രട്ടറി സമര്‍പ്പിച്ച പരാതിയില്‍ കോഴിക്കോട് ആര്.ഡി.ഒയെയും വില്ലേജ് ഓഫീസറെയും വിസ്തരിക്കാന്‍ കമ്മീഷന് തീരുമാനിച്ചു. പുതിയറ സി.എസ്.ഐ. ചര്‍ച്ച് ശ്മശാനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച് സെക്രട്ടറി സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന് സര്‍വ്വെ സൂപ്രണ്ടിന് നോട്ടീസ് നല്കി. ചികിത്സ നിഷേധിച്ച ഡോക്ടര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് തിരുനിലാപറമ്പ് റാസിഖ് നല്കിയ പരാതിയില്‍ കമ്മീഷന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോ. ഷീല ഗോപകുമാര്‍, ഡോ. ഹരിദാസ് എന്നിവരില്‍ നിന്ന് വിശദീകരണം തേടി. ആശുപത്രിയില്‍ വന്ന് അക്രമം നടത്തിയതിനാല്‍ പരാതിക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നതായി മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അംഗന്‍വാടി അധ്യാപികയായി സ്ഥിരനിയമനം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കുമ്മങ്കോട് നബീസ സമര്‍പ്പിച്ച പരാതിയില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
26 കേസുകള്‍ പരിഗണിച്ചതില്‍ നാലെണ്ണം തീര്‍പ്പാക്കി.കമ്മീഷന് അംഗങ്ങളായ അഡ്വ.കെ.പി മറിയുമ്മ, അഡ്വ.വി.വി ജോഷി എന്നിവരും പങ്കെടുത്തു. അടുത്ത സിറ്റിംഗ് സെപ്റ്റമ്പര്‍ 15ന് നടക്കും.
ജീവനക്കാരോട് കമ്മീഷന് അപമര്യാദയായി പെരുമാറിയതിനെതിരെ ജീവനക്കാര്‍ സിറ്റിംഗ് നടന്ന ഹാളിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. വി.എം. രാജീവന്(എന്‍ജിഒ അസോസിയേഷന്), സജീവന് (ജോയന്റ് കൗണ്‍സില്‍), ഉദയന്‍ (ജോയിന്റ് യൂണിയന്) എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി. നിരവധി കമ്മീഷനുകള്‍ കലക്ടറേറ്റില്‍ സിറ്റിംഗ് നടത്താറുണ്ടെങ്കിലും വ്യക്തിപരമായി അധിക്ഷേപിക്കുന്ന സമീപനമാണ് ന്യൂനപക്ഷ കമ്മീഷന് വച്ചുപുലര്‍ത്തുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: