തിരുവനന്തപുരം: സംസ്ഥാന സിനിമാ അവാര്‍ഡ് ഇന്ന് പ്രഖ്യാപിക്കും. അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാദമിയില്‍ ഉണ്ടായ ഭിന്നതയുടെ പശ്ചാത്തലത്തില്‍ ആര്‍ക്ക് അവാര്‍ഡ് നല്കിയാലും അത് വിവാദമാകും.
ഛായാഗ്രാഹകനായ വേണുവിനായിരിക്കും മികച്ച സംവിധായകനുള്ള അവാര്‍ഡ്. വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് മികച്ച സിനിമയായും തെരഞ്ഞെടുക്കപ്പെട്ടേക്കാം. ഇടതുചിന്താഗതിക്കാരനായ വേണുവിന് അവാര്‍ഡു നല്‍കുന്നതിലൂടെ വിമര്‍ശനത്തെ തടുക്കാനാകുമെന്ന ചിന്തയും ഇതിനു പിന്നിലുണ്ട്. സര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് അക്കാദമി അംഗത്വം ഉപേക്ഷിച്ച ബീനാപോളിന്റെ ഭര്‍ത്താവാണ് വേണു. സമഗ്രസംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേല്‍ പുരസ്കാരം കെ.ജി. ജോര്‍ജിന് നല്‍കാനാണ് നീക്കം. മുതിര്‍ന്ന സിനിമാ പ്രവര്‍ത്തകരായ ആര്.എസ്. പ്രഭു, പി.കെ. നായര്‍, എം.ഒ. ജോസഫ് എന്നിവരുടെ പേരുകളായിരുന്നു സജീവ പരിഗണനയിലുണ്ടായിരുന്നത്. ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് ജോര്‍ജിനെ തെരഞ്ഞെടുക്കുന്നത്.
ജൂറി രൂപീകരണത്തിലും തുടര്‍ന്ന് സിനിമാ തെരഞ്ഞെടുപ്പിലും ലാഘവത്വവും പുറമെ നിന്നുള്ള ഇടപെടലും തുടക്കത്തിലേ വിവാദമായിരുന്നു. മണിരത്നം, ഹരിഹരന്, കെ.എസ്. സേതുമാധവന് തുടങ്ങിയവരുടെ പേരുകളാണ് ജൂറി ചെയര്മാന് സ്ഥാനത്തേക്ക് ചലച്ചിത്ര അക്കാദമി നിര്‍ദേശിച്ചത്. നിര്‍ദേശങ്ങളെ അവഗണിച്ച് സിനിമാവകുപ്പ് തിരക്കഥാകൃത്ത് ജോണ്‍പോളിനെ ചെയര്‍മാനായി തീരുമാനിക്കുകയായിരുന്നു. സംവിധായകരായ ഭദ്രന് മട്ടേല്‍, ബാലുകിരിയത്ത്, എഡിറ്റര്‍ ജി. മുരളി, സൗണ്ട് റിക്കോര്‍ഡിസ്റ്റ് രഞ്ജിത്, ക്യാമറാമാന് സണ്ണി ജോസഫ്, സംഗീതജ്ഞ പ്രൊഫ. ഓമനക്കുട്ടി, നിര്‍മാതാവ് എം.എം. ഹംസ എന്നിവരാണ് അംഗങ്ങള്‍.
വഴിവിട്ടമാര്ഗത്തില് അക്കാദമിയില്‍ അംഗത്വം ലഭിച്ച യുവതിയുടെ ഇടപെടലിനെതിരെ തുടക്കത്തിലേ പരാതിയുണ്ടായിരുന്നു. താന്‍ പറഞ്ഞവരാണ് ജൂറിയിലെന്നും തനിക്ക് താത്പര്യമുള്ളവര്ക്കായിരിക്കും അവാര്‍ഡെന്നും ഇവര്‍ പരസ്യമായി പറഞ്ഞത് പരാതിയായി വകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ശ്രദ്ധയിലും പെടുത്തിയിരുന്നു. ഇടതുപക്ഷ ആഭിമുഖ്യമുള്ളവരെ ജൂറിയില്‍ കുത്തിനിറച്ചതിനു പിന്നില്‍ ഈ യുവതിയെന്നാണ് പ്രധാനആരോപണം. മുന്‍ സാംസ്കാരികമന്ത്രിയുടെ അടുപ്പക്കാരിയായ അവരെ അക്കാദമിയില്‍ അംഗമാക്കിയതിനെതിരെ കോണ്‍ഗ്രസിലും എതിര്‍പ്പുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേകതാത്പര്യപ്രകാരം നിയമനം നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: