വീട്ടമ്മയായി മാത്രം ഒതുങ്ങാതെ പൊതുപ്രവര്‍ത്തനത്തിലും പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുന്നതിനായി ജീവിതം മാറ്റിവച്ച വ്യക്തിയാണ് വിമലാ മേനോന്. 70-ാം വയസിലും കര്‍മനിരതമായി സാംസ്കാരിക തലസ്ഥാനത്തിന്റെ തിലകക്കുറിയായി ഇവര്‍ മാറി. എറണാകുളം വടക്കന്‍ പറവൂരില്‍ ജനിച്ചുവളര്‍ന്ന് തിരുവനന്തപുരത്തിന്റെ സാംസ്കാരിക, സ്ത്രീ ശാക്തീകരണ,ശിശുക്ഷേമരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാനായത് അവരുടെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമാണ്. ഭര്‍ത്താവിന്റെ മരണശേഷം, കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകരചനയില്‍ മുഴുകിയതോടെ തന്റെ കര്‍മരംഗം കുട്ടികളുടെ ക്ഷേമത്തിനായി വിനിയോഗിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ തിരുവനന്തപുരത്തുള്ള ജവഹര്‍ ബാലഭവനില്‍ ഭാഷാപരിചയം അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. കുട്ടികളെ നന്നായി മലയാളം സംസാരിക്കാനും കവിത ചൊല്ലാനും എഴുതാനും പരിശീലിപ്പിക്കുകയായിരുന്നു ദൗത്യം. ഈ നിയോഗം തന്റെ ജീവിതത്തില്‍ വഴിത്തിരിവായെന്ന് വിമലാമേനോന് പറയുന്നു.
തുടര്‍ന്ന് 1996 ല്‍ അവിടെ പ്രിന്‍സിപ്പലായി ചുമതലയേറ്റു. അവിടെനിന്ന് വിരമിച്ചശേഷം 2000ല്‍ തിരുവനന്തപുരത്തെ വെങ്ങാനൂരില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള ബഡ്സ് സ്കൂളില്‍ പ്രിന്‍സിപ്പലായിരുന്നു. വെങ്ങാനൂര്‍ പഞ്ചായത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുക, അവരുടെ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഈ സ്കൂള്‍ ആരംഭിച്ചത്. അവിടെ അടിസ്ഥാന സൗകര്യമൊരുക്കുന്നതിലും മുഖ്യപങ്കുവഹിച്ചു.
ഈ കര്‍മ്മമേഖലയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭിന്നശേഷിയുള്ള കുട്ടികള്‍ക്കു പ്രയോജനപ്പെടുന്ന ഒരു പുസ്തകം രചിച്ചു. ഈ പുസ്തകം പിന്നീട് കുടുംബശ്രീയും യുനീസെഫും ചേര്‍ന്ന് ബാലാവാകാശ കമ്മീഷനുവേണ്ടി വിവര്‍ത്തനം ചെയ്തു. കൂടാതെ കുട്ടികളുടെ അഭിരുചിക്കനുസരിച്ച്് ചെറുകഥകളും നോവലുകളും വിവര്‍ത്തനകൃതികളും കവിതകളും അടങ്ങുന്ന 38 ല്‍ അധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2001 ല്‍ ചെഷയര്‍ഹോം തിരുവനന്തപുരം ചാപ്റ്ററിന്റെ സെക്രട്ടറിയായുള്ള സേവനം 14 വര്‍ഷമായി തുടരുകയാണ്. അവിടെ നടപ്പാക്കിയ കനല്‍പ്പോട് എന്ന പരീക്ഷണ നാടകം ഏറെ ശ്രദ്ധേയമായിരുന്നു.
ഈ തിരക്കുകള്‍ക്കിടയിലും തിരുവനന്തപുരത്തെ സാമൂഹ്യ സാംസ്കാരികരംഗത്ത് സജീവസാന്നിദ്ധ്യമായി തുടരുകയാണ്. സീനിയര്‍ സിറ്റിസണ്‍സ് അസോസിയേഷന്റെ പ്രസിഡന്റ്, ജവഹര്‍ ബാലഭവന്റെ ഭരണസമിതിഅംഗം, ഫിലിം സെന്‍സര്‍ബോര്‍ഡില്‍ അംഗം(നാലുതവണ), രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ഹ്യൂമന്‍ എത്തിക്സ് കമ്മിറ്റി അംഗം, കേരളാ ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി അംഗം, കേരള സര്‍ക്കാരിന്റെ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാനില്‍ ശിശുക്ഷേമത്തിനായുള്ള ജില്ലാ കൗണ്‍സില്‍ അംഗം, വനിതകള്‍ക്കായുള്ള കേരളത്തിലെ ഏക തീയേറ്റര്‍ ഗ്രൂപ്പായ നിരീക്ഷയുടെ രക്ഷാധികാരി ഇങ്ങനെ കര്‍മ്മമേഖല നീളുന്നു. ദൂരദര്‍ശനില്‍ ആറ്റുകാല്‍ പൊങ്കാലയുടെ ദൃക്സാക്ഷി വിവരണം ആദ്യമായി അവതരിപ്പിച്ചു. ആകാശവാണിയിലെ പ്രഭാതചിന്തയില്‍ പ്രഭാഷക, ദൂരദര്‍ശനിലെ കുടുംബശ്രീ റിയാലിറ്റി ഷോയുടെ ജഡ്ജിമാരില്‍ ഒരാളുമാണ്.
മികച്ച ബാലസാഹിത്യകൃതിക്കുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡ്, കൈരളി ബുക്ക്ട്രസ്റ്റ് അവാര്‍ഡ്, മന്ദാകിനി പറയുന്നു എന്ന പുസ്തകത്തിന് എസ്ബിടിയുടെ ബാലസാഹിത്യകൃതിക്കുള്ള അവാര്‍ഡ് എന്നിവ വിമലാമേനോനെ തേടിയെത്തിയ അംഗീകാരങ്ങളാണ്. സ്ത്രീസമത്വത്തിനുവേണ്ടി വാദിക്കുന്നവര്‍ പ്രത്യേക പരിഗണനയ്ക്കുവേണ്ടി വാദിക്കരുതെന്ന് ഇവര്‍ പറയുന്നു. ഇന്റീരിയര്‍ ഡിസൈനറായിരുന്ന യു.ജി. മേനോനാണ് ഭര്‍ത്താവ്. പത്രപ്രവര്‍ത്തകനായ ശ്യാം, എം.എസ്.സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷനില്‍ ഉദ്യോഗസ്ഥയായ യമുന എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: