കൊച്ചി: ഹുറണ്‍ റിപ്പോര്‍ട്ട് ഗ്ലോബല്‍ റിച്ച് ലിസ്റ്റിന്റെ നേതൃത്വത്തില്‍ കൊച്ചിയിലെ ലുലു മാരിയറ്റ് ഹോട്ടലില്‍. ഓഗസ്റ്റ് 10നാണ് പരിപാടി. സാമ്പത്തികമായി മുന്‍നിരയില്‍ നില്ക്കുന്ന വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ദിനംപ്രതിയെന്നോണം പുതുക്കുകയും ചെയ്യുന്ന ആഡംബര പ്രസാധകരാണ് ഷാംങ്ഗായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹുറണ്‍ റിപ്പോര്‍ട്ട്. ‘109 – ദ ജേണി’ എന്ന പേരിലാണ് കൊച്ചിയില്‍ ശതകോടീശ്വരന്മാര് അണിനിരക്കുക. അമേരിക്കന്‍ ഡോളറില്‍ ശതകോടി (ബില്യണ്‍) ആസ്തി നേടാന്‍ ഒന്നിനുശേഷം ഒന്‍പത് ദശാംശസ്ഥാനങ്ങള്‍ വേണമെന്നത് സൂചിപ്പിക്കാനാണ് 109.
കേരളത്തില്‍ ഏറ്റവും സ്വാധീനമുള്ള നൂറു വ്യക്തികളാണ് ‘ദ ജേണി’യില്‍ പങ്കെടുക്കുക. ലുലു ഗ്രൂപ്പിന്റെ എം.എ. യൂസഫ് അലി, വി-ഗാര്‍ഡിന്റെ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, കുമരകം ലേക്ക് റിസോര്‍ട്ട്, ജോണ്‍ ഡിസ്റ്റിലറീസ് എന്നിവയുടെ ഉടമ പോള്‍ ജോണ്‍, ശോഭ ബില്‍ഡേഴ്സിന്റെ പി.എന്‍.സി. മേനോന്, കല്യാണ്‍ ജൂവലേഴ്സിന്റെ ടി.എസ്. കല്യാണരാമന്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ ഡോ. ആസാദ് മൂപ്പന്, സിന്തൈറ്റിന്റെ സി.വി. ജേക്കബ്, ജോയ് ആലുക്കാസ്, ഹുറണ്‍ റിപ്പോര്‍ട്ട് ഗ്ലോബല്‍ ചെയര്മാന് റൂപര്‍ട്ട് ഹൂഗ് വെര്‍ഫ്, ഹുറണ്‍ റിപ്പോര്‍ട്ട് ഇന്ത്യയുടെ തലവന്‍ അനസ് റഹ്മാന് ജുനൈദ് തുടങ്ങിയവരാണ് കൊച്ചിയിലെ പരിപാടിയില്‍ പങ്കെടുക്കുന്ന പ്രമുഖര്‍. ആഡംബരവിപണിയില് സാന്നിധ്യം ഉറപ്പിക്കാന്‍ ലക്ഷ്യമിടുന്ന പ്രമുഖ ആഗോള ബ്രാന്‍ഡുകളും പങ്കെടുക്കും.
കേരളത്തില്‍ ഇത്തരത്തില്‍ ഇതുവരെ സംഘടിപ്പിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ ആഗോള സമ്മേളനമാണിതെന്ന് അനസ് റഹ്മാന് ജുനൈദ് പറഞ്ഞു. വരുംവര്‍ഷങ്ങളില്‍ ഇത്തരം സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. കേരളത്തില്‍ നേരിട്ടുള്ള വിദേശനിക്ഷേപം നേടാന്‍ പ്രേരണയാകുന്ന വിധം ചൈനയില്‍നിന്നുള്ള ശതകോടീശ്വരന്മാരെയും നിക്ഷേപകരേയും കൊച്ചിയിലേക്ക് ക്ഷണിക്കുമെന്ന് അനസ് പറഞ്ഞു.
ഇന്ത്യയിലെ സമ്പന്നന്മാരുടെ പട്ടികയില്‍ ഇടംനേടിയവര്‍ക്ക് ഹുറണ്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. അവരുടെ നേട്ടങ്ങള്‍ ആഗോളസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമാണിത്. സംരംഭകരംഗത്തെ മികച്ച പ്രകടനം വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കുക. ചൈനയില്‍ സംരംഭകരംഗത്തെ ഏറ്റവും മികച്ച അംഗീകാരമായാണ് ഹുറണ്‍ റിപ്പോര്‍ട്ട് അവാര്‍ഡ് കണക്കാക്കുന്നത്.
ഇന്ത്യയില്‍, മുംബൈക്കു ശേഷം ഹുറണ്‍ സംഘടിപ്പിക്കുന്ന ആഗോള ബിസിനസ് സമ്മേളനമാണ് കൊച്ചിയിലേത്. ചൈനയില്‍ ഇത്തരം 52 സമ്മേളനങ്ങളാണ് ഹുറണ്‍ ഒരു വര്‍ഷം സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ ഇത്തരം അഞ്ചു സമ്മേളനങ്ങള്‍ സംഘടിപ്പിക്കാനാണ് ഹുറണ്‍ ലക്ഷ്യമിടുന്നത്. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ പരിപാടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: