തൊടുപുഴ : മൂലമറ്റത്തെ ഉള്‍ഗ്രാമങ്ങളില്‍ അപരിചിതന് ആക്രമകാരിയാകുന്നു. പ്രദേശത്തെ ജനങ്ങള്‍ ഭീതിയില്‍. മൂലമറ്റത്തെ എടാട് – തെക്കുംഭാഗം, പതിപ്പിള്ളി തുടങ്ങിയ ഒറ്റപ്പെട്ട പ്രദേശങ്ങളിലാണ് മുഖംമൂടി ധരിച്ച അപരിചിതനെ കണ്ടതായി ആളുകള്‍ പറയുന്നത്. ഇയാളുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഒറ്റപ്പെട്ടതും ജനസാന്ദ്രത കുറഞ്ഞതുമായ പ്രദേശങ്ങളാണിവ. കൂടുതലും മല അരയ സമുദായത്തില്‍പ്പെട്ടവരാണ് ഇവിടെ പാര്‍ക്കുന്നത്. സമീപത്തായി വീടുകള്‍ ഇല്ലാത്തതും വൈദ്യുതി മുടക്കവും ജനങ്ങളെ കൂടുതല്‍ വലയ്ക്കുന്നു. രാത്രികാലങ്ങളില്‍ വീടിന് വെളിയില്‍ ഇറങ്ങുവാന്‍ ഭയക്കുകയാണ് പ്രദേശവാസികള്‍. ആക്രമണം ഉണ്ടായത് പകലാണെന്നതും ഇവരുടെ ഭയം വര്‍ദ്ധിപ്പിക്കുന്നു. അപരിചിതന്റെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ പറയുന്നത് പിറകില്‍ നിന്നുള്ള ആക്രമണത്തില്‍ ആളെ തിരിച്ചറിയാന്‍ കഴിയാതെ വരുന്നതായും ആക്രമി ഞൊടിയിടയില്‍ കാടുകളില്‍ മറയുന്നുവെന്നുമാണ്. മോഷണ ശ്രമത്തിനിടെയാണ് ഇത്തരം ആക്രമണങ്ങളെന്നാണ് ഒരു കൂട്ടര് പറയുന്നത്. ആക്രമിയുടെ പക്കല്‍ നിന്നും വീണുകിട്ടിയ മുളകുപൊടി ഇതിന് തെളിവായും പരിക്കേറ്റവര്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ പതിപ്പിള്ളിയിലെ ഒരു വീട്ടമ്മ പട്ടി കുരയ്ക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍ ഒരു ആള്‍രൂപം കണ്ടതായും പറയുന്നു. ഒറ്റപ്പെട്ടതും സ്ത്രീകള്‍ തനിച്ച് താമസിക്കുന്നതുമായ വീടുകളില്‍ മഴക്കാലങ്ങളില്‍ ഈ മേഖലകളില്‍ മോഷണശ്രമങ്ങള്‍ നിത്യസംഭവമാണ്. ചെറിയ മോഷണങ്ങളായതിനാല്‍ ആരും പരാതിപ്പെടാറില്ല എന്നതാണ് വാസ്തവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: