വിളപ്പില്‍ശാല: കരുവിലാഞ്ചിയില് വര്‍ഷങ്ങളായി നടന്നു വന്നിരുന്ന ചൂതാട്ടകേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ അഞ്ചുപേര്‍ പിടിയിലായി. വിളപ്പില്‍ശാല കരുവിലാഞ്ചി അണമുഖം സൗപര്‍ണ്ണികയില്‍ കട്ടയും പടവും വില്യം എന്നറിയപ്പെടുന്ന വില്യം(48)ആണ് ചൂതാട്ട കേന്ദ്രം നടത്തി വന്നിരുന്നത്. ഇടനിലക്കാരെ ഉപയോഗിച്ചാണ് ഗ്രാമീണ മേഖലയില്‍ നിന്നും, നഗരപ്രദേശങ്ങളില്‍ നിന്നും ചൂത് കളിക്ക് ആളുകളെ എത്തിച്ചിരുന്നത്. രാത്രി 8 നു ആരംഭിക്കുന്ന ചൂതാട്ടം വെളുപ്പിനു 5 വരെ നീളും. 500 മുതല്‍ 1000 രൂപ വരെ ഒരുകളിക്ക് കെട്ടുപണമായി മുടക്കി തുടങ്ങുന്ന ചൂതാട്ടത്തിലൂടെ പലര്‍ക്കും പതിനായിരങ്ങളാണ് നഷ്ടപ്പെടുന്നത്. നടത്തിപ്പുകാരന് ലക്ഷങ്ങള്‍ കൊയ്യുന്നതായി പോലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി വിളപ്പില്‍ശാല എസ്ഐ ഹേമന്ത്കുമാറിന്റെ നേതൃത്വത്തില്‍ ഒരു സംഘം പോലീസ് നടത്തിയ രഹസ്യനീക്കത്തെ തുടര്‍ന്നാണു ചൂതാട്ടക്കാര്‍ വലയിലായത്. ഓട്ടോറിക്ഷയില്‍ മഫ്ത്തിയില്‍ എത്തിയാണു പോലീസ് ചൂതാട്ട ഓപ്പറേഷന് നടത്തിയത്. നടത്തിപ്പുകാരന് ഉള്‍പ്പടെ മുഴുവന്‍ പ്രതികള്‍ക്കുമെതിരെ പോലീസ് കേരള ഗൈമിങ് ആക്റ്റ് അനുസരിച്ച് കേസെടുത്തിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് മൂന്ന് ഓട്ടോറിക്ഷകള്‍, മൂന്ന് ബൈക്കുകള്‍, കളിക്കളം ഒരുക്കുന്ന വലിയ മേശ, കളികോപ്പുകള്‍ തുടങ്ങിയവ പോലീസ് പിടിച്ചെടുത്തു.
റബ്ബര്‍ തോട്ടത്തിലെ വലിയ ഷെഡ്ഡില്‍ എമര്‍ജന്‍സി ലൈറ്റുകള്‍ സ്ഥാപിച്ച് നാട്ടുകാരെ ഭീഷണിപ്പെടുത്തി തുടര്‍ന്നുവന്ന ചൂതാട്ടമാണ് വിളപ്പില്‍ശാല പോലീസ് അവസാനിപ്പിച്ചത്. എസ്ഐ ഹേമന്ത്കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ ശശികുമാര്‍, സിപിഒമാരായ ഹരികുമാര്‍, ബിജു, മോനിരാജ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: