കടമ്പഴിപ്പുറം: ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പൊതുശ്മശാനം പ്രാവര്‍ത്തികമാക്കുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ച് അട്ടിമറിക്കാന്‍ ശ്രമം. 40 വര്‍ഷം മുമ്പ് ഒരു സ്വകാര്യവ്യക്തി പഞ്ചായത്തിനു സൗജന്യമായി നല്കിയ ഒരേക്കര്‍ 17 സെന്റ് ഭൂമിയാണ് പൊതുശ്മശാനത്തിനായി കണ്ടെത്തിയത്. എന്നാല്‍ ഇതിനിടെ ഭൂമാഫിയകളുടെ താത്പര്യം സംരക്ഷിക്കാന്‍ നീക്കം നടക്കുകയാണ്. 2013ല്‍ സര്‍ക്കാര്‍ ആസ്തിവികസന ഫണ്ടില്‍ നിന്നും ശ്മശാന നവീകരണത്തിനായി ഒരുകോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ പഞ്ചായത്ത് ഭരണസമിതിയുടെയും അധികൃതരുടെയും കെടുകാര്യസ്ഥതമൂലം ഫണ്ട് നഷ്ടപ്പെടുകയായിരുന്നു.
പഞ്ചായത്ത് ഭരണസമിതിയുടെ അവഗണനക്കെതിരെ ശ്മശാന സംരക്ഷണ സമിതിയുടെയും, വിവിധസംഘടനകളുടെയും നേതൃത്വത്തില്‍ നിവേദനങ്ങളും പരാതികളും ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലൈയില്‍ സ്ഥലം എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരുകോടി രൂപ അനുവദിച്ചു. എംഎല്‍എയും ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഗ്യാസില്‍ പ്രവര്‍ത്തിക്കുന്ന പൊതുശ്മശാനം പ്രാവര്‍ത്തികമാക്കുമെന്ന് എംഎല്‍എ ഉറപ്പു നല്‍കിയിരുന്നു. ആഗസ്ത് ആദ്യവാരം പദ്ധതികള്‍ ആരംഭിക്കുമെന്ന് എംഎല്‍എയുടെ വാക്കും പാഴ് വാക്കായിരിക്കുകയാണ്.
1998നു മുമ്പുള്ള ശ്മശാനങ്ങളെല്ലാം രജിസ്്റ്റര്‍ ചെയ്തതായി കണക്കാക്കുമ്പോള്‍ ശ്മശാന നവീകരണത്തിന് നിയമം അനുസരിച്ചുള്ള ജില്ലാ കളക്ടറുടെ അനുമതി മാത്രമേ ആവശ്യമുള്ളു. എന്നാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അനുമതി ലഭിച്ചിട്ടില്ലെന്ന കാരണം പറഞ്ഞ് ഒഴിയുകയാണ് അധികൃതര്‍. ശ്മശാന സംരക്ഷണ സമിതി പ്രസിഡന്റ് യു.ഹരിദാസന് വൈദ്യര്‍ക്ക് വിവരാവകാശ നിയപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പുതിയ ശ്മശാനം തുടങ്ങുന്നതു ജന നിബിഡമായ പ്രദേശത്താണെന്നു കാണിച്ച് ജില്ലാകളക്ടറെയും, മെഡിക്കല്‍ ഓഫീസറെയും തെറ്റിദ്ധരിപ്പിച്ച് ഇല്ലാത്ത സാങ്കേതിക തടസ്സങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഇത് ശ്മശാന ഭൂമിയാണെന്ന് 40 വര്‍ഷമായി പഞ്ചായത്ത് രേഖകളില്‍ ഉണ്ട്്.
ഇത്തരത്തില്‍ കെട്ടിചമച്ച സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ച് കോടികള്‍ വിലമതിക്കുന്ന ശ്മശാനഭൂമി അട്ടിമറിക്കാന്‍ ഭൂമാഫിയകളും ചില അധികൃതരും ശ്രമിക്കുകയാണെന്ന് ശ്മശാന സംരക്ഷണ സമിതിയോഗം ആരോപിച്ചു. ഇത് ജനങ്ങളോടുള്ള അനീതിയും വഞ്ചനയുമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. യു.ഹരിദാസന് വൈദ്യര് അധ്യക്ഷതവഹിച്ചു. വി.സുബ്രഹ്മണ്യന്, പി.കൃഷ്ണന്‍കുട്ടി, വിശ്വനാഥന്, എം.ജെ.തോമസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: