തിരുവനന്തപുരം: യാതൊരു ആശങ്കയ്ക്കുമിടം നല്‍കാതെ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കുന്നതിന് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിഴിഞ്ഞം കേരളത്തില്‍ അല്ലായിരുന്നെങ്കില്‍ 25 കൊല്ലം മുന്‍പേ യാഥാര്‍ത്ഥ്യമാകുമായിരുന്നു എന്നു സമ്മതിക്കാനും അദ്ദേഹം മറന്നില്ല. വിഴിഞ്ഞം തുറമുഖവും കേരള വികസനവും എന്ന സെമിനാര്‍ പ്രസ്ക്ലബ്ബില്‍ ഉദ്ഘാടനം ചെയതു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മള് പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന ലക്ഷ്യത്തിലേക്ക് അദാനിഗ്രൂപ്പ് ഉയരുമെന്ന് ഉറപ്പുണ്ട്. നമ്മള് കരുതിയതിനേക്കാള്‍ ഉയര്‍ന്ന കാഴ്ച്ചപ്പാടാണ് അദാനിഗ്രൂപ്പിനുള്ളത്. മത്സ്യത്തൊഴിലാളിമേഖലയിലുള്ളവര്ക്ക് ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം പദ്ധതിക്കുവേണ്ടി പുനരധിവസിപ്പിക്കുന്നതിന് 220 കോടി രൂപ ഉള്‍പ്പെടുത്തി. പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക വകുപ്പ് സംവിധാനം ഒരുക്കും. ദോഷകരമായി ബാധിക്കുന്നവര്‍ക്ക് സംരക്ഷണം നല്കാന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദേശമലയാളികളുടെ സ്വാധീനം മൂലം കേരളീയരുടെ മനസ് മാറിത്തുടങ്ങി. അതിനാല്‍ ഗ്യാസ് പൈപ്പ് ലൈനിന്റെ പ്രവര്‍ത്തനവും ഉടന്‍ തുടങ്ങാനാകുമെന്നും അദ്ദേഹം പറഞ്ഞു. 17 ന് കരാര്‍ ഒപ്പിടുന്ന പദ്ധതിയുടെ പണി നവംബര്‍ ഒന്നിന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മന്ത്രി കെ. ബാബു, മുന്‍മന്ത്രി വി. സുരേന്ദ്രന്‍പിള്ള, തുറമുഖവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ്വര്ഗീസ്, കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റര്‍ പി.പി. ജെയിംസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: