തിരുവനന്തപുരം: 2014ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജയരാജ് സംവിധാനം ചെയ്ത ഒറ്റാലാണ് മികച്ച ചിത്രം. നിര്‍മാതാവിനും സംവിധായകനും രണ്ടുലക്ഷം രൂപവീതം ലഭിക്കും. മികച്ച നടനുള്ള അവാര്‍ഡ് നിവിന്‍പോളിയും (ബാംഗ്ലൂര്‍ ഡെയ്‌സ്, 1983), സുദേവ് നായരും (മൈ ലൈഫ് പാര്‍ട്ണര്‍) പങ്കിട്ടു.
സമ്മാനത്തുകയായ ഒരുലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും ഇരുവരും പങ്കിടും. നസ്രിയ നസീമാണ് (ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ്) മികച്ച നടി. ഒരുലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും നസ്രിയയ്‌ക്ക് ലഭിക്കും. മികച്ച സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ (ചിത്രം- ഒരാള്‍പ്പൊക്കം). രണ്ടുലക്ഷം രൂപയാണ് അവാര്‍ഡ് തുക. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
മികച്ച രണ്ടാമത്തെ ചിത്രമായി മൈ ലൈഫ് പാര്‍ട്ണര്‍ തെരഞ്ഞെടുക്കപ്പെട്ടു. ജനപ്രിയ ചിത്രം-ഓം ശാന്തി ഓശാന (സംവിധാനം- ജൂഡ് ആന്റണി ജോസഫ്), നവാഗത സംവിധായകന്‍-എബ്രിഡ് ഷൈന്‍ (1983), സ്വഭാവനടന്‍-അനൂപ് മേനോന്‍(ചിത്രം-1983, വിക്രമാദിത്യന്‍), സ്വഭാവനടി-സേതുലക്ഷ്മി (ഹൗ ഓള്‍ഡ് ആര്‍ യു), ബാലതാരം(ആണ്‍)-മാസ്റ്റര്‍ അദ്വൈത്(അങ്കൂരം), ബാലതാരം (പെണ്‍)- അന്ന ഫാത്തിമ (രണ്ടുപെണ്‍കുട്ടികള്‍), കഥാകൃത്ത്- സിദ്ധാര്‍ഥ് ശിവ (ഐന്‍), ഛായാഗ്രാഹകന്‍-അമല്‍ നീരദ് (ഇയ്യോബിന്റെ പുസ്തകം), തിരക്കഥാകൃത്ത്-അഞ്ജലിമേനോന്‍ (ബാംഗ്ലൂര്‍ ഡെയ്‌സ്), തിരക്കഥ-രഞ്ജിത് (ഞാന്‍), ഗാനരചയിതാവ്-ഒ.എസ്. ഉണ്ണിക്കൃഷ്ണന്‍(ല സാ ഗു), സംഗീതസംവിധായകന്‍-രമേശ് നാരായണന്‍ (വൈറ്റ് ബോയ്‌സ്), സംഗീതസംവിധായകന്‍ (പശ്ചാത്തല സംഗീതം)- ബിജിബാല്‍, പിന്നണി ഗായകന്‍- കെ.ജെ. യേശുദാസ് (വൈറ്റ് ബോയ്‌സ്), പിന്നണി ഗായിക-ശ്രേയാഘോഷാല്‍ (ഹൗ ഓള്‍ഡ് ആര്‍ യു).
ജൂറി ചെയര്‍മാന്‍ ജോണ്‍പോള്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ്‌നാഥ്, ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, രചനാവിഭാഗം ചെയര്‍മാന്‍ സതീഷ് ബാബു പയ്യന്നൂര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. 73 ചിത്രങ്ങളാണ് ജൂറി വിലയിരുത്തിയത്. സ്‌ക്രീനിംഗ് ഇന്നലെ പൂര്‍ത്തിയായി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പുരസ്‌കാര പ്രഖ്യാപനം ഇത്തവണ ഏറെ വൈകി. ജൂറിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് പുരസ്‌കാരപ്രഖ്യാപനം വൈകാന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: